Articles

മദമല്ല മതം, മാനവികതയാണ്

പി  എ  എം  ഹാരിസ്
ഭാഷ, വേഷം, ഭക്ഷണം തുടങ്ങി വൈവിധ്യങ്ങളുടെ പേരില്‍ ഇന്ത്യയില്‍ നിന്നു വര്‍ഗീയതയും അസഹിഷ്ണുതയും നിറഞ്ഞ വാര്‍ത്തകള്‍ മാത്രം കേട്ടു മരവിച്ച മനസ്സുകളിലേക്ക് കുളിരു പകരുന്ന വാര്‍ത്തകള്‍ എത്തുന്നു. പശുവിന്റെ പേരിലും ദൈവങ്ങളുടെ പേരിലും ചോരപ്പുഴ ഒഴുക്കുന്ന നാളുകളില്‍ ജീവിതത്തെക്കുറിച്ച എല്ലാ പ്രതീക്ഷകളും അറ്റുപോകുമെന്നു കരുതുന്നവര്‍ക്കു തെറ്റി. കഴിഞ്ഞ ഏതാനും നാളുകളായി ഇന്ത്യാ രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്നു വന്ന വാര്‍ത്തകള്‍ മതവും മതവിശ്വാസവും മദമല്ല, മാനവികതയാണ് പഠിപ്പിക്കുന്നതെന്ന വസ്തുത അരക്കിട്ടുറപ്പിക്കുന്നു.
കനലെരിയുന്ന അയോധ്യയ്ക്കു സമീപത്തു നിന്നാണ് ഒരു വാര്‍ത്ത. കബീറിന്റെ മണ്ണില്‍ മസ്ജിദിലേക്ക് സുഗമമായി എത്തുന്നതിനു ഹൈന്ദവര്‍ വഴിയൊരുക്കുന്നു. പഞ്ചാബിലെ സിഖ് ഭൂരിപക്ഷ മേഖലയായ മൂമില്‍ ബ്രാഹ്മണര്‍ വിട്ടുനല്‍കിയ ഭൂമിയില്‍ സിഖ് സഹോദരങ്ങളുടെ സാമ്പത്തിക സഹായത്തോടെ മുസ്‌ലിം പള്ളി ഉയരുന്നു. ഇങ്ങ് കേരളത്തിലെ മുസ്‌ലിം ഭൂരിപക്ഷ ജില്ലയായ മലപ്പുറത്തു നിന്നും അതിന്റെ തുടര്‍ചലനങ്ങള്‍ കാണുന്നു.
ഉത്തര്‍പ്രദേശിന്റെ കിഴക്കന്‍ മേഖലയിലെ സന്ത് കബീര്‍ ജില്ലയില്‍ ബാബരി മസ്ജിദ്-രാമജന്മഭൂമി തര്‍ക്കം നടക്കുന്ന അയോധ്യയില്‍ നിന്ന് 150 കിലോമീറ്റര്‍ മാത്രം അകലെയുള്ള ചെറു ഗ്രാമമായ തവായ്പറില്‍ ഏതാണ്ട് സെംരിയവാന്‍ ബ്ലോക്കില്‍ 20 വര്‍ഷമായി മുസ്‌ലിംകള്‍ക്കു പള്ളിയിലേക്കു വഴിയില്ലായിരുന്നു. ചളിവെള്ളം കെട്ടിനില്‍ക്കുന്ന ഇടുങ്ങിയ വഴി മാത്രമായിരുന്നു ആശ്രയം. സാമുദായിക സൗഹാര്‍ദത്തിന്റെയും സമാധാനപരമായ സഹവര്‍ത്തിത്വത്തിന്റെയും അതുല്യ മാതൃക സൃഷ്ടിച്ച് ഹൈന്ദവ സഹോദരങ്ങള്‍ മുസ്‌ലിംകള്‍ക്കു മസ്ജിദിലേക്ക് പ്രാര്‍ഥനയ്ക്ക് എത്തുന്നതിനു ഭൂമി നല്‍കി സൗകര്യമൊരുക്കി.
