മതമുള്ളവരെ കൂടി മതമില്ലാത്തവരാക്കരുത്: പി കെ കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: മതേതരത്വം പറഞ്ഞു പറഞ്ഞ് മതമുള്ളവരെ കൂടി മതമില്ലാത്തവരാക്കരുതെന്ന് പി കെ കുഞ്ഞാലിക്കുട്ടി എംപി.
മുസ്‌ലിം സംഘടനാ പ്രതിനിധികളുടെ സംയുക്ത യോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് മതം ഇല്ല എന്നു പറയുന്നവര്‍ക്ക് അത് പറയാനും ജീവിക്കാനുമുള്ള അവകാശമുണ്ട്. പക്ഷേ, മതം ഉള്ളവരെ മതമില്ലാത്തവരാക്കാതിരുന്നാല്‍ മതി. കേരളത്തിലെ വിദ്യാലയങ്ങളില്‍ പഠിക്കുന്ന മതമില്ലാത്തവരെ സംബന്ധിച്ച് സര്‍ക്കാര്‍ പുറത്തുവിട്ട കണക്ക് തെറ്റാണെങ്കില്‍ അതു ഗൗരവതരമാണെന്ന് അദ്ദേഹം പറഞ്ഞു.
നിയമസഭയില്‍ വച്ച കണക്കാണിത്. ഇതു തെറ്റാണെങ്കില്‍ നിയമപരമായ കാര്യങ്ങളുമായി മുന്നോട്ടുപോവും. കേരളത്തില്‍ മുസ്‌ലിം സംഘടനകള്‍ സവിശേഷമായി നേരിടുന്ന ചില പ്രശ്‌നങ്ങള്‍ ഉണ്ട്. അതുകൊണ്ടാണ് എല്ലാവരും ഒരുമിച്ച് ഇരുന്നത്. മതപ്രബോധന വിലക്ക് ഒരു ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ കൂടി പ്രശ്‌നമാണ്. ഏത് മതപണ്ഡിതനും വിശ്വാസികള്‍ക്കിടയില്‍ പ്രബോധനം നടത്താന്‍ അവകാശമുണ്ട്. അതിനെ അടിച്ചൊതുക്കുന്ന പ്രവണത അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ പറഞ്ഞതില്‍ നിന്നെല്ലാം മനസിലാവുന്നത് പിണറായി സര്‍ക്കാര്‍ ഒരു മുസ്‌ലിം വിരുദ്ധ സര്‍ക്കാര്‍ ആണെന്നല്ലേ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയാന്‍ അദ്ദേഹം തയ്യാറായില്ല. സംയുക്ത യോഗത്തില്‍ അത്തരത്തില്‍ ചര്‍ച്ച നടന്നിട്ടില്ലെന്നും യോഗത്തില്‍ ചര്‍ച്ച ചെയ്ത കാര്യങ്ങള്‍ മാത്രമാണ് മാധ്യമങ്ങള്‍ക്കു മുന്നില്‍ വിശദീകരിക്കുന്നത് എന്നും പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നു. പിണറായി സര്‍ക്കാരിനെതിരേ കുഞ്ഞാലിക്കുട്ടിയുടെ ഭാഗത്തു നിന്നും കാര്യമായ വിമര്‍ശനം ഉണ്ടായില്ല എന്നതും ശ്രദ്ധേയമായി.
Next Story

RELATED STORIES

Share it