മതമില്ലാത്ത വിദ്യാര്‍ഥികള്‍: കണക്കു തെറ്റെന്ന് സ്‌കൂളുകള്‍

തിരുവനന്തപുരം/കാഞ്ഞങ്ങാട്: സംസ്ഥാനത്ത് കഴിഞ്ഞ അധ്യയനവര്‍ഷം 1,24,147 കുട്ടികള്‍ ജാതിമത കോളങ്ങള്‍ പൂരിപ്പിക്കാതെ സ്‌കൂള്‍ പ്രവേശനം നേടിയിട്ടുണ്ടെന്ന സര്‍ക്കാരിന്റെ കണക്കില്‍ പിഴവ്. സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ തള്ളി സ്‌കൂളുകള്‍ രംഗത്തെത്തി. കാസര്‍കോട്, മലപ്പുറം ജില്ലകളിലെ സ്‌കൂളുകളില്‍ നിന്ന് ശേഖരിച്ച കണക്കുകളാണ് യഥാര്‍ഥ കണക്കുമായി പൊരുത്തപ്പെടാത്തത്.
കളമശ്ശേരിയിലെ രാജഗിരി സ്‌കൂള്‍, തൃശൂര്‍ അത്താണി സെന്റ് ഫ്രാന്‍സിസ് അസീസി സ്‌കൂള്‍, കാസര്‍കോട് എന്‍എ മോഡല്‍ സ്‌കൂള്‍, തുറയ്ക്കല്‍ അല്‍ഹിദായ സ്‌കൂള്‍ എന്നിവയാണ് പരാതിയുമായി എത്തിയിരിക്കുന്നത്. ഈ സ്‌കൂളുകളില്‍ ആയിരത്തിലധികം വിദ്യാര്‍ഥികള്‍ ജാതിമത കോളങ്ങള്‍ പൂരിപ്പിച്ചിട്ടില്ലെന്നാണ് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് നിയമസഭയില്‍ നല്‍കിയ കണക്ക്. എന്നാല്‍, ജാതിമത കോളങ്ങള്‍ നിര്‍ബന്ധമായും പൂരിപ്പിക്കേണ്ട ഒന്നല്ലാത്തതിനാല്‍ അത് ഒഴിവാക്കിയ വിദ്യാര്‍ഥികളെ കൂടി സര്‍ക്കാര്‍ ഈ പട്ടികയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. മതപഠനത്തിന് ഊന്നല്‍ നല്‍കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പോലും സര്‍ക്കാര്‍ കണക്കില്‍ മതമില്ലാത്ത നിരവധി കുട്ടികള്‍ പഠിക്കുന്നുണ്ട്.
എപി വിഭാഗം സുന്നികളുടെ മലപ്പുറത്തെ മഅ്ദിന്‍ സ്‌കൂളിലെ 1071 വിദ്യാര്‍ഥികളും കോഴിക്കോട്ടെ കല്‍പകഞ്ചേരി യതീംഖാന സ്‌കൂളിലെ 206 വിദ്യാര്‍ഥികളും മതവും ജാതിയുമില്ലാത്ത വിദ്യാര്‍ഥികളുടെ ലിസ്റ്റില്‍ കയറിപ്പറ്റി. കാസര്‍കോട് എന്‍എ മോഡല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ 791 കുട്ടികളില്‍ 427 പേര്‍ ജാതിയോ മതമോ രേഖപ്പെടുത്തിയില്ലെന്നാണ് നിയമസഭാ രേഖയില്‍ പറയുന്നത്. എന്നാല്‍, സ്‌കൂള്‍ രജിസ്റ്ററില്‍ മുഴുവന്‍ കുട്ടികളും ജാതിമത കോളങ്ങള്‍ പൂരിപ്പിച്ചുവെന്ന് എന്‍എ മോഡല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ മാനേജര്‍ എന്‍ എ അബൂബക്കര്‍ പറയുന്നു.
ജാതിമത കോളങ്ങള്‍ പൂരിപ്പിക്കാത്തവരില്‍ 1.23 ലക്ഷം പേര്‍ ഒന്ന് മുതല്‍ 10 വരെ ക്ലാസുകളിലും 275 പേര്‍ ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷത്തിലും 239 കുട്ടികള്‍ രണ്ടാം വര്‍ഷത്തിലും പഠിക്കുന്നുവെന്നാണ് വിദ്യാഭ്യാസ മന്ത്രി നിയമസഭയില്‍ പറഞ്ഞത്.
Next Story

RELATED STORIES

Share it