ഗ്രാമമുഖ്യനായിരുന്ന ഇന്‍സാന്‍ അലിയുടെ ഭൂമിയില്‍ 1963ലാണ് മസ്ജിദ് പണിതത്. പരിസരത്തെ വിവിധ ആളുകളുടെ സ്ഥലങ്ങള്‍ ഒഴിഞ്ഞുകിടന്നിരുന്നു. അതുവഴിയാണ് ഏതാണ്ട് മൂന്നു ദശകക്കാലം മുസ്‌ലിംകള്‍ പള്ളിയിലേക്ക് എത്തിയിരുന്നതെന്ന് മുനവ്വര്‍ ഹുസയ്ന്‍ എന്ന അധ്യാപകന്‍ പറയുന്നു. എന്നാല്‍, ഗ്രാമത്തില്‍ ജനസംഖ്യ വര്‍ധിച്ചതോടെ വിവിധ പ്ലോട്ടുകളുടെ ഉടമകള്‍ മതില്‍ കെട്ടി വീടുകള്‍ പണിതു. അതോടെ മസ്ജിദിലേക്കു നല്ല വഴിയില്ലാതായി. മുസ്‌ലിംകള്‍ ഏതാണ്ട് 20 വര്‍ഷമായി ഈ പ്രശ്‌നം നേരിടുകയായിരുന്നു. എന്നാല്‍, ഇതേച്ചൊല്ലി ഹൈന്ദവരുമായി യാതൊരു പ്രശ്‌നവും ഉണ്ടായിരുന്നില്ല. എന്നാല്‍, നിലനിന്ന പ്രശ്‌നം പരിഹരിക്കാനും പള്ളിയിലേക്കു സൗകര്യപ്രദമായ വഴി ലഭിക്കുന്നതിനും ഗ്രാമപ്രധാന്‍ ഊര്‍മിളാ ദേവിയാണ് ശ്രമം നടത്തിയത്.
ഊര്‍മിളാ ദേവിയും മുന്‍ ഗ്രാമപ്രധാന്‍ ബ്രിജേഷ് സിങും നടത്തിയ ശ്രമങ്ങള്‍ വിജയം കണ്ടു. നാലു ഹൈന്ദവരാണ് സ്ഥലം നല്‍കിയത്. ഈ നടപടി ഹിന്ദു-മുസ്‌ലിം ഐക്യവും സാഹോദര്യവും ശക്തമാക്കുമെന്നും സമൂഹത്തിന് മതസഹിഷ്ണുതയുടെ മാതൃകയാകുമെന്നും നഖ്ചന്ദ്ര് സിങ് പ്രതീക്ഷ പ്രകടിപ്പിക്കുന്നു.
മാനവമൈത്രിയുടെ സന്ദേശവുമായി അടുത്ത വാര്‍ത്ത വരുന്നത് പഞ്ചാബില്‍ ലുധിയാനയ്ക്ക് സമീപമുള്ള ഒരു ഗ്രാമത്തില്‍ നിന്നാണ്. ബ്രാഹ്മണര്‍ വിട്ടുനല്‍കിയ ഭൂമിയില്‍ മുസ്‌ലിംകളുടെ പള്ളി പുനരുദ്ധരിക്കുന്നതിന് സഹായമാണ് സിഖുകാരും ഹൈന്ദവരും അടങ്ങിയ ഗ്രാമീണര്‍ നല്‍കുന്നത്. ബര്‍ണാല ജില്ലയിലെ മൂം ഗ്രാമം ഏതാണ്ട് 300 വര്‍ഷം പഴക്കമുള്ളതാണ്. നാലായിരത്തോളം ഗ്രാമവാസികളില്‍ ബഹുഭൂരിപക്ഷവും സിഖുകാരാണ്. ഹൈന്ദവരും മുസ്‌ലിംകളും ഏതാണ്ട് നാനൂറോളം വീതം മാത്രം.
ഗ്രാമത്തിലെ പുരാതന മുസ്‌ലിം പള്ളി വിഭജനകാലത്ത് തകര്‍ന്നിരുന്നു. ഗ്രാമത്തിലെ മുസ്‌ലിംകള്‍ ഇതുവരെ നമസ്‌കരിച്ചിരുന്നത് സമീപത്തെ ബാബാ മുഅ്മിന്‍ ഷാ ദര്‍ഗയിലെ രണ്ടു മുറികളിലായിരുന്നു. ഗ്രാമത്തിലെ പണ്ഡിറ്റ് സഹോദരനാണ് പള്ളി നിര്‍മാണത്തിനുള്ള സ്ഥലം സംഭാവനയായി നല്‍കിയത്. പള്ളി നിര്‍മാണം തുടങ്ങിയതോടെ ഗ്രാമീണര്‍ സഹായങ്ങളുമായി എത്തി.
മുസ്‌ലിംകള്‍ക്ക് പള്ളി പണിയുന്നതിനു ഭൂമി വിട്ടുനല്‍കിയതിലൂടെ തന്റെ സമുദായം അതിന്റെ കടമയാണ് നിര്‍വഹിച്ചതെന്ന് ഗ്രാമവാസിയും ആയുര്‍വേദ വൈദ്യനുമായ പണ്ഡിറ്റ് പുരുഷോത്തം ലാല്‍ പറയുന്നു. പള്ളിയുടെ അധികം ദൂരത്തല്ലാതെ ഒരു ശിവക്ഷേത്രവും പണിയുന്നുണ്ട്. സമീപത്തായി ഗുരുദ്വാരകളുമുണ്ട്. പ്രദേശത്ത് ഒരു മുസ്‌ലിം പള്ളി കൂടി നിര്‍മിക്കുകയെന്നത് തങ്ങളുടെ സ്വപ്‌നമായിരുന്നുവെന്ന് അദ്ദേഹം പറയുന്നു.
