palakkad local

മദ്യം വിതരണം ചെയ്ത് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചാല്‍ കേസെടുക്കും: ജില്ലാകലക്ടര്‍

പാലക്കാട്: വോട്ടെടുപ്പിനെ സ്വാധീനിക്കാന്‍ വേണ്ടി വോട്ടര്‍മാര്‍ക്ക് മദ്യം വിതരണം ചെയ്താല്‍ തിരഞ്ഞെടുപ്പ് നിയമ പ്രകാരം കേസെടുക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി മുന്നറിയിപ്പ് നല്‍കി.
ആദിവാസി കോളനികളില്‍ മദ്യം വിതരണം ചെയ്താല്‍ പട്ടികവിഭാഗക്കാര്‍ക്കെതിരായ അതിക്രമം തടയല്‍ നിയമം കൂടി ഉള്‍പ്പെടുത്തിയാകും കേസെടുക്കുക. സംസ്ഥാനത്ത് വ്യാജ മദ്യദുരന്തത്തിന് സാധ്യതയുണ്ടെന്ന ഇന്റലിജെന്‍സ് റിപോര്‍ട്ടുള്ള സാഹചര്യത്തില്‍ ജില്ലയിലെ വ്യാജ മദ്യ നിര്‍മാണം, അനധികൃത മദ്യ വില്‍പ്പന എന്നിവയെക്കുറിച്ച് വിവരം ലഭിച്ചാല്‍ ജില്ലാ കലക്ടറെയാ, ജില്ലാ പോലിസ് മേധാവിയേയോ നേരിട്ട് അറിയിക്കണം.
പ്രകൃതിഭംഗി നശിപ്പിക്കുന്ന വിധത്തില്‍ തിരഞ്ഞെടുപ്പ് ദുരുപയോഗിക്കരുതെന്നും കലക്ടര്‍ അറിയിച്ചു. മരങ്ങളില്‍ ആണിയടിക്കുക. റോഡില്‍ തെരഞ്ഞെടുപ്പ് ചിഹ്നങ്ങളും വോട്ടഭ്യര്‍ഥനയും എഴുതി ഗതാഗതത്തിന് തടസ്സമുണ്ടാക്കുക എന്നിവ ചെയ്യരുത്. അച്ചടി, ഇലക്‌ട്രോണിക് മാധ്യമങ്ങളിലെ പെയ്ഡ് ന്യൂസ് പ്രവണതയ്ക്ക് തടയിടാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശ പ്രകാരം രൂപവത്കരിച്ച എംസിഎംസി കമ്മിറ്റി കര്‍ശന നിരീക്ഷണം നടത്തുന്നുണ്ട്.
സോഷ്യല്‍ മീഡിയ ഉള്‍പ്പെടെ ഇലക്‌ട്രോണിക് മാധ്യമങ്ങളില്‍ പരസ്യം ചെയ്യുന്നതിനും ബള്‍ക്ക് എസ്എംഎസ് അയക്കാനും എംസിഎംസിയുടെ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാണ്. പ്രിന്ററുടെയും പബ്ലിഷറുടെയും പേരില്ലല്ലാതെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള പോസ്റ്ററുകള്‍, ലഘു ലേഖകള്‍ എന്നിവ അച്ചടിച്ചതായി പരാതി ലഭിച്ചാല്‍ 1951 ലെ ജന പ്രാതിനിധ്യ നിയമത്തിലെ 127എ വകുപ്പ് പ്രകാരം നടപടി എടുക്കുമെന്നും കലക്ടര്‍ അറിയിച്ചു. ബിഎല്‍ഒമാര്‍ രാഷ്ട്രീയപ്രചാരണം നടത്തുന്നതായി തെളിവു സഹിതം പരാതി നല്‍കിയാല്‍ കര്‍ശനമായ അച്ചടക്ക നടപടി ഉണ്ടാകും.
ഇത്തവണ വോട്ടിങ് യന്ത്രത്തില്‍ സ്ഥാനാര്‍ഥികളുടെ ഫോട്ടോ കൂടി ഉണ്ടാകും. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ എതിരാളികളെ വിമര്‍ശിക്കുന്നത് ഏതെങ്കിലും ജാതിയുടെയോ സമുദായത്തിന്റെയോ വികാരങ്ങള്‍ വ്രണപ്പെടുത്തുന്നവ ഒഴിവാക്കണമെന്നും അറിയിപ്പില്‍ പറയുന്നു. ആരാധനാലയങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കരുതെന്നും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.
Next Story

RELATED STORIES

Share it