palakkad local

മതിയായ രേഖകളില്ല; മുതുതല പഞ്ചായത്തിലെ നൂറിലധികം കുടുംബങ്ങള്‍ ദുരിതത്തില്‍

എം വി വീരാവുണ്ണി

പട്ടാമ്പി: 60 വര്‍ഷത്തിലധികമായി താമസിക്കുന്ന സ്ഥലത്തിന് മതിയായ രേഖകളൊന്നുമില്ലാത്തതിനാല്‍ മുതുതല പഞ്ചായത്തിലെ നൂറിലധികം കുടുംബങ്ങള്‍ ദുരിതത്തില്‍. മുതുതല ഗ്രാമപഞ്ചായത്തോഫിസ് പരിസരം, ആലിക്കപ്പറമ്പ്, പെരുമുടിയൂര്‍, കൊടുമുണ്ട റെയില്‍വേ ഗേറ്റ് പരിസരം, വരണ്ടുകുറ്റിക്കടവിന്റെ വടക്കുവശം എന്നിവിടങ്ങളില്‍ 6, 7, 10, 14 വാര്‍ഡുകളില്‍ താമസിക്കുന്ന കുടുംബങ്ങളാണ് മതിയായ ആധാരമോ പട്ടയമോ മറ്റ് രേഖകളൊന്നുമില്ലാതെ സര്‍ക്കാരില്‍ നിന്ന് യാതൊരു ആനുകൂല്യങ്ങളും ലഭിക്കാതെ ദുരിത്തില്‍ കഴിയുന്നത്.
1956 ല്‍ മദ്രാസ് ഡിസ്ട്രിക്ടിറ്റ് ബോര്‍ഡിന്റെ കീഴില്‍ 57 സെന്റ് സ്ഥലം സര്‍ക്കാര്‍ വാങ്ങി വീടില്ലാത്തവര്‍ക്ക് നാലുസെന്റ് വീതം വിതരണം ചെയ്തവും ഇക്കൂട്ടത്തില്‍പെടുന്നതാണ്.
പക്ഷെ അന്ന് സര്‍ക്കാരില്‍ നിന്നും ഭൂമി ലഭിച്ചവര്‍ കൈമാറ്റം ചെയ്തതിനാല്‍ ആ രേഖകളൊന്നും ഇപ്പോഴത്തെ താമസക്കാര്‍ക്ക് ഉപയോഗിക്കാനാവില്ലെന്നതാണ് പ്രശ്‌നം. ചീനപ്പറം കോളനിയിലെ അവസ്ഥ ഇങ്ങനെയെങ്കില്‍ 7, 14 വാര്‍ഡുകളിലുള്ള രണ്ട് ലക്ഷം വീട് കോളനിയിലെ വീട്ടുകാര്‍ക്കും വീടുകള്‍ വാങ്ങുമ്പോള്‍ ഒരു രേഖകളും ലഭിച്ചില്ലെന്നാണ് താമസിക്കുന്നവര്‍ പറയുന്നത്.
അടിസ്ഥാനപരമായി ശരിയായ രേഖകളില്ലാത്തതിനാല്‍ പലര്‍ക്കും സ്ഥലത്തിന്റെ പേരിലുള്ള ഭൂ നികുതി അടക്കാനുമാകുന്നില്ല. ചിലര്‍ മുന്‍ കൈവശക്കാരുടെ പേരില്‍ നികുതി അടയ്ക്കുന്നത് പഞ്ചായത്തില്‍ നിന്നും വില്ലേജോഫീസില്‍ നിന്നുമുള്ള ശിക്ഷാ നടപടികളില്‍ നിന്നും ഒഴിവാകാന്‍ വേണ്ടിയുമാണ്. റെഡിഡന്‍ഷ്യല്‍-ഓണര്‍ഷിപ്പ് ലഭിക്കാത്തതുകൊണ്ട് റേഷന്‍ കാര്‍ഡെടുക്കാനോ വൈദ്യുതി, വെള്ള കണക്ഷനെടുക്കാനോ സാധിക്കുന്നില്ല. ഭൂരിഭാഗം കുടുംബങ്ങളും പിന്നോക്ക ന്യൂനപക്ഷങ്ങളില്‍പ്പെട്ടവരായതിനാല്‍ ഉന്നതങ്ങളില്‍ പിടിപാടില്ലാത്തതും ഒരു പോരായ്മയാകുന്നു.
ഇക്കാര്യങ്ങളൊക്കെ ബോധ്യപ്പെടുത്തിക്കൊണ്ട് ഒറ്റപ്പാലം തഹസില്‍ദാര്‍, ജില്ലാ കലക്ടര്‍, കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി എന്നിവര്‍ക്ക് അപേക്ഷ നല്‍കിയെങ്കിലും ഇതുവരേയും യാതൊരു നടപടിയും അവര്‍ സ്വീകരിച്ചിട്ടില്ല. പട്ടയമോ ആധാരമോ അനുവദിച്ച് തങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ അധികൃതര്‍ തയ്യാറാകണമെന്നാണ് ഇവിടത്തുകാരുടെ ആവശ്യം.
Next Story

RELATED STORIES

Share it