Districts

മതപണ്ഡിതന്മാര്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നത് അനുവദിക്കാനാവില്ല: മന്ത്രി ആര്യാടന്‍ മുഹമ്മദ്

മലപ്പുറം: മതപണ്ഡിതന്മാര്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നത് അനുവദിക്കാനാവില്ലെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. മലപ്പുറം പ്രസ്‌ക്ലബ്ബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. മതവും രാഷ്ട്രീയവും രണ്ടാണ്. മതം കൈകാര്യം ചെയ്യുന്നത് പുരോഹിതരായിരിക്കണം. രാഷ്ട്രീയം കൈകാര്യം ചെയ്യേണ്ടത് രാഷ്ട്രീയക്കാരും. പള്ളി, അമ്പലം, മസ്ജിദ് എന്നിവ നിയന്ത്രിക്കാന്‍ രാഷ്ട്രീയക്കാര്‍ മിനക്കെടരുത്.

മതത്തിന്റെ പേരില്‍ രാഷ്ട്രീയപ്പാര്‍ട്ടി രൂപീകരിക്കുന്നതിനോട് യോജിക്കാനാവില്ല. വെള്ളാപ്പള്ളി നടേശനും എ പി അബൂബക്കര്‍ മുസ്‌ല്യാരും രാഷ്ട്രീയപ്പാര്‍ട്ടി രൂപീകരിക്കുന്നതിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്- ലീഗ് തര്‍ക്കം നിലനില്‍ക്കുന്ന പഞ്ചായത്തുകളില്‍ പ്രശ്‌നം പരിഹരിക്കാതെ വന്നാല്‍ തനിച്ച്് മല്‍സരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ആര്യാടന്‍ പറഞ്ഞു.

എന്നാല്‍, കോണ്‍ഗ്രസ് ഒറ്റയ്ക്കു തന്നെയായിരിക്കും മല്‍സരിക്കുക. ഡി.സി.സി. പ്രസിഡന്റ് ഇ മുഹമ്മദ് കുഞ്ഞിയുടെ പഞ്ചായത്തായ പോരൂര്‍ ലീഗ്- കോണ്‍ഗ്രസ് തര്‍ക്കം തീരാത്ത പഞ്ചായത്തുകളിലൊന്നാണ്. ചോക്കാട്, കാളികാവ്, കരുവാരക്കുണ്ട് പഞ്ചായത്തുകളിലും തര്‍ക്കം പരിഹരിക്കുന്നതിന് താനും മന്ത്രി എ പി അനില്‍ കുമാറും ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹമീദുമായി ചര്‍ച്ച നടത്തിയതാണ്.

എന്നിട്ടും പരിഹാരമായിട്ടില്ല.  യു.ഡി.എഫ്. പാര്‍ട്ടിയല്ല. മുന്നണിയാണ്. മറ്റൊരു പാര്‍ട്ടിയുടെ മേല്‍ തീരുമാനം അടിച്ചേല്‍പ്പിക്കുന്ന രീതി കോണ്‍ഗ്രസ്സിനില്ല. മലപ്പുറത്തെ ആറോളം പഞ്ചായത്തുകളില്‍ കോണ്‍ഗ്രസ്സും ലീഗും ഒറ്റയ്ക്കു മല്‍സരിക്കാനിടവരും. സ്വാമി ശാശ്വാതികാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് പുനരന്വേഷണം വേണമെന്ന കാര്യം മന്ത്രിസഭയുടെ പരിഗണക്കു വന്നിട്ടില്ലെന്നും  ആര്യാടന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it