Alappuzha local

മത്സ്യത്തൊഴിലാൡയെ കാണാതായി; അധികൃതരുടെ അനാസ്ഥയില്‍ പ്രതിഷേധിച്ച് ദേശീയപാത ഉപരോധിച്ചു

അമ്പലപ്പുഴ: കടലില്‍ വള്ളംമറിഞ്ഞ് മല്‍സ്യത്തൊഴിലാൡയെ കാണാതായി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും തിരച്ചില്‍ നടത്താതിരുന്ന സുരക്ഷാ ബോട്ടിലെ ഉദ്യോഗസ്ഥരുടെയും റവന്യൂ അധികാരികളുടെയും അനാസ്ഥയില്‍ പ്രതിഷേധിച്ച് മല്‍സ്യത്തൊഴിലാളികള്‍ ദേശീയപാത ഉപരോധിച്ചത് സംഘര്‍ഷാവസ്ഥക്ക് കാരണമായി.
ഇന്നലെ രാവിലെ ഏഴ് മണിയോടെയാണ് പൊന്ത് വള്ളം മറിഞ്ഞ് വാടക്കല്‍ സ്വദേശി ജോസഫ്(ബിജിമോന്‍-30)നെ കാണാതായത്. ഈ സമയത്ത് തന്നെ പോലിസിനെ വിവരമറിയിച്ചതാണ്. എന്നാല്‍ ഉച്ചക്ക് ഒരുമണിയായിട്ടും 20 കിലോമീറ്റര്‍ മാത്രം അകലത്തില്‍ കിടന്നിരുന്ന സുരക്ഷാബോട്ട് എത്തിക്കാന്‍ അധികൃതര്‍ക്കായില്ല.
കടലില്‍ മല്‍സ്യബന്ധനം നടത്തുന്ന മല്‍സ്യത്തൊഴിലാളികളുടെ രക്ഷക്കും രാജ്യസുരക്ഷക്കുമായി സര്‍ക്കാര്‍ ഖജനാവില്‍നിന്ന് രണ്ടര കോടി രൂപ മുടക്കിയാണ് ആധുനിക സജ്ജീകരണങ്ങളുള്ള സുരക്ഷാബോട്ട് തോട്ടപ്പള്ളി പോലിസിന്റെ കീഴില്‍ കടലിലിറക്കിയിരിക്കുന്നത്.
ദിനംപ്രതി കള്ളിക്കാട് മുതല്‍ ചെല്ലാനം വരെ കടലില്‍ റോന്ത് ചുറ്റണമെന്നുള്ളതാണ് ഇവരുടെ ഡ്യൂട്ടി.
എന്നാല്‍ ജെട്ടികളില്‍ കെട്ടിയിട്ട് വിശ്രമവും മദ്യപാനവുമാണെന്നാണ് മല്‍സ്യത്തൊഴിലാളി സംഘടനകളുടെ ആരോപണം. തീരദേശ മേഖളയുമായി യാതൊരു ബന്ധവുമില്ലാത്ത ചില ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ തന്നിഷ്ടപ്രകാരമാണ് പട്രോളിങ് നടത്തുന്നതെന്നും ആക്ഷേപമുണ്ട്. സ്ത്രീകളും കുട്ടികളുമടക്കം 200 ഓളം വരുന്ന മല്‍സ്യത്തൊഴിലാളികള്‍ കളര്‍കോട് ഭാഗത്ത് ദേശീയപാത ഒരു മണിക്കൂറോളം ഉപരോധിച്ചു.
ജില്ലാകലക്ടര്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്ത് എത്താതിരുന്നതും ജനത്തെ പ്രകോപിതരാക്കി. പിന്നീട് ആലപ്പുഴ ഡിവൈഎസ് പിയുടെ നേതൃത്വത്തില്‍ വന്‍ പോലിസ് സംഘമെത്തി തിരച്ചില്‍ ഊര്‍ജിതപ്പെടുത്താമെന്ന് ഉറപ്പ് നല്‍കിയതിന് ശേഷമാണ് ജനം പിരിഞ്ഞുപോയത്.
Next Story

RELATED STORIES

Share it