kozhikode local

മതേതര ശക്തികള്‍ ഐക്യപ്പെടണം: കെ എ ഖാദര്‍ മൊയ്തീന്‍

കോഴിക്കോട്: വര്‍ത്തമാനകാല ഇന്ത്യ നേരിടുന്ന ഗുരുതരമായ പ്രതിസന്ധികളെ അതിജീവിക്കാന്‍ മതേതര ജനാധിപത്യ കക്ഷികള്‍ ഐക്യത്തോടെ മുന്നേറണമെന്ന് മുസ്്‌ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രഫ. കെ എ ഖാദര്‍മൊയ്തീന്‍. ലോകത്ത് മുസ്്‌ലിം വ്യക്തിത്വം ഉയര്‍ത്തിപ്പിടിച്ച് അഭിമാനത്തോടെ ജീവിക്കാവുന്ന രാജ്യമാണ് ഇന്ത്യ. വിദ്വേഷത്തിന്റെ വിത്ത് വിതറി തിരഞ്ഞെടുപ്പ് രാഷ്ട്രീയം കളിക്കുന്നവര്‍ക്ക് താല്‍കാലിക ലാഭമുണ്ടായേക്കാം. പക്ഷെ, അന്തിമ വിജയം സഹിഷ്ണുതയില്‍ അധിഷ്ടിതമായ മുന്നേറ്റത്തിനാവും. മുസ്്‌ലിംലീഗ് 70ാം സ്ഥാപക ദിനത്തോടനുബന്ധിച്ച് ജില്ലാ കമ്മിറ്റി നളന്ദയില്‍ സംഘടിപ്പിച്ച സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബഹുസ്വരതയുടെ മനോഹരഭൂമികയായി വിസ്മയിപ്പിച്ചും മാതൃക കാണിച്ചുമാണ് നമ്മുടെ രാജ്യം മുന്നോട്ടു പോയത്. ലോകത്ത് എവിടെപ്പോയാലും ഇന്ത്യയില്‍ നിന്നുള്ള മുസ്്‌ലിം എന്നു പറയാനും അഭിമാനിക്കാനും നമുക്കായിരുന്നു. അതിന് കോട്ടം തട്ടുന്ന തരത്തില്‍ ഹിന്ദുത്വ രാഷ്ട്രം എന്ന ലക്ഷ്യത്തിലേക്ക് ചലിക്കാനും ഭരണഘടനപോലും അട്ടിമറിക്കാനുമുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
കോണ്‍ഗ്രസ്  മുസ്‌ലിം മുക്ത ഇന്ത്യയെക്കുറിച്ചാണ് നരേന്ദ്രമോഡി സംസാരിക്കുന്നത്. എന്നാല്‍ എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഇന്ത്യയാണ് നമുക്കാവശ്യം. ഗാന്ധിജിയുടെയും നെഹുറുവിന്റെയും  ഖാഇദെ മില്ലത്തിന്റെയും ഇന്ത്യക്ക് പകരം ഗോള്‍വാര്‍ക്കരുടെയും ഗോഡ്‌സെയുടെയും ഇന്ത്യയാണ് മോദി സ്വപ്‌നം കാണുന്നത്. ഇത് അധിക കാലം നിലനില്‍ക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ ഉപനേതാവ് രമേശ് ചെന്നിത്തല മുഖ്യാതിഥിയായി. മുസ്്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംപി മുഖ്യ പ്രഭാഷണം നടത്തി. ദേശീയ ഓര്‍ഗനൈസിംഗ്് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എംപി, ട്രഷറര്‍ പി വി അബ്ദുല്‍ വഹാബ് എംപി, എം കെ രാഘവന്‍ എംപി, എം ഐ ഷാനവാസ് എംപി, പ്രതിപക്ഷ ഉപനേതാവ് ഡോ.എം കെ മുനീര്‍, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, പി കെ ഫിറോസ്, ജില്ലാ ജനറല്‍ സെക്രട്ടറി എം.എ റസാഖ് മാസ്റ്റര്‍, ട്രഷറര്‍ പാറക്കല്‍ അബ്ദുല്ല എംഎല്‍എ സംസാരിച്ചു.
Next Story

RELATED STORIES

Share it