കേരളത്തില്‍ മിനി പാകിസ്താനെന്ന് ഹിന്ദുത്വരും ആ മനഃസ്ഥിതി സൂക്ഷിക്കുന്നവരും ചാപ്പകുത്തുന്ന മലപ്പുറം ജില്ലയില്‍ നിന്നാണ് സമാനമായ മറ്റൊരു സംഭവത്തെക്കുറിച്ച് വാര്‍ത്ത വന്നത്. ഗ്രാമത്തിലെ ശിവക്ഷേത്രത്തില്‍ പൂജാകര്‍മങ്ങള്‍ക്ക് വെള്ളം മുടങ്ങാതെ ലഭിക്കുന്നതിന് ഇസ്‌ലാം മതവിശ്വാസിയായ നമ്പ്യാര്‍തൊടി അലി സൗകര്യമൊരുക്കിയതായിരുന്നു സംഭവം.
വണ്ടൂരിന് സമീപമുള്ള ഗ്രാമമാണ് മാതൃകാപരമായ ഈ സംഭവത്തിനു സാക്ഷ്യം വഹിച്ചത്. വണ്ടൂരിനൊരു പ്രസക്തിയുണ്ട്. ശബരിമല തീര്‍ത്ഥാടകര്‍ക്കുള്ള കറുത്ത തുണി വില്‍ക്കാന്‍ മുസ്‌ലിം മതതീവ്രവാദികള്‍ തുണിക്കടക്കാരെ അനുവദിക്കുന്നില്ലെന്ന പച്ചക്കള്ളം നിയമസഭയില്‍ പ്രസംഗിച്ച അംഗം വണ്ടൂരില്‍ നിന്നുള്ള സിപിഎം പ്രതിനിധിയായിരുന്നു എന്നതാണ് ആ പ്രസക്തി.
വണ്ടൂരിനു സമീപമുള്ള ചാത്തങ്ങോട്ടുപുരം കുണ്ടട ക്ഷേത്രത്തിനു സമീപം നമ്പ്യാര്‍തൊടി അലിക്ക് സ്ഥലമുണ്ട്. അലിയുടെ സ്ഥലത്തു നിന്ന് 4.7 സെന്റ് സ്ഥലം ആവശ്യപ്പെട്ട് ശിവക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ അദ്ദേഹത്തെ സമീപിച്ചു. ക്ഷേത്രത്തില്‍ പൂജാദികര്‍മങ്ങള്‍ക്ക് വെള്ളത്തിന് സൗകര്യമില്ല. അലിയുടെ സ്ഥലത്തെ ഉപയോഗശൂന്യമായി കിടക്കുന്ന കുളമായിരുന്നു കമ്മിറ്റിയുടെ ഉന്നം. ആവശ്യം അലി തള്ളിക്കളഞ്ഞില്ല, അത്യാവശ്യക്കാരുടെ സാധ്യത മുതലെടുത്ത് വന്‍ വില കൈപ്പറ്റാനും ശ്രമിച്ചില്ല. പകരം, ആവശ്യപ്പെട്ട സ്ഥലം തന്റെ ഹൈന്ദവസഹോദരങ്ങളുടെ ക്ഷേത്ര കമ്മിറ്റിക്ക് സൗജന്യമായി കൈമാറി.
കുളത്തിന് വേണ്ടത്ര സ്ഥലം മാത്രമല്ല, ആ കുളത്തിലേക്ക് പോവാനുള്ള വഴിയും തന്റെ സ്ഥലത്തു നിന്ന് അലി ദാനമായി നല്‍കി. ഈ ഉദാരതയ്ക്കും മഹാമനസ്‌കതയ്ക്കും ശിവരാത്രി ആഘോഷത്തിനിടെ അലിയെ ക്ഷേത്രകമ്മിറ്റി ആദരിച്ചു.
