മതേതരകക്ഷികള്‍ പാഠം പഠിക്കണം: പോപുലര്‍ ഫ്രണ്ട്്‌ന്

യൂഡല്‍ഹി: ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം ഇന്ത്യയിലെ മതേതര പാര്‍ട്ടികള്‍ക്ക് വലിയ പാഠമാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ സെക്രട്ടറി അബ്ദുല്‍വാഹിദ് സേട്ട്. ഭരണപരാജയം, അനൈക്യം, സൈദ്ധാന്തിക വരട്ടുതത്വവാദം, പാര്‍ട്ടിക്കുള്ളിലെ അവസരവാദികളെ കൈകാര്യം ചെയ്യുന്നതിലുണ്ടായ വിമുഖത തുടങ്ങിയ കാരണങ്ങളാണ് മതേതരകക്ഷികളുടെ തോല്‍വിയിലേക്ക് നയിച്ചത്.
രാജ്യത്തിന്റെ മതനിരപേക്ഷ, ജനാധിപത്യഘടനയെ ഫാഷിസ്റ്റ് ഏകാധിപത്യം മറികടക്കുന്ന നിര്‍ഭാഗ്യകരമായ സാഹചര്യമാണ് ആസന്നമായിരിക്കുന്നത്. എന്നിട്ടും ബിജെപിക്ക് ഗൗരവതരമായ വെല്ലുവിളി ഉയര്‍ത്തുന്ന തിരഞ്ഞെടുപ്പുതന്ത്രം ആവിഷ്‌കരിക്കുന്നതില്‍ കോണ്‍ഗ്രസ്സും ഇടതുപാര്‍ട്ടികളും അടക്കമുള്ള മതേതരകക്ഷികള്‍ പരാജയപ്പെടുകയായിരുന്നു.
നിര്‍ണായകമായ ഈ സന്ദര്‍ഭത്തിലെങ്കിലും വീഴ്ചയില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളാന്‍ തയ്യാറായില്ലെങ്കില്‍ ഇത്തരം കക്ഷികളുടെ നിലനില്‍പ്പ് തന്നെ അപകടത്തിലാവും. തിരഞ്ഞെടുപ്പു വിജയത്തെ തുടര്‍ന്ന് ത്രിപുരയില്‍ രാഷ്ട്രീയ എതിരാളികള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരേ സംഘപരിവാര ആക്രമണം അഴിച്ചുവിട്ടതിനെ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ അപലപിച്ചു. അധികാരം ലഭിച്ചതോടെ ഫാഷിസ്റ്റുകള്‍ അവരുടെ തനിനിറം പുറത്തെടുത്തിരിക്കുകയാണ്. അതേസമയം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുഫലം രാജ്യത്തിന്റെ മൊത്തം രാഷ്ട്രീയസാഹചര്യത്തെ പ്രതിഫലിപ്പിക്കുന്നതല്ല. ഉത്തര്‍പ്രദേശില്‍ ആസന്നമായ ഉപതിരഞ്ഞെടുപ്പുകളില്‍ യോഗി സര്‍ക്കാരിനെതിരേ ഒന്നിച്ച് നില്‍ക്കാനുള്ള എസ്പി, ബിഎസ്പി കക്ഷികളുടെ തീരുമാനത്തെ പോപുലര്‍ ഫ്രണ്ട് സ്വാഗതം ചെയ്തു.
ദേശീയ രാഷ്ട്രീയത്തില്‍ അനുകരണീയമായ മാതൃകയാണ് ഇരുപാര്‍ട്ടികളും കാഴ്ചവച്ചിരിക്കുന്നത്. ഉത്തരവാദപ്പെട്ട പാര്‍ട്ടികള്‍ എന്ന നിലയില്‍ ഭരണത്തിലേറുക എന്നതിനേക്കാള്‍ ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കുന്നതടക്കമുള്ള സുപ്രധാന ദൗത്യങ്ങള്‍ മതേതര കക്ഷികള്‍ക്ക് നിര്‍വഹിക്കാനുണ്ടെന്ന സന്ദേശമാണ് ഇവര്‍ നല്‍കുന്നതെന്നും അബ്ദുല്‍ വാഹിദ് സേട്ട് കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it