kozhikode local

മതപരിവര്‍ത്തനം പൗരസ്വാതന്ത്ര്യമായി കാണാന്‍ ജനാധിപത്യവാദികള്‍ക്കുപോലും കഴിയുന്നില്ല: കെഇഎന്‍

കോഴിക്കോട്: മതപരിവര്‍ത്തനം പൗരസ്വാതന്ത്ര്യമായി കാണാന്‍ ജനാധിപത്യവാദികള്‍ക്കുപോലും കഴിയാത്ത അവസ്ഥയാണ് കേരളത്തിലിപ്പോഴും നിലനില്‍ക്കുന്നതെന്ന് കെഇഎന്‍ കുഞ്ഞഹമ്മദ്. ടൗണ്‍ഹാളില്‍ ഡോ. പ്രദീപന്‍ പമ്പിരിക്കുന്ന് അനുസ്മരണ പരിപാടിയായ 'പ്രദീപ്ത സ്മരണ'യുടെ ഭാഗമായി സംഘടിപ്പിച്ച ഗാന്ധി, അംബേദ്കര്‍, മാര്‍ക്‌സ് സമകാലീന ഇന്ത്യയില്‍ എന്ന ദേശീയ സെമിനാറില്‍ ദേശീയതയുടെ പ്രത്യയശാസ്ത്രം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഗാന്ധിയന്‍മാരും അംബേദ്കറുടെ നിലപാടുള്ളവരും  മാര്‍ക്‌സിസ്റ്റുകളും ഉള്‍പ്പെടെ ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന എല്ലാ ചിന്താധാരകളിലുള്ളവരും എല്ലാ വിയോജിപ്പുകളും മാറ്റി വച്ച് ഒന്നിക്കേണ്ട സാഹചര്യമാണ് ഇന്ന് ഇന്ത്യയിലുള്ളത്. ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യത്തെ തകര്‍ത്തുകൊണ്ടിരിക്കുന്ന സാംസ്‌കാരിക ദേശീയതയെ ചെറുക്കാന്‍ എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മാറ്റിവച്ച് ഒന്നിക്കുകയാണു വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഡോ. ഖദീജ മുംതാസ് ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ ഡോ. യു ഹേമന്ദ് കുമാര്‍ അധ്യക്ഷത വഹിച്ചു. ഡോ. എം ബി മനോജ് ദലിത് സാഹിത്യത്തിന്റെ വര്‍ത്തമാനം എന്ന വിഷയം അവതിരിപ്പിച്ചു. നവോത്ഥാനം എന്ന വിഷയത്തില്‍ രാജേന്ദ്രന്‍ എടത്തുംകരയും പ്രബന്ധം അവതരിപ്പിച്ചു. സജീഷ് നാരായണ്‍, ഡോ. വി അബ്ദുല്‍ ലത്തീഫ് സംസാരിച്ചു. ഉച്ചയ്ക്കുശേഷം നടന്ന രണ്ടാമത്തെ സെഷനില്‍ ഡോ. ജി ഉഷാകുമാരി സ്ത്രീകള്‍ ആഖ്യാനവും പ്രതിനിധാവും എന്ന വിഷയം അവതരിപ്പിച്ചു. ചടങ്ങില്‍ സോണിയ ഇ പ അധ്യക്ഷതവഹിച്ചു. പ്രകാശന്‍ ചേവായൂര്‍, പി ബിനോയ്  സംബന്ധിച്ചു.
വൈകിട്ട് നടന്ന അനുസ്മരണ സമ്മേളനം ആന്ധ്രപ്രദേശ് ഡോ. അബ്ദുല്‍ ഹഖ് ഉര്‍ദു സര്‍വ്വകലാ ശാല വൈസ് ചാന്‍സലര്‍ ഡോ. മുസഫര്‍ അലി ഷഹ്മീരി ഉദ്ഘാടനം ചെയ്തു. ഗുജറാത്ത് സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റി അധ്യാപകന്‍ ഇ വി രാമകൃഷ്ണന്‍ സ്മാരക പ്രഭാഷണം നടത്തി. പ്രദീപന്‍ പാമ്പിരിക്കുന്ന് എഴുതിയ ഏകജീവിതാനശ്വരഗാനം എന്ന പുസ്തകം ചടങ്ങില്‍ പ്രകാശനം ചെയ്തു. പരിപാടിയില്‍ അനില്‍ കുമാര്‍ തിരുവോത്ത് അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it