wayanad local

മതേതര മധുരവുമായി ഗോപാലകൃഷ്ണനും കോക്കടവ് ഉപ്പുനട നിവാസികളുമെത്തി

മാനന്തവാടി: മതേതരത്വത്തിന്റെ സ്‌നേഹസന്ദേശം പകര്‍ന്നു നബിദിനാഘോഷം. മാനന്തവാടി കല്ലിയോട്ടുകുന്നില്‍ കഴിഞ്ഞ 13 വര്‍ഷമായി നബിദിനറാലിയില്‍ പായസ വിതരണം നടത്തുന്ന ഗോപാലകൃഷ്ണന്‍ ഇത്തവണയും പതിവ് തെറ്റിച്ചില്ല. ടൗണിലെ ടൈലര്‍ഷോപ്പില്‍ ജോലി ചെയ്യുന്ന ഗോപാലകൃഷ്ണന്‍ എന്ന നാട്ടുകാരുടെ ബാബുവും ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുംബം 200ഓളം പേര്‍ക്കുള്ള പായസം വീട്ടിലുണ്ടാക്കി റാലിയിലെത്തിച്ച് വിതരണം ചെയ്തു. കല്ലിയോട്ടുകുന്ന് ഹയാത്തുല്‍ മുസ്‌ലിമീന്‍ മഹല്ല് കമ്മിറ്റിയുടെ നബിദിന റാലിയിലായിരുന്നു പായസം വിതരണം. സ്വന്തം കൈയില്‍ നിന്നു പണമെടുത്താണ് പായസത്തിനുള്ള സാധനങ്ങള്‍ വാങ്ങുന്നത്. നബിദിന റാലിക്ക് മഹല്ല് പ്രസിഡന്റ് കെ എം മുഹമ്മദ്, കെ ശറഫുദ്ദീന്‍, കബീര്‍ മാനന്തവാടി, കെ എം സിദ്ദീഖ്, കെ ഹാരിസ്, പി സലാം നേതൃത്വം നല്‍കി. തരുവണ കോക്കടവ് ഉപ്പുനട നിവാസികളും വിവിധ മതവിശ്വാസികളുടെ കൂട്ടായ്മയില്‍ ഈ വര്‍ഷവും പായസവിതരണം നടത്തി. തരുവണ കോക്കടവ് ഹയാത്തുല്‍ ഇസ്‌ലാം മഹല്ല് കമ്മിറ്റി നടത്തുന്ന നബിദിന ഘോഷയാത്രയിലാണ് കഴിഞ്ഞ നാലുവര്‍ഷമായി ഉപ്പുനട നിവാസികള്‍ മതസൗഹാര്‍ദത്തിന്റെ മധുരം വിളമ്പുന്നത്. കോക്കടവ് പള്ളിയില്‍ ആരംഭിക്കുന്ന ഘോഷയാത്ര ഉപ്പുനട ഭജനമഠം കവലയിലെത്തി, പായസം കഴിച്ച് കുട്ടികളുടെ ദഫ്മുട്ടു പരിപാടിക്കു ശേഷമാണ് തിരിച്ചുപോവുന്നത്. മുന്നൂറോളം പേര്‍ക്കാണ് ഉപ്പുനടയിലെ കൂലിത്തൊഴിലാളികളും സാധാരണക്കാരുമായ പ്രദേശവാസികള്‍ സ്വന്തമായി പണം കണ്ടെത്തി പായസം നല്‍കുന്നത്. ടി കെ മോഹനന്‍, ജോബി പി ജോസഫ്, കേശവദാസ്, വിഷ്ണു, ലതീഷ് തുടങ്ങിയവരാണ് നാട്ടിന്‍പുറത്തെ നന്മവിളക്ക് കെടാതെ കൊണ്ടുപോവുന്നത്.
Next Story

RELATED STORIES

Share it