thiruvananthapuram local

മതിലിനു മേല്‍ മറ; കിടപ്പു രോഗികള്‍ക്ക് കാറ്റും വെളിച്ചവും നിഷേധിക്കുന്നെന്ന്‌

വര്‍ക്കല: വൃദ്ധരായ കിടപ്പുരോഗികളുടെ വീടിനോട് ചേര്‍ന്ന് മതിലിന് മേല്‍ വന്‍മറ തീര്‍ത്ത് ശുദ്ധവായുവും വെളിച്ചവും നിഷേധിക്കുന്നതായി പരാതി. വര്‍ക്കല പുതുവല്‍വിള വീട്ടില്‍ സുധര്‍മിണി അമ്മയാണ് അയല്‍വാസിയും വര്‍ക്കല മൈതാനം സ്‌നേഹലാബ് ഉടമയുമായ പുതുവല്‍വിള വീട്ടില്‍ രാജേന്ദ്രന്‍ നായര്‍ക്കെതിരേ പരാതി ഉന്നയിക്കുന്നത്.
വര്‍ക്കല റെയില്‍വേ സ്റ്റേഷന് സമീപം കണ്ണംബ റോഡിനോട് ചേര്‍ന്നാണ് ആറുസെന്റ് പുരയിടത്തില്‍ സുധര്‍മിണി അമ്മയുടെ വീടുള്ളത്. 98 വയസ്സുള്ള ഭര്‍തൃമാതാവും 58 വയസ്സുള്ള കാന്‍സര്‍ രോഗികൂടിയായ ഭര്‍തൃസഹോദരിയും സുധര്‍മിണി അമ്മക്കൊപ്പമാണ് താമസം. വീടിന്റെ വടക്കുപടിഞ്ഞാറ് വശങ്ങളില്‍ ചുറ്റുമതിലിനുമേല്‍ ഒരാള്‍ പൊക്കത്തില്‍ നെറ്റും ഷീറ്റും സ്ഥാപിച്ചാണ് അയല്‍വാസി രാജേന്ദ്രന്‍ നായര്‍ അനധികൃത മറതീര്‍ത്തിട്ടുള്ളത്. ഇതുമൂലം ശുദ്ധവായുവും വെളിച്ചവും ലഭിക്കുന്നില്ലെന്ന് മാത്രമല്ല ഷീറ്റില്‍ നിന്നുള്ള ചൂടും അസഹനീയമാണ്. പരാതിയുടെ അടിസ്ഥാനത്തില്‍ നഗരസഭാ അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തി ഇവ പൊളിച്ചു നീക്കണമെന്ന്  രാജേന്ദ്രന്‍ നായര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു.
ആര്‍ഡിഒക്ക് നല്‍കിയ പരാതിയിന്‍മേല്‍ വില്ലേജ് ഓഫിസര്‍ സ്ഥലത്തെത്തി പരിശോധിച്ച് നിജസ്ഥിതി ബോധ്യപ്പെട്ടതു പ്രകാരം പരാതിക്കാരിക്ക് അനുകൂലമായ റിപോര്‍ട്ടാണ് നല്‍കിയിട്ടുള്ളത്. എന്നിട്ടും നടപടി വൈകുന്നതിനെ തുടര്‍ന്ന് മനുഷ്യാവകാശ കമ്മീഷനും സുധര്‍മണി അമ്മ പരാതി നല്‍കിയിരിക്കുകയാണ്.
Next Story

RELATED STORIES

Share it