Flash News

മതസൗഹാര്‍ദത്തില്‍ കേരളത്തിന്റെ പാരമ്പര്യം ഉജ്ജ്വലം: രാഷ്ട്രപതി



കൊല്ലം: മതസൗഹാര്‍ദത്തില്‍ കേരളത്തിന്റെ പാരമ്പര്യം ഉജ്ജ്വലമാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. വിവിധ മതങ്ങളുടെയും വിശ്വാസങ്ങളുടെയും പരസ്പര സഹവര്‍ത്തിത്വത്തിന്റെയും ധാരണയുടെയും ഒത്തൊരുമയുടെയും പാരമ്പര്യമാണ് കേരളത്തിനുള്ളത്. എല്ലാ സംസ്‌കാരങ്ങള്‍ക്കും വിഭാഗങ്ങള്‍ക്കും തുല്യമായ ഇടം ഇവിടെയുണ്ട്. അമൃതാനന്ദമയിയുടെ 64ാം ജന്മദിനാഘോഷത്തോടനുബന്ധിച്ച് മഠത്തിന്റെ മൂന്ന് സേവന പദ്ധതികള്‍ രാഷ്ട്രത്തിനു സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ ആത്മീയ പാരമ്പര്യം വിശ്വാസത്തിനും മതത്തിനും അതീതമാണ്. സര്‍വ മതങ്ങളെയും ഉദ്ഭവകാലം മുതല്‍ ഇരു കൈയും നീട്ടി സ്വീകരിച്ച നാടാണ് ഇത്. രാജ്യത്ത് ക്രൈസ്തവര്‍ ആദ്യമെത്തിയത് കേരളത്തിലാണ്. ഇവരാവട്ടെ ലോകത്ത് തന്നെ ഏറ്റവും പുരാതന ക്രിസ്ത്യന്‍ സമൂഹവും. ആദ്യ മുസ്‌ലിം പള്ളിയും കേരളത്തിലാണുണ്ടായത്. അറബ് വ്യാപാരികള്‍ ഏഴാംനൂറ്റാണ്ടില്‍ നിര്‍മിച്ചതാണ് ഈ പള്ളി. റോമാക്കാരുടെയും 2000 വര്‍ഷം മുമ്പ് എത്തിയ ജൂതരുടെയും സമ്പന്നമായ സംസ്‌കാരപാരമ്പര്യമുണ്ടിവിടെ. ഈ പാരമ്പര്യം  അഭിമാനാര്‍ഹമാണ്. ഇത് നാം ഉള്‍ക്കൊള്ളണം. ആധ്യാത്മികതയുടെ അടിസ്ഥാനം തന്നെ ഇതാണെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it