malappuram local

മതേതര കക്ഷികള്‍ മൗനം വെടിയണം: എസ്ഡിപിഐ

മലപ്പുറം: രാജ്യത്ത് വര്‍ധിച്ചു വരുന്ന അസഹിഷ്ണുതക്കെതിരേ മൗനം പാലിക്കുന്ന മതേതര കക്ഷികള്‍ വര്‍ഗീയ ശക്തികള്‍ക്ക് വളം വെക്കുകയാണെന്ന് എസ്ഡിപിഐ ജില്ലാ സെക്രട്ടറിയേറ്റ്. രാജ്യം ഭരിക്കുന്ന ബിജെപിയും സംഘപരിവാര ശക്തികളും പശുരാഷ്ട്രീയത്തിന്റെ പേരില്‍ രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കു മേല്‍ സംഘടിതമായ അക്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം രാജ്യത്ത് അധിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന അസഹിഷ്ണുതക്കെതിരേ സാംസ്‌കാരിക നായകരും സാഹിത്യകാരന്‍മാരും പുരസ്‌കാരങ്ങള്‍ തിരസ്‌കരിച്ച് രാജ്യതാല്‍പര്യത്തിന് പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ വിദേശകാര്യ ഉന്നതാധികാര സമിതിയംഗത്വത്തില്‍ മനംമയങ്ങിയ മുസ്‌ലിം ലീഗ് സംഘപരിവാര ശക്തികള്‍ക്ക് കുഴലൂത്തു നടത്തുകയാണ്. ഫാസിസത്തിനെതിരെ മൗനം പാലിക്കുകയും മുട്ടിലിഴയുകയും ചെയ്യുന്നത് കുറ്റവാളികള്‍ക്കു കൂടുതല്‍ വിനാശകരവും ഭീകരതയും അഴിച്ചു വിടുന്നതിന് സഹായകമാകും. രാജ്യത്തെ മതനിരപേക്ഷതയുടെ ചട്ടക്കൂട് സംരക്ഷിക്കാന്‍ മതേതര കക്ഷികള്‍ മൗനം വെടിഞ്ഞ് ഫാസിസത്തിനെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിക്കണം.
വര്‍ഗീയ ഭീകരതക്കെതിരെ എസ്ഡിപിഐ നടത്തുന്ന ദേശീയ കാംപയിനോടനുബന്ധിച്ച് 26ന് കൊടുങ്ങല്ലൂരില്‍ നടക്കുന്ന മേഖലാറാലി വിജയിപ്പിക്കാനും സെക്രട്ടറിയേറ്റ് തീരുമാനിച്ചു. ജില്ലയില്‍ നിന്നുള്ള മുഴുവന്‍ മതേതര വിശ്വാസികളും മേഖലാറാലിയില്‍ പങ്കെടുക്കണമെന്നും സെക്രട്ടറിയേറ്റ് അഭ്യര്‍ത്ഥിച്ചു. സി ജി ഉണ്ണി അധ്യക്ഷത വഹിച്ചു. എം പി മുസ്തഫ മാസ്റ്റര്‍, ടി എം ഷൗക്കത്ത്, കൃഷ്ണന്‍ എരഞ്ഞിക്കല്‍, പി എം ബഷീര്‍, എ എം സുബൈര്‍, വി എം ഹംസ സംസാരിച്ചു.
Next Story

RELATED STORIES

Share it