Pathanamthitta local

മതിയായ സുരക്ഷയില്ല; കൊടുംവെയിലിലും കര്‍മനിരതരായി ട്രാഫിക് പോലിസ്

തിരുവല്ല: കടുത്ത വേനലില്‍ സൂര്യാഘാതം ഏല്‍ക്കുന്ന സംഭവങ്ങള്‍ വ്യാപകമായിട്ടും, ട്രാഫിക് പോലിസിന്റെ ഡ്യൂട്ടി സമയത്തില്‍ ക്രമീകരണം ഏര്‍പ്പെടാത്തതിനെതിരേ ആക്ഷേപം ശക്തമാവുന്നു. ചൂടിനെ പ്രതിരോധിക്കാനുള്ള സുരക്ഷാസാമഗ്രികളോ, മതിയായ കുടിവെള്ളമോ ഇവര്‍ക്ക് ലഭിക്കാതെ കടുത്ത വേനലിലും കര്‍മനിരതരാവേണ്ട സാഹചര്യമാണ് ജില്ലയിലെ ട്രാഫിക് പോലിസിന് നിലവിലുള്ളത്.
ജില്ലയില്‍ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലിസുകാര്‍ക്ക് സൂര്യാഘാതമേറ്റ സംഭവങ്ങള്‍ ആവര്‍ത്തിച്ചതോടെയാണ് ഇതുസംബന്ധിച്ച ആക്ഷേപം ശക്തമായിരിക്കുന്നത്. വേനല്‍ കടുത്തതോടെ പകല്‍സമയത്ത് ട്രാഫിക് ഡ്യൂട്ടിയിലുള്ള പോലിസുകാര്‍ക്ക് നാരങ്ങാവെള്ളം എത്തിക്കണമെന്ന് നിര്‍ദേശിച്ച് ഡിജിപി സര്‍ക്കുലര്‍ ഇറക്കിയിരുന്നെങ്കിലും ഇത് ഫലപ്രദമായി നടപ്പായിട്ടില്ല.
മതിയായ ജീവനക്കാരില്ലാത്തതും ആവശ്യത്തിന് വിശ്രമമില്ലാത്തതും ഇവര്‍ക്ക് വെല്ലുവിളിയായിട്ടുണ്ട്. സാധാരണ പോലിസുകാരില്‍ നിന്ന വ്യത്യസ്തമായി ആറു മണിക്കൂറാണ് ഇവരുടെ പ്രവര്‍ത്തന സമയം. എന്നാല്‍ കൊടും വെയിലത്ത് നില ഉറപ്പിക്കുന്നതോടെ ഇവര്‍ക്ക് ഇരട്ടിപണിയാവും. 2000 കാലംഘട്ടം മുതല്‍ ട്രാഫിക് പോലിസിന് കാലാവസ്ഥക്ക് അനുശ്രുതമായ യൂനിഫോം നിശ്ചയിക്കണമെന്ന് ആവശ്യം ശക്തമായിരുന്നു. വിവിധ കമ്മീഷനുകളും ഈ ആവശ്യത്തെ ശരിവെച്ചിരുന്നു. എന്നാല്‍ മാറിമാറി വന്ന സംസ്ഥാനത്തെ ആഭ്യന്തര വകുപ്പുകള്‍ ഒന്നും തന്നെ ഇവര്‍ക്ക് വേണ്ട പരിഗണന നല്‍കിയില്ല.
പ്രാഥമിക ആവശ്യങ്ങള്‍ പോലും പലപ്പോഴും നിര്‍വ്വഹിക്കാനുള്ള സാഹചര്യം ഇവര്‍ക്കില്ല. തിരക്കുകള്‍ക്കിടയില്‍ ശ്രദ്ധതെറ്റിയാല്‍ പിന്നെ കനത്ത ഗതാഗത കുരുക്കും യാത്രക്കാരുടെയും മേല്‍ ഉദ്യോഗസ്ഥരുടെയും ശകാര വര്‍ഷവുമാവും ഫലം. വനിതാ ജീവനക്കാര്‍ക്കാണ് ഇതില്‍ ഏറ്റവും ബുദ്ധിമുട്ട് അനുഭവപ്പെടുന്നത്.
പത്തനംതിട്ട, അടൂര്‍, തിരുവല്ല എന്നിങ്ങനെ മൂന്നു യൂണിറ്റുകളായാണ് ജില്ലയിലെ ട്രാഫിക് സംവിധാനം ക്രമീകരിച്ചിരിക്കുന്നത്. നിലവിലെ ജീവനക്കാരുടെ അനുപാതം കൂട്ടണമെന്ന ആവശ്യം ഇതിന് മുമ്പ് പലതവണ അധികൃതര്‍ക്ക് മുമ്പില്‍ ഉന്നയിക്കപ്പെട്ടിട്ടുണ്ടെങ്കിലും പരിഗണിക്കപ്പെട്ടിട്ടില്ല. കൊടും ചൂടിനെ പ്രതിരോധിക്കാന്‍ അടിയന്തരമായി ഒരു കുടയെങ്കിലും നല്‍കണമെന്നാണ് ജീവനക്കാരുടെ ആവശ്യം.
Next Story

RELATED STORIES

Share it