ഇതിനിടെ അധികം മാധ്യമശ്രദ്ധയില്‍ വരാതിരുന്ന ഒരു കാര്യം കൂടിയുണ്ട്. 45കാരനായ അലി ഉമ്മയോടാണ് ക്ഷേത്രത്തിന് കുളത്തിനു വേണ്ടി സ്ഥലം ചോദിക്കുന്ന കാര്യം പങ്കുവച്ചത്. കാര്യമായ ആധുനിക വിദ്യാഭ്യാസമില്ലെങ്കിലും നല്ല മതബോധമുള്ള ഉമ്മക്ക് അധികം ആലോചിക്കേണ്ടിവന്നില്ല, ചോദിച്ചാല്‍ കൊടുക്കണമെന്നാണ് ദീന്‍ പറയുന്നത്. സഹോദര മതസ്ഥരോട് നന്മ ചെയ്യാനല്ലേ നമ്മുടെ മതം പഠിപ്പിക്കുന്നത്- അലി വെളിപ്പെടുത്തുന്നു.
മലപ്പുറത്തിന് ഇതൊരു പുതിയ പാഠമല്ല. വര്‍ഷങ്ങള്‍ക്കു മുമ്പ് മങ്കടയിലെ മാണിക്കേടത്ത് ശിവക്ഷേത്രത്തിന് തയ്യില്‍ കുടുംബാംഗമായ മറിയം ഉമ്മ (നെഹ്‌റു യുവകേന്ദ്ര കോ-ഓഡിനേറ്ററായിരുന്ന പരേതനായ ഹംസ തയ്യിലിന്റെ ഉമ്മ) സ്ഥലം ദാനമായി നല്‍കിയിരുന്നു. മങ്കട മഹല്ല് ഖാസിയും മുജാഹിദ് സംസ്ഥാന പ്രസിഡന്റുമായിരുന്ന തയ്യില്‍ അബ്ദുല്‍ അസീസ് മൗലവിയാണ് അന്നു നടപടികള്‍ക്കു നേതൃത്വം നല്‍കിയത്. ദശകങ്ങള്‍ക്കുശേഷം ഇതേ മുജാഹിദ് പ്രസ്ഥാനത്തിന്റെ ഒരു കഷണത്തിന്റെ നേതൃനിരയില്‍ നാവിന് യാതൊരു നിയന്ത്രണവുമില്ലെന്നു തെളിയിച്ച പണ്ഡിതന്റേതായിരുന്നു ക്ഷേത്രങ്ങള്‍ക്കും ക്ഷേത്ര ചടങ്ങുകള്‍ക്കും സംഭാവന നല്‍കുന്നത് എറെ മ്ലേച്ഛമായി പരാമര്‍ശിച്ച വിവാദ പ്രഭാഷണമെന്ന്് ഓര്‍ത്തുപോവുന്നു.
മതാഘോഷങ്ങളും ഘോഷയാത്രകളും സംഘര്‍ഷങ്ങള്‍ക്കും കലാപങ്ങള്‍ക്കും വഴിയൊരുക്കുന്നതിനുള്ള സാധ്യത ഏറെയാണ്. ചെറു തീപ്പൊരി പോലും വലിയ കുഴപ്പങ്ങള്‍ക്കു കാരണമാവുന്ന സമകാലിക സാഹചര്യത്തില്‍ വിശേഷിച്ചും. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ഉത്തരേന്ത്യയില്‍ ഹോളി ആഘോഷനാളുകളായിരുന്നു. സംഘര്‍ഷസാധ്യതകള്‍ ഇല്ലാതാക്കുന്നതിന് മതപണ്ഡിതരുടെ സമര്‍ഥമായ നീക്കം ഈ വര്‍ഷമുണ്ടായി. വെള്ളിയാഴ്ച ഉച്ചയ്ക്ക് ജുമുഅ നമസ്‌കാരത്തിന് ഉത്തര്‍പ്രദേശിലെ സുന്നി, ശിയാ പണ്ഡിതന്മാര്‍ സമയം മാറ്റി.
അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് അംഗവും ഈദ്ഗാഹ് മസ്ജിദ് ഇമാമുമായ മൗലവി ഖാലിദ്് റഷീദ് ഫിറംഗി മഹല്ലിയാണ് ഈ നീക്കത്തിനു മുന്നിട്ടിറങ്ങിയത്. ഒരു മണിക്കു പകരം കഴിഞ്ഞ വെള്ളിയാഴ്ച ജുമുഅ ആരംഭിച്ചത് 1.45നാണ്. ഈ മാതൃക പിന്തുടര്‍ന്ന് സമയം മാറ്റണമെന്നും, ആവശ്യാനുസാരം അരമണിക്കൂര്‍ മുതല്‍ ഒരുമണിക്കൂര്‍ വരെ വൈകിക്കണമെന്നും മറ്റ് ഇമാമുമാരോടുള്ള അദ്ദേഹത്തിന്റെ അഭ്യര്‍ഥനയ്ക്ക് ഫലമുണ്ടായി.         ി
Next Story

RELATED STORIES

Share it