മത-ലിംഗ വിവേചനം: റിയല്‍ എസ്റ്റേറ്റ് ആക്റ്റ് ഭേദഗതി ചെയ്യുന്നു

മത-ലിംഗ വിവേചനം: റിയല്‍ എസ്റ്റേറ്റ് ആക്റ്റ് ഭേദഗതി ചെയ്യുന്നു
X
real-estateന്യൂഡല്‍ഹി: മതം, ലിംഗം തുടങ്ങിയവയുടെ പേരിലുള്ള വിവേചനം തടയുന്നതിന് റിയല്‍ എസ്റ്റേറ്റ് ആക്റ്റ് ഭേദഗതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. രാജ്യത്തെ വന്‍ നഗരങ്ങളിലടക്കം താമസസ്ഥലം കണ്ടെത്തുന്നതില്‍ മുസ്‌ലിംകളും മറ്റുചില വിഭാഗങ്ങളും നേരിടുന്ന പ്രയാസങ്ങള്‍ ചെറുതല്ല. ഇത്തരം നടപടികള്‍ ശിക്ഷാര്‍ഹമാക്കുന്നതിന്റെ ഭാഗമായി, ഈ വര്‍ഷം പാര്‍ലമെന്റ് പാസാക്കിയ റിയല്‍ എസ്റ്റേറ്റ് (റഗുലേഷന്‍ ആന്റ് ഡെവലപ്‌മെന്റ്) ആക്റ്റ് 2016ല്‍ പുതിയ വകുപ്പുകള്‍ കൂട്ടിച്ചേര്‍ക്കും.
മതം, ലിംഗം, ഭക്ഷണരീതി, വിവാഹിതനാണോ അല്ലയോ തുടങ്ങിയ കാര്യങ്ങളുടെ പേരില്‍ താമസക്കാര്‍ക്കെതിരേ വിവേചനം കാട്ടുന്ന കെട്ടിട ഉടമകള്‍ക്കെതിരേ കര്‍ശന നടപടി വ്യവസ്ഥചെയ്യും. ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ പാര്‍പ്പിടകാര്യ മന്ത്രാലയം ഒക്‌ടോബര്‍ 31ന് പരസ്യപ്പെടുത്തുമെന്നാണ് റിപോര്‍ട്ട്. എന്നാല്‍, ഏതുതരം വിവേചനങ്ങളാണ് റിയല്‍ എസ്റ്റേറ്റ് ആക്റ്റിനു കീഴില്‍ വരുകയെന്നു വ്യക്തമാക്കുന്നില്ല. ഏതെങ്കിലും വിവേചനം ആക്റ്റിന്റെ പരിധിയില്‍നിന്ന് ഒഴിവാകുന്നതു തടയാനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് മന്ത്രാലയം ഉദ്യോഗസ്ഥന്‍ പറഞ്ഞു.
വിവേചനം സംബന്ധിച്ച പരാതികള്‍ തീര്‍പ്പാക്കാന്‍ സംസ്ഥാനതലങ്ങളില്‍ റഗുലേറ്ററി അതോറിറ്റികള്‍ സ്ഥാപിക്കും. അപ്പലറ്റ് ട്രൈബ്യൂണലും ഉണ്ടാവും. അതേസമയം, നിര്‍ദിഷ്ട നിയമം കെട്ടിടം നിര്‍മിക്കുന്നവരും വാങ്ങുന്നവരും തമ്മിലുള്ള ഇടപാടുകളാണ് ക്രമീകരിക്കുകയെന്നതിനാല്‍ വാടകവീട് അന്വേഷിക്കുന്നവര്‍ക്ക് ഈ നിയമം ഉപകാരപ്പെടില്ലെന്നാണ് ആരോപണം. വാടകവീടുകളുമായി ബന്ധപ്പെട്ട നിയമത്തിന്റെ കരടില്‍ ഇപ്പോഴത്തേതിനു സമാനമായ വകുപ്പ് കൂട്ടിച്ചേര്‍ക്കാന്‍ ഉദ്ദേശിക്കുന്നതായി മന്ത്രാലയവൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍, റിയല്‍ എസ്റ്റേറ്റ് നിയമത്തിനു സമാനമായ ഫലപ്രാപ്തി ഇതിനുണ്ടാവില്ല. സ്വകാര്യവ്യക്തികളുടെ സ്വത്തുക്കളില്‍ ഇത്തരം നിയമങ്ങള്‍ നടപ്പാക്കുന്നതിലെ ബുദ്ധിമുട്ടുകളും മന്ത്രാലയം തന്നെ സമ്മതിക്കുന്നു.
ഡല്‍ഹിയിലും സമീപത്തെ ഗുഡ്ഗാവ്, നോയ്ഡ എന്നിവിടങ്ങളിലും വാടകവീട് തരപ്പെടുത്തുന്നതില്‍ മുസ്‌ലിംകള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ യുഎന്‍ സര്‍വകലാശാലയുടെ ഭാഗമായ വേള്‍ഡ് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഡെവലപ്‌മെന്റ് ഇക്കണോമിക്‌സ് റിസര്‍ച്ച് അടുത്തിടെ പുറത്തുവിട്ട പഠന റിപോര്‍ട്ടില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്.
Next Story

RELATED STORIES

Share it