Flash News

മതസൗഹാര്‍ദം തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ല ; ഉപദേശകരുടെ എണ്ണത്തില്‍ വ്യത്യസ്ത മറുപടിയുമായി മുഖ്യമന്ത്രി



തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഉപദേശക പദവി എപ്പോഴും വാര്‍ത്തയില്‍ ഇടംപിടിക്കുന്ന ഒന്നാണ്. എന്നാല്‍ തനിക്ക് എത്ര ഉപദേശകരുണ്ടെന്ന കാര്യത്തില്‍ പിണറായിക്കും സംശയം. നിയമസഭയില്‍ അംഗങ്ങളുടെ ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് മുഖ്യമന്ത്രിയുടെ ആശയക്കുഴപ്പം പുറത്തായത്. ഉപദേശകരെ സംബന്ധിച്ച് മൂന്ന് അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി നല്‍കിയത് വ്യത്യസ്ത ഉത്തരങ്ങള്‍. എട്ട് ഉപദേശകരുണ്ടെന്ന് കോണ്‍ഗ്രസ് അംഗം എം വിന്‍സെന്റിന് മറുപടികൊടുത്തപ്പോള്‍ ലീഗ് അംഗങ്ങളായ പാറക്കല്‍ അബ്ദുല്ലയ്ക്കും ടി വി ഇബ്രാഹിമിനും കിട്ടിയ ഉത്തരക്കടലാസില്‍ ഉപദേശകരുടെ എണ്ണം ആറാണ്. ഇക്കാര്യം ക്രമപ്രശ്‌നമായി സഭയില്‍ ഉന്നയിച്ച വി ഡി സതീശനോട് അവകാശലംഘനത്തിനായിരുന്നു നോട്ടീസ് നല്‍കേണ്ടതെന്ന് ഓര്‍മിപ്പിച്ച സ്പീക്കര്‍ നടപടി പരിശോധിക്കാമെന്ന് മറുപടി നല്‍കി. പാറക്കല്‍ അബ്ദുല്ല ചോദിച്ച ചോദ്യത്തിനുള്ള മറുപടിയില്‍ വികസന ഉപദേഷ്ടാവിനെ നിയമിച്ചിട്ടില്ലായെന്ന മറുപടി നല്‍കിയപ്പോള്‍ വിന്‍സന്റ് ചോദിച്ച ചോദ്യത്തിനുള്ള മറുപടിയില്‍ വികസന ഉപദേഷ്ടാവിനുള്ള വാഹനത്തിന് ഡ്രൈവര്‍ക്കും ഇന്ധനത്തിനും 37,736 രൂപ പ്രതിമാസം ചെലവാകുന്നുണ്ട് എന്നും മുഖ്യമന്ത്രി ഉത്തരം നല്‍കി. മുഖ്യമന്ത്രിയുടെ പേഴ്‌സനല്‍ സ്റ്റാഫില്‍ 23പേരെയും നേരിട്ടാണ് നിയമിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി പറയുന്നു. അതേസയം, മതസൗഹാര്‍ദവും സമാധാന അന്തരീക്ഷവും തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്നും കരുമാലൂര്‍ പഞ്ചായത്തിലെ അനിഷ്ടസംഭവങ്ങളെ ഗൗരവമായാണ് കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയില്‍ വി കെ ഇബ്രാഹിംകുഞ്ഞിന്റെ സബ്മിഷന് മറുപടിപറയുകയായിരുന്നു അദ്ദേഹം. കാരുകുന്ന് സംഭവത്തില്‍ എട്ട് ബിജെപിക്കാരുടെ പേരില്‍ കേസെടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം പ്രവണതകള്‍ മുളയിലേ നുള്ളുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും കുറ്റവാളികളെ പിടിക്കുന്നതിന് രഹസ്യാന്വേഷണ വിഭാഗത്തെ നിയോഗിക്കണമെന്നും ഇബ്രാഹിംകുഞ്ഞ് ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it