Flash News

മതസ്പര്‍ധ കേസ്: ഫോറന്‍സിക് റിപോര്‍ട്ടില്‍ സെന്‍കുമാറിനെതിരേ തെളിവില്ല

തിരുവനന്തപുരം: മതസ്പര്‍ധ വളര്‍ത്തുന്ന പരാമര്‍ശമുള്ള വിവാദ അഭിമുഖവുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ ഡിജിപി സെന്‍കുമാറിനെതിരേ തെളിവില്ലെന്നു ഫോറന്‍സിക് റിപോര്‍ട്ട്. വാരികയുടെ ലേഖകന്‍ ഹാജരാക്കിയ രണ്ട് മൊബൈലിലും ലാപ്‌ടോപ്പിലും അഭിമുഖത്തിന്റെ ശബ്ദരേഖയില്ലെന്നും ഹാജരാക്കിയ സിഡിയില്‍ എഡിറ്റിങുകള്‍ നടന്നതായും പരിശോധനയില്‍ കണ്ടെത്തി.
ഫോറന്‍സിക് റിപോര്‍ട്ട് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം തിരുവനന്തപുരം സിജെഎം കോടതിയില്‍ സമര്‍പ്പിച്ചു. താ ന്‍ പറയാത്ത കാര്യങ്ങളാണു ലേഖനത്തില്‍ പ്രസിദ്ധീകരിച്ചതെന്നായിരുന്നു സെന്‍കുമാറിന്റെ വാദം. സെന്‍കുമാര്‍ പറഞ്ഞതിന്റെ റിക്കാഡിങ് ക്ലിപ്പ് കൈയിലുണ്ടെന്നു വാരികയുടെ ലേഖകനും വ്യക്തമാക്കി. അന്വേഷണത്തിന്റെ ഭാഗമായി അഭിമുഖം റിക്കാഡ് ചെയ്ത ഫോണും സംഭാഷണം പകര്‍ത്തിയ സിഡിയും ലേഖകന്‍ കൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരുന്നു. ഈ ഫോണും സിഡിയും പരിശോധിച്ച് ഫോറന്‍സിക് തയ്യാറാക്കിയ റിപോര്‍ട്ടിലാണ് സെന്‍കുമാറിന് ക്ലീന്‍ചിറ്റ് ലഭിച്ചിരിക്കുന്നത്.
വിരമിച്ച ശേഷം സെന്‍കുമാര്‍ ഒരു വാരികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ മതസ്പര്‍ധ ഉണ്ടാക്കുന്നവിധം സംസാരിച്ചുവെന്നു ചൂണ്ടികാട്ടിയാണു കേസെടുത്ത് അന്വേഷിക്കാന്‍ അന്നത്തെ ചീഫ് സെക്രട്ടറി നളിനി നെറ്റോ പോലിസിനു നിര്‍ദേശം നല്‍കിയത്.
അതേസമയം, മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍ വ്യാജരേഖ ചമച്ച് മെഡിക്കല്‍ അലവന്‍സ് കൈപറ്റാന്‍ ശ്രമിച്ച സംഭവത്തില്‍ വിജിലന്‍സ് കേസ് എടുക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജി കോടതി നിരസിച്ചു.  തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയാണ് ഹരജി പരിഗണിച്ചത്.
Next Story

RELATED STORIES

Share it