മത നേതാക്കളുടെ സങ്കുചിതത്വംആര്‍എസ്എസിനെ സഹായിക്കരുത്: ഇമാംസ് കൗണ്‍സില്‍

കോട്ടയം: ഇതര മുസ്‌ലിം സംഘടനകളുടെ പൊതു പരിപാടികളില്‍ പങ്കെടുക്കുന്നത് മഹാപാപമായി കാണുന്ന ചില സംഘടനകളുടെ നിലപാട് ഖേദകരമാണെന്നും ജീവിക്കുന്ന സാഹചര്യം തിരിച്ചറിയുന്നതില്‍ ഇത്തരം സംഘടനകള്‍ പരാജയപ്പെട്ടതിന് തെളിവാണെന്നും ഓള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് മൗലാന മുഹമ്മദ് ഈസാ ഫാദില്‍ മമ്പഇ പ്രസ്താവനയില്‍ പറഞ്ഞു. ഫാഷിസം ഫണം വിടര്‍ത്തിയാടുന്ന ഇക്കാലത്തും ഇത്തരം സങ്കുചിതത്വം കൊണ്ടാടുന്നത് സമുദായത്തിന്റെ മുഖം വികൃതമാക്കുന്നതിനും സമുദായ വിരോധികളെ സഹായിക്കുന്നതിനും മാത്രമേ ഉപകരിക്കൂ. ഇന്ത്യന്‍ പൗരസമൂഹത്തിന് പൊതുവെയും മുസ്‌ലിം അസ്തിത്വത്തിനും ആദര്‍ശത്തിനും പ്രത്യേകിച്ചും കടുത്ത ഭീഷണിയായി മാറിയിട്ടുള്ള സംഘപരിവാര നേതാക്കളെ സ്വന്തം പരിപാടികളില്‍ വിശിഷ്ടാതിഥികളായി പങ്കെടുപ്പിക്കുന്നതില്‍ അമിത താല്‍പര്യം കാണിക്കുന്നവരാണ് ഈ വിഭാഗങ്ങള്‍. സ്വയം ബോധ്യമല്ലാത്ത ന്യായങ്ങള്‍ കണ്ടെത്തി നേതാക്കള്‍ സ്വയം അപഹാസ്യരാവുകയാണ്. അധിനിവേശ ശക്തികള്‍ക്കെതിരേ സമരത്തിന് ആഹ്വാനം ചെയ്യുകയും സ്വാതന്ത്ര്യസമരത്തിന് ഊര്‍ജം പകരുകയും ചെയ്ത മുന്‍കാല പണ്ഡിതന്‍മാര്‍ മതവീക്ഷണ വ്യത്യാസങ്ങള്‍ക്കതീതമായി അവശരുടെ വിശാല ഐക്യം കെട്ടിപ്പടുക്കാനും സാമൂഹികനീതിയും ക്ഷേമവും സ്ഥാപിച്ചെടുക്കാനുമാണ് പരിശ്രമിച്ചത്. അതായിരുന്നു അവരില്‍ പൊതു സമൂഹം ദര്‍ശിച്ച മതത്തിന്റെ മുഖം. രാജ്യത്തൊന്നാകെ ആര്‍എസ്എസ് ഉയര്‍ത്തുന്ന വെല്ലുവിളികളെ ഒരുമിച്ച് നേരിടാനും രാജ്യത്തെയും സമുദായത്തെയും രക്ഷിക്കാനും തയ്യാറാവുന്നതിനു പകരം പരസ്പരം വിഴുപ്പലക്കുന്നതു ഗുണകരമല്ലെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it