മതപരമായ വിശ്വാസങ്ങളില്‍ കോടതികള്‍ ഇടപെടരുത്: ജ. ഇന്ദു മല്‍ഹോത്ര

ന്യൂഡല്‍ഹി: ഏതു പ്രായത്തിലുള്ള സ്ത്രീകള്‍ക്കും ശബരിമലയിലേക്കു പ്രവേശനം നല്‍കിക്കൊണ്ടുള്ള സുപ്രിംകോടതിയുടെ ഭൂരിപക്ഷവിധിയോട് ബെഞ്ചിലെ ഏക വനിതാ ജസ്റ്റിസായ ഇന്ദു മല്‍ഹോത്ര വിയോജിച്ചു. മതപരമായ വിശ്വാസങ്ങളില്‍ കോടതികള്‍ ഇടപെടരുതെന്നാണ് തന്റെ വിഭിന്ന വിധിയില്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര വ്യക്തമാക്കിയിരിക്കുന്നത്.
യുക്തിക്ക് മതത്തില്‍ സ്ഥാനമില്ല. അയ്യപ്പഭക്തരെ പ്രത്യേക വിഭാഗമായി കാണണം. അയ്യപ്പനും ശബരിമല ക്ഷേത്രത്തിനും ഭരണഘടനയുടെ 25, 26 അനുച്ഛേദങ്ങളുടെ പരിരക്ഷയുണ്ട്. രാജ്യത്ത് വിവിധ മതാചാരങ്ങള്‍ പുലര്‍ത്തുന്ന വിഭാഗങ്ങളുണ്ട്. ആര്‍ക്കും അവര്‍ വിശ്വസിക്കുന്ന മതങ്ങളില്‍ ഉറച്ചുനില്‍ക്കാനും ആചാരങ്ങള്‍ പിന്തുടരാനും ഭരണഘടന അനുവാദം നല്‍കുന്നുണ്ട്.
സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കുന്ന വിധി രാജ്യത്തെ മറ്റു മതങ്ങളിലും നടപ്പാക്കണമെന്ന ആവശ്യമുയരാന്‍ ശബരിമല വിധി ഇടയാക്കുമെന്നും ഇന്ദു മല്‍ഹോത്ര തന്റെ വിധിന്യായത്തില്‍ പറയുന്നു.
ഇന്ത്യക്ക് വൈവിധ്യമാര്‍ന്ന ആചാരങ്ങളുണ്ട്. ഇന്ത്യപോലൊരു ബഹുസ്വര സമൂഹത്തില്‍ യുക്തിരഹിതമായ ആചാരങ്ങള്‍ അനുഷ്ഠിക്കാനുള്ള സ്വാതന്ത്ര്യവും ഭരണഘടന അനുവദിക്കുന്നുണ്ട്. മതപരമായ ആചാരങ്ങള്‍ ഭരണഘടനയുടെ 14ാം അനുച്ഛേദ(നിയമത്തിനു മുമ്പിലുള്ള തുല്യത)പ്രകാരമുള്ള പരിശോധനയ്ക്കു വിധേയമാക്കുന്നതിനെ ഇന്ദു മല്‍ഹോത്ര തന്റെ വിധിന്യായത്തില്‍ എതിര്‍ക്കുന്നുണ്ട്. ശബരിമല പൊതു ക്ഷേത്രമാണെന്ന വാദത്തോട് യോജിക്കാനാവില്ല.
ശബരിമല ക്ഷേത്രത്തിന് പണം ലഭിക്കുന്നത് ദേവസ്വം ബോര്‍ഡില്‍ നിന്നാണ്; സര്‍ക്കാരില്‍ നിന്നല്ല. ആചാരങ്ങള്‍, വിശ്വാസങ്ങള്‍ എന്നിവയും ഭരണഘടനാപരമായ തത്ത്വങ്ങളും തമ്മില്‍ കൃത്യമായ വേര്‍തിരിവ് വേണമെന്നും ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര വിധിന്യായത്തില്‍ പറയുന്നു.

Next Story

RELATED STORIES

Share it