മഥുര സംഘര്‍ഷം: സിബിഐ അന്വേഷണം വേണമെന്ന ഹരജി ഇന്നു സുപ്രിംകോടതിയില്‍

ന്യൂഡല്‍ഹി/ലഖ്‌നോ/മഥുര: രണ്ട് പോലിസുദ്യോഗസ്ഥരടക്കം 29 പേര്‍ മരിക്കാനിടയായ മഥുര സംഘര്‍ഷത്തെക്കുറിച്ച് സിബിഐ അന്വേഷണമാവശ്യപ്പെട്ടു നല്‍കിയ ഹരജി സുപ്രിംകോടതി ഇന്നു പരിഗണിക്കും. അശ്വിനി ഉപാധ്യായ അഭിഭാഷക കാമിനി ജയ്‌സ്വാള്‍ മുഖേന സമര്‍പ്പിച്ച ഹരജി ജസ്റ്റിസുമാരായ പി സി ഘോഷ്, അമിതാഭ് റായ് എന്നിവരടങ്ങിയ ബെഞ്ചാണു പരിഗണിക്കുന്നത്. സംഭവം നടന്ന ഉടന്‍ എല്ലാ തെളിവുകളും നശിപ്പിച്ചെന്നും 200 വാഹനങ്ങള്‍ കത്തിച്ചെന്നും ഹരജിയില്‍ പറയുന്നു.
സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് അടിയന്തരമായി സിബിഐ അന്വേഷണം നടത്തണമെന്നാണ് ഹരജിയിലെ ആവശ്യം. ഇതിനിടെ, മഥുര സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് ഉത്തര്‍പ്രദേശ് നിയമസഭാ കെട്ടിടം ഉപരോധിച്ച ബിജെപി പ്രവര്‍ത്തകരുമായി പോലിസ് ഏറ്റുമുട്ടി. പൊതുമരാമത്ത് മന്ത്രി ശിവപാല്‍ സിങ് യാദവ് രാജിവയ്ക്കണമെന്നും സംഭവം സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് ഉപരോധം നടത്തിയതെന്ന് ബിജെപി വക്താവ് വിജയ് ബഹാദൂര്‍ പഥക് പറഞ്ഞു. അതേസമയം, സംഭവത്തെത്തുടര്‍ന്ന് ജില്ലാ മജിസ്‌ട്രേറ്റ് രാജേഷ് കുമാറിനെയും പോലിസ് സൂപ്രണ്ട് രാകേഷ് കുമാര്‍ സിങിനെയും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സ്ഥലംമാറ്റി. സംഭവത്തില്‍ സര്‍ക്കാരിനെതിരേ പ്രതിപക്ഷ കക്ഷികളില്‍ നിന്നുയര്‍ന്ന രൂക്ഷവിമര്‍ശനത്തെ തുടര്‍ന്നാണ് നടപടി.
കൊല്ലപ്പെട്ട പോലിസ് ഉദ്യോഗസ്ഥരുടെ കുടുംബത്തിന് ഉദ്യോഗസ്ഥരുടെ വിഹിതമായി 50 ലക്ഷം രൂപ വീതം നല്‍കുമെന്ന് ജില്ലാ മജിസ്‌ട്രേട്ട് അറിയിച്ചു.
Next Story

RELATED STORIES

Share it