മതസൗഹാര്‍ദത്തിന്റെ പ്രതീകമായി ഉയര്‍ത്തിക്കാട്ടുംശബരിമല: കരുതലോടെ നീങ്ങാന്‍ യുഡിഎഫ് തീരുമാനം

എന്‍ എ ശിഹാബ്

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ടു കലാപക്കൊടി ഉയര്‍ത്തി ബിജെപി രംഗം കൈയടക്കാനൊരുങ്ങുമ്പോള്‍ കരുതലോടെ നീങ്ങാന്‍ യുഡിഎഫ് തീരുമാനം. ശബരിമലയെ മതസൗഹാര്‍ദത്തിന്റെ പ്രതീകമായി ഉയര്‍ത്തിക്കാട്ടിയാവും യുഡിഎഫ് പ്രതിരോധം സൃഷ്ടിക്കുക. നൂറ്റാണ്ടുകളായി ഹിന്ദു, മുസ്‌ലിം മതസൗഹാര്‍ദത്തിന്റെ കേന്ദ്രമാണു ശബരിമല. ആചാരാനുഷ്ഠാനങ്ങളും സൗഹാര്‍ദത്തെയാണു കുറിക്കുന്നത്. പള്ളിയില്‍ പോയ ശേഷമാണു ഭക്തര്‍ സന്നിധാനത്ത് എത്തുന്നത്. മറ്റെങ്ങുമില്ലാത്ത മതസൗഹാര്‍ദമാണിത്. ബിജെപി, ആര്‍എസ്എസ് ആശയങ്ങളുമായി ഒത്തുപോവുന്ന ഒരു സാഹചര്യമല്ല ശബരിമലയില്‍ നിലനില്‍ക്കുന്നത്. സമാധാനാന്തരീക്ഷം ഇഷ്ടപ്പെടുന്ന കേരളജനതയ്ക്കിടയില്‍ ബിജെപി കോപ്പുകൂട്ടുന്ന സംഘര്‍ഷ രാഷ്ട്രീയസമരങ്ങള്‍ക്ക് സാധുതയില്ലെന്ന് ഊട്ടിയുറപ്പിക്കേണ്ടതും മുന്നണിയുടെ ആവശ്യമാണ്.
ശബരിമലയുടെ മറവില്‍ ബിജെപി നടത്തുന്ന ആക്രമണ സമരങ്ങളെ തടയിടാനുള്ള നീക്കങ്ങളും യുഡിഎഫ് നടത്തും. ശബരിമലയിലെ പ്രശ്‌നങ്ങള്‍ക്ക് വ്യവസ്ഥാപിത മാര്‍ഗങ്ങളിലൂടെ പരിഹാരം നിര്‍ദേശിക്കുകയാണു വേണ്ടതെന്നു യുഡിഎഫ് കരുതുന്നു. ശബരിമലയിലെ വിശ്വാസം സംരക്ഷിക്കപ്പെടണം. ഇതിനായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഓര്‍ഡിനന്‍സ് ഇറക്കണം. ബിജെപി എന്തു കൊണ്ട് ഈ ആവശ്യം ഉന്നയിക്കുന്നില്ലെന്നും യുഡിഎഫ് ചോദിക്കുന്നു. ജനാധിപത്യ പരിഹാര മാര്‍ഗങ്ങള്‍ക്ക് പകരം നിയമവിരുദ്ധ മാര്‍ഗങ്ങളാണ് ബിജെപി സ്വീകരിക്കുന്നത്. ഇത്തരം വാദങ്ങളിലൂടെ ബിജെപിയുടെ വര്‍ഗീയ സംഘര്‍ഷ സമരങ്ങളെ ഫലപ്രദമായി ചെറുക്കാന്‍ കഴിയുമെന്നും യുഡിഎഫ് കരുതുന്നു. സുപ്രിംകോടതിയില്‍ ശബരിമല ഭക്തരുടെ താല്‍പര്യം സംരക്ഷിക്കുന്നതില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഒരു പോലെ പരാജയമാണെന്നും യുഡിഎഫ് വിശദീകരിക്കുന്നു. വര്‍ഷങ്ങളോളം നീണ്ട കേസില്‍ ബിജെപിയോസ കേന്ദ്രസര്‍ക്കാരോ ഒരിക്കല്‍ പോലും കക്ഷി ചേര്‍ന്നില്ല. 2016ല്‍ യുഡിഎഫ് സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ വ്യക്തമാക്കിയ സത്യവാങ്മൂലത്തിന് കടകവിരുദ്ധമായ നിലപാട് സ്വീകരിച്ചതാണ് കേസില്‍ തിരിച്ചടിയുണ്ടാവാന്‍ കാരണം. ശബരിമലയിലെ കാര്യങ്ങള്‍ തീരുമാനിക്കാനുള്ള അധികാരം ബന്ധപ്പെട്ടവര്‍ക്ക് വിട്ടുനല്‍കണം. രാജ്യത്തിനും ലോകജനതയ്ക്കും മതസൗഹാര്‍ദത്തിന്റെ ഉത്തമദൃഷ്ടാന്തമായി മാറിയ ശബരിമലയെ സംഘര്‍ഷഭൂമിയാക്കി മാറ്റരുതെന്നും യുഡിഎഫ് നേതാക്കള്‍ ആവശ്യപ്പെട്ടു. ശബരിമല വിഷയത്തില്‍ വ്യക്തവും സത്യസന്ധവുമായ നിലപാടാണു മുന്നണി സ്വീകരിച്ചിരിക്കുന്നത്.

Next Story

RELATED STORIES

Share it