Kottayam Local

മതമൈത്രിയുടെ സന്ദേശവുമായി എരുമേലി ചന്ദനക്കുടം കൊടിയേറി

എരുമേലി: കലര്‍പ്പില്ലാത്ത മതസൗഹാര്‍ദ്ദത്തിലൂടെ ചരിത്ര പ്രസിദ്ധമായി മാറിയ എരുമേലി ചന്ദനക്കുട ആഘോഷങ്ങള്‍ക്ക് ഇന്നലെ വൈകീട്ട് 6.30ന് നൈനാര്‍ മസ്ജിദില്‍ കൊടിയേറി. പതിവുപോലെ മതമൈത്രിയുടെ നേര്‍ക്കാഴ്ചയായി ക്ഷേത്രകലയായ തായമ്പകയുടെ അകമ്പടിയോടെയായിരുന്നു കൊടിയേറ്റ്.
അയ്യപ്പന്‍ മഹിഷിയെ വധിച്ചതിന്റെ ഐതിഹ്യ സ്മരണ പുതുക്കി അമ്പലപ്പുഴ-ആലങ്ങാട്ട് സംഘങ്ങള്‍ നടത്തുന്ന പേട്ടതുള്ളലിന് ഐക്യദാര്‍ഢ്യമായാണ് ചന്ദനക്കുടം ആഘോഷിക്കുന്നത്. തീര്‍ത്ഥാടകര്‍ക്ക് മുസ്‌ലിം ജമാഅത്ത് നല്‍കുന്ന വരവേല്‍പ്പും സ്വീകരണവുമാണ് ആഘോഷങ്ങള്‍ക്കു പിന്നില്‍. 11നാണ് ചന്ദനക്കുടാഘോഷം.
ഉച്ചക്ക് രണ്ടിന് മാലിസ ഘോഷയാത്ര വിളംബരമായി പുറപ്പെടും. തുടര്‍ന്ന് രാത്രി ഒമ്പതോടെ ചന്ദനക്കുട ഘോഷയാത്ര ആരംഭിക്കും. ശിങ്കാരിമേളം, പമ്പമേളം, അമ്മംകുടം, പൂക്കാവടി, തുടങ്ങി വിവിധ നാടന്‍ കലകളുടെ സമ്മേളനം കൂടിയായി ഘോഷയാത്ര മാറും. ക്ഷേത്രങ്ങളില്‍ ജമാഅത്ത് ഭാരവാഹികളെ പൂക്കള്‍ വിതറിയും പൂര്‍ണകുംഭങ്ങള്‍ നല്‍കിയുമാണ് സ്വീകരിക്കുക. കലക്ടറുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ സ്വീകരണവുമുണ്ടായിരിക്കും. രാവേറെ നീളുന്ന ചന്ദനക്കുട ആഘോഷം പുലര്‍ച്ചെ നൈനാര്‍ പള്ളിയില്‍ കൊടിയിറങ്ങിയതിനു ശേഷം പിറ്റേന്ന് ഉച്ചയോടെയാണ് ചരിത്രപ്രസിദ്ധമായ പേട്ടതുള്ളല്‍. ചന്ദനക്കുട ആഘോഷത്തിന്റെ കൊടിയേറ്റ് നൈനാര്‍ പള്ളിയില്‍ ജമാ അത്ത് പ്രസിഡന്റ് പിഎ ഇര്‍ഷാദ് നിര്‍വഹിച്ചു.
നേര്‍ച്ചപ്പാറയില്‍ സെക്രട്ടറി സി യു അബ്ദുല്‍ കരീം, നേര്‍ച്ചപ്പാറ പള്ളിയില്‍ ഖജാഞ്ചി കെ എ അബ്ദുല്‍ സലാം, ചരള പള്ളിയില്‍ ശാഖാ ജമാഅത്ത് പ്രസിഡന്റ് പി പി ലത്തീഫ് എന്നിവരും കൊടിയേറ്റ് നിര്‍വഹിച്ചു. നൈനാര്‍ മസ്ജിദ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ഭാരവാഹികളും കമ്മിറ്റിയംഗങ്ങളുമായ നിസാര്‍ പ്ലാമൂട്ടില്‍, നാസര്‍ പനച്ചിയില്‍, നൗഷാദ് കുറുംങ്കാട്ടില്‍, ഹക്കീം മാടത്താനി, റെജി ചക്കാല, അഡ്വ. പിഎച്ച് ഷാജഹാന്‍, സിഎഎം കരീം, അബ്ദുല്‍കരീം വെട്ടിയാനിക്കല്‍, അനീഷ് ഇളപ്പുങ്കല്‍, അന്‍സാരി പാടിക്കല്‍, നൈസാം പി. അഷറഫ്, റഫീക്ക് കിഴക്കേപറമ്പില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it