മദ്യം കൈവശംവയ്ക്കല്‍: ബിഹാര്‍: മനോരമദേവി കീഴടങ്ങി

ഗയ: ഒളിവിലായിരുന്ന ബിഹാര്‍ നിയമസഭാംഗം മനോരമദേവി കോടതിയില്‍ കീഴടങ്ങി. വീട്ടില്‍ നിന്ന് മദ്യം കണ്ടെടുത്ത കേസില്‍ ഇവര്‍ക്കെതിരേ പോലിസ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇന്നലെ രാവിലെ കോടതിയില്‍ ഹാജരായ മനോരമയെ അഡീഷനല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
തന്റെ കാറിനെ മറികടന്നതിന് ഇവരുടെ മകന്‍ റോക്കി യാദവ് വെടിവച്ചതിനെത്തുടര്‍ന്ന് 12ാം ക്ലാസ് വിദ്യാര്‍ഥി ആദിത്യ സച്‌ദേവ കൊല്ലപ്പെട്ടിരുന്നു. റോക്കി യാദവിനുവേണ്ടി പോലിസ് നടത്തിയ തിരച്ചിലിലാണു മനോരമദേവിയുടെ വീട്ടില്‍ നിന്ന് പോലിസ് മദ്യം പിടിച്ചെടുത്തത്. വധക്കേസില്‍ റോക്കി യാദവിനെയും പിതാവിനെയും പോലിസ് അറസ്റ്റ് ചെയ്തിരുന്നു. മദ്യം പിടിച്ചെടുത്തതിനെത്തുടര്‍ന്ന് മനോരമയെ കഴിഞ്ഞയാഴ്ച ജെഡിയുവില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ മദ്യം കണ്ടെടുത്ത സംഭവത്തില്‍ താന്‍ നിരപരാധിയാണെന്നും പോലിസ് മനപ്പൂര്‍വ്വം കേസില്‍ കുടുക്കുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു.
മനോരമദേവിയുടെ ആരോഗ്യം മോശമാണെന്നും ജയിലില്‍ ചികില്‍സാസൗകര്യം ഏര്‍പ്പെടുത്തണമെന്നുമുള്ള അവരുടെ അഭിഭാഷകന്റെ അപേക്ഷ കോടതി സ്വീകരിച്ചു. വിദ്യാര്‍ഥി വധം സംസ്ഥാനത്ത് വന്‍ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരുന്നു.
Next Story

RELATED STORIES

Share it