മഥുര: ജവഹര്‍ ബാഗില്‍ കോടതിയും ജയിലും; കൈയേറ്റക്കാരുടേത് സമാന്തര ഭരണം

മഥുര: 24 പേര്‍ മരിക്കാനിടയായ ഏറ്റുമുട്ടല്‍ നടന്ന ജവഹര്‍ ബാഗില്‍ കൈയേറ്റക്കാര്‍ നടത്തിയത് സമാന്തര ഭരണം. അവിടെ കോടതികളും ജയില്‍ ബാരക്കുമുണ്ടായിരുന്നു. കൈയേറ്റക്കാരടങ്ങിയ ആസാദ് ഭാരത് വൈദിക് വൈചാരിക് ക്രാന്തി സത്യാഗ്രഹി എന്ന വിഭാഗമാണ് ജവഹര്‍ ബാഗില്‍ ഭരണം നിയന്ത്രിച്ചിരുന്നതെന്ന് പോലിസ് പറഞ്ഞു. അവര്‍ അവിടെ ടൗണ്‍ഷിപ്പ് സ്ഥാപിച്ചു. 260 ഏക്കര്‍ സര്‍ക്കാര്‍ഭൂമി കൈയേറിയ അവര്‍ സ്വന്തമായി കോടതിയും ജയിലുമടക്കം നിരവധി സമാന്തര സംവിധാനങ്ങള്‍ ഒരുക്കി. ആഗ്ര ഐജി ദുര്‍ഗ ചരണ്‍ മിശ്ര പറഞ്ഞു.
ആദ്യം സ്വന്തമായി ഭക്ഷ്യോല്‍പാദനം തുടങ്ങിയ അവര്‍ പിന്നീട് സ്വന്തം സര്‍ക്കാറുണ്ടാക്കി. സ്വന്തം ഭരണഘടനയും നിയമങ്ങള്‍ അനുസരിക്കാത്തവരെ വിചാരണ ചെയ്യാന്‍ കോടതിയും ശിക്ഷിക്കാന്‍ തടവറകളും നിര്‍മിച്ചിരുന്നു. സ്വന്തം അതിര്‍ത്തി പ്രദേശങ്ങളുടെ സംരക്ഷണത്തിനായി ആയുധധാരികളും കരുത്തരുമടങ്ങിയ സംഘവും രൂപീകരിച്ചു. ഇത്തരം മൂന്നോ നാലോ സായുധ സംഘങ്ങള്‍ ഇവര്‍ക്കിടയിലുണ്ടായിരുന്നുവെന്നും ആഗ്ര കമ്മീഷണര്‍ പ്രദീപ് ഭട്‌നഗര്‍ പറഞ്ഞു.
ഇവരുടെ പട്ടണത്തിനുള്ളിലേക്ക് പുറത്ത്‌നിന്നുള്ളവരെ പ്രവേശിപ്പിച്ചിരുന്നില്ല. അകത്തുള്ളവര്‍ക്ക് പുറത്തുപോവണമെങ്കില്‍ അപേക്ഷ എഴുതി നല്‍കണമായിരുന്നുവെന്നും പോലിസ് പറഞ്ഞു. സംഘാംഗങ്ങള്‍ പ്രധാനമായും ഛത്തിസ്ഗഡ് പോലുള്ള മാവോവാദികള്‍ക്കു സ്വാധീനമുള്ള മേഖലകളില്‍ നിന്നുള്ളവരായിരുന്നുവെങ്കിലും മതാധിഷ്ടിത ഭരണകൂട സംസ്ഥാപനത്തിനാണ് ഇവര്‍ ശ്രമിച്ചിരുന്നത്. ശക്തമായ മത തീവ്രവാദികളായിരുന്ന ഇവര്‍ സ്വന്തമായി കറന്‍സി ആരംഭിക്കാന്‍ പദ്ധതിയിട്ടിരുന്നു. ഇന്ത്യന്‍ ഭരണഘടനയും നിയമവും അംഗീകരിക്കാത്ത ഇവര്‍ ഉദ്യോഗസ്ഥരോട് സഹകരിച്ചില്ലെന്നും പോലിസ് പറഞ്ഞു.
ഇന്ത്യന്‍ പ്രധാനമന്ത്രിയെയും രാഷ്ട്രപതിയെയും പുറത്താക്കണമെന്നതടക്കമുള്ള വിചിത്ര ആവശ്യങ്ങളുന്നയിക്കുന്ന സംഘം തങ്ങള്‍ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ അനുയായികളാണെന്നും അവകാശപ്പെടുന്നുണ്ട്. അതേസമയം, മഥുര സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട രണ്ടു പോലിസ് ഉദ്യോഗസ്ഥരുടെ ബന്ധുക്കള്‍ക്ക് പ്രഖ്യാപിച്ച നഷ്ടപരിഹാരം യുപി സര്‍ക്കാര്‍ 20 ലക്ഷത്തില്‍ നിന്നു 50 ലക്ഷമാക്കി ഉയര്‍ത്തി. ഇവരുടെ കുടുംബാംഗങ്ങള്‍ക്കു പെന്‍ഷന്‍ നല്‍കാനും കുടുംബത്തിലൊരാള്‍ക്ക് ജോലി നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it