kannur local

മദ്യംകിട്ടാതെ മരിച്ച തടവുകാരന്റെ കുടുംബത്തിന് ലക്ഷം രൂപ നല്‍കാന്‍ ഉത്തരവ്

കണ്ണുര്‍: മദ്യം ലഭിക്കാതെ മരണപ്പെട്ട തടവുകാരന്റെ കുടുംബത്തിന് ജയില്‍ വകുപ്പ് ഒരു ലക്ഷം രൂപ ധനസഹായം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്. തളിപ്പറമ്പ് ആലക്കോട് കുഞ്ഞിരാമന്റെ മകന്‍ അനീഷാ(26)ണു കണ്ണൂര്‍ സബ്ജയിലില്‍ തടവുകാരനായിരിക്കെ മരണപ്പെട്ടത്.
മരണകാരണം ആല്‍ക്കഹോളിക് വിത്‌ഡ്രോവല്‍ സിന്‍ഡ്രോമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ വ്യക്തമായിരുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജയില്‍ ആശുപത്രികളില്‍ മതിയായ ആധുനിക ഡീ-അഡിക്ഷന്‍ സെന്റര്‍ സജീകരിക്കണമെന്നും കമ്മീഷന്‍ ജയില്‍ വകുപ്പിന് നിര്‍ദേശം നല്‍കി. മദ്യം കിട്ടാതെ തടവുകാര്‍ നരകയാതനയിലൂടെ മരിക്കുന്ന സാഹചര്യം കേരളത്തില്‍ വര്‍ധിച്ചുവരികയാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനംഗം കെ മോഹന്‍കുമാര്‍ ഉത്തരവില്‍ വ്യക്തമാക്കി.
ലഹരിക്ക് അടിമപ്പെട്ടവര്‍ പ്രത്യേക സാഹചര്യത്തില്‍ പോലിസ് പിടിയിലാവുമ്പോള്‍ മദ്യം കിട്ടാതെ ജയിലില്‍ മരിക്കുന്നത് ഒഴിവാക്കണം. ഇവര്‍ക്ക് ചികില്‍സ നല്‍കാന്‍ ജയിലധികൃതര്‍ക്ക് ബാധ്യതയുണ്ടെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി. അനീഷിന്റെ കുടുംബത്തിന് രണ്ടുമാസത്തിനകം ഒരു ലക്ഷം രൂപ നല്‍കണം. ഉത്തരവ് ജയില്‍ വകുപ്പ് സെക്രട്ടറി, ജയില്‍ ഡിജിപി, കണ്ണൂര്‍ സബ്ജയില്‍ സൂപ്രണ്ട് എന്നിവര്‍ക്ക് കൈമാറി.
Next Story

RELATED STORIES

Share it