മതപരമായ ശത്രുത വളരുന്നത് തടയണമെന്ന് കമ്മീഷന്‍

സ്വന്തം പ്രതിനിധി

തിരുവനന്തപുരം: തിരഞ്ഞെടുപ്പു സംബന്ധിച്ച് മതമോ വംശമോ ജാതിയോ സമുദായമോ ഭാഷയോ ആധാരമാക്കി പൗരന്മാര്‍ തമ്മില്‍ ശത്രുതാപരമായ വികാരങ്ങളോ വെറുപ്പോ വളര്‍ത്താന്‍ പാടില്ലെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കമ്മീഷന്‍ നിര്‍ദേശം നല്‍കി. തിരഞ്ഞെടുപ്പില്‍ അഴിമതി, തിരഞ്ഞെടുപ്പ് സംബന്ധിച്ച് കുറ്റങ്ങള്‍ എന്നിവ തടയുന്നതിനായി ബന്ധപ്പെട്ട തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ കര്‍ശന നടപടി സ്വീകരിക്കണം.
വോട്ടെടുപ്പ് അവസാനിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള 48 മണിക്കൂര്‍ കാലയളവിനുള്ളില്‍ ആ നിയോജകമണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് പൊതുയോഗങ്ങള്‍ വിളിച്ചുകൂട്ടാനോ അതില്‍ പങ്കെടുക്കാനോ പാടില്ല. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനോ വരണാധികാരിയോ അസിസ്റ്റന്റ് വരണാധികാരിയോ പ്രിസൈഡിങ് ഓഫിസറോ പോളിങ് ഓഫിസറോ സ്ഥാനാര്‍ഥികള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കരുത്.
പോളിങ് സ്റ്റേഷനില്‍ പ്രിസൈഡിങ് ഓഫിസറുടെ നിയമാനുസൃത നിര്‍ദേശങ്ങള്‍ അനുസരിച്ചായിരിക്കണം ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കേണ്ടത്. വാഹനങ്ങള്‍ നിയമവിരുദ്ധമായി കൂലിക്കെടുക്കരുത്. സര്‍ക്കാര്‍ ജീവനക്കാരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ജീവനക്കാരോ തിരഞ്ഞെടുപ്പ് ഏജന്റായോ പോളിങ് ഏജന്റായോ പ്രവര്‍ത്തിക്കരുത്.
വോട്ടറെ ഭീഷണിപ്പെടുത്തല്‍, വോട്ടിങ് തടസ്സപ്പെടുത്തല്‍, ബൂത്ത് പിടിച്ചെടുക്കല്‍, വോട്ടെണ്ണല്‍ കേന്ദ്രം പിടിച്ചെടുക്കല്‍, വോട്ടെണ്ണല്‍ തടസ്സപ്പെടുത്തല്‍ എന്നിവയെല്ലാം നിയമലംഘനമാണ്. സര്‍ക്കാര്‍ /തദ്ദേശ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ഒരു സ്ഥാനാര്‍ഥിയുടെയും വിജയസാധ്യത മെച്ചപ്പെടുത്തുന്നതിന് ഒത്താശ ചെയ്യരുത്.
ക്രമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ബന്ധപ്പെട്ട വരണാധികാരി / തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ പോലിസിനെ വിവരം അറിയിച്ച് കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.
Next Story

RELATED STORIES

Share it