kozhikode local

മതനിരപേക്ഷത തകര്‍ക്കാനുള്ള നീക്കം ഉല്‍ക്കണ്ഠാജനകം: മുഖ്യമന്ത്രി

കോഴിക്കോട്്: രാജ്യത്ത്് ഭരണഘടനാ സ്ഥാപനങ്ങളെ നോക്കുകുത്തികളാക്കി മതനിരപേക്ഷത തകര്‍ക്കാനുള്ള നീക്കം ഉത്കണ്ഠാജനകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ടൗണ്‍ഹാളില്‍ നിയമസഭ വജ്ര ജൂബിലി ആഘോഷത്തിന്റെ ജില്ലാതല സമാപനവും നിയമസഭാ ദിനാഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നാടിന്റെ മതനിരപേക്ഷ പൈതൃകവും സാഹോദര്യവും കാത്തുസൂക്ഷിക്കാന്‍ ഭരണഘടനയെയും ഭരണഘടനാ സ്ഥാപനങ്ങളെയും ശക്തിപ്പെടുത്താന്‍ ഇടപെടണമെന്നാണ് കാലം നമ്മോട് ആവശ്യപ്പെടുന്നത്. ഭരണസംവിധാനം സുഗമമായി നടത്താന്‍ നമ്മുടെ ഭരണഘടനയില്‍  തന്നെ അതിന്റെ മൂന്നു ശാഖകളായ എക്‌സിക്കുട്ടീവ്, ജുഡീഷ്യറി, ലെജിസ്ലേച്ചര്‍ എന്നിവയെ ഏകോപിപ്പിക്കാനും നിയന്ത്രിക്കാനും വേണ്ട “ചെക്ക്‌സ് ആന്റ് ബാലന്‍സസ്’ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
എന്നാല്‍ അവയെല്ലാം അവഗണിച്ച്് ഒരു ശാഖ മറ്റൊന്നിന്റെ അധികാര പരിധിയില്‍  കൈക്കടത്തുന്നു എന്ന തരത്തിലുള്ള ആക്ഷേപങ്ങള്‍ ഇപ്പോള്‍ ഉയര്‍ന്നുവരുന്നുണ്ട്. ജഡ്ജിമാരുടെ നിയമനത്തിലും ജുഡീഷ്യറിയുടെ മൊത്തത്തിലുള്ള പ്രവര്‍ത്തനത്തിലും മറ്റും എക്‌സിക്യുട്ടീവ് ഇടപെടുന്നു എന്നുള്ള വാര്‍ത്തകള്‍ ആശങ്കാജനകമാണ്.
കേരള നിയമസഭയ്ക്ക് പല കാര്യങ്ങളിലും ഇന്ത്യയ്ക്ക് മാതൃകയാകാന്‍ കഴിഞ്ഞിട്ടുണ്ട്. അഭിപ്രായ ഭിന്നതകള്‍ ഉണ്ടെങ്കിലും സംസ്ഥാനത്തിന്റെ പൊതുതാല്‍പ്പര്യങ്ങളെ ഹനിക്കുന്ന വിഷയങ്ങളില്‍ എല്ലാവരും ഒറ്റക്കെട്ടാവണം. ഭിന്നതകള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സോഷ്യല്‍ മീഡിയ വഴി പ്രചരിച്ച ഹര്‍ത്താലിന്റെ മറവില്‍ സംസ്ഥാനത്ത് ഒരുവിഭാഗത്തെ പ്രകോപിപ്പിക്കാനുള്ള ശ്രമമുണ്ടായെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിഷേധത്തെ വഴി തിരിച്ചുവിടാനുള്ള ബോധപൂര്‍വമായ ശ്രമമുണ്ടായി.
നമ്മുടെ മനസിനെ വേദനിപ്പിച്ച ആ പിഞ്ചുകുഞ്ഞിന്റെ ദുരനുഭവത്തിനെതിരെ നമ്മള്‍ ഒരേ രീതിയിലാണ് പ്രതിഷേധിച്ചത്. എന്നാല്‍ അതിനെ പ്രത്യേക കണ്ണോടെ പ്രത്യേക നിറം കൊടുത്ത് തങ്ങളുദ്ധേശിക്കുന്ന തരത്തിലേക്കെത്തിക്കാന്‍ ചിലര്‍ ശ്രമിച്ചു. വിരലിലെണ്ണാവുന്നവര്‍ അതിന്റെ നേതൃത്വം ഏറ്റെടുക്കുകയും ചെയ്തു. സോഷ്യല്‍ മീഡിയയിലൂടെ സ്വന്തം ഐഡന്റിറ്റി മറച്ചുവെച്ചാണ് ഇത്തരം പ്രചരണങ്ങള്‍ ഇവര്‍ നടത്തിയത്. സംസ്ഥാനത്തെ ഒരു വിഭാഗത്തെ പ്രകോപിപ്പിക്കാനാണ് ഇതിലൂടെ ഇവര്‍ ശ്രമിച്ചത്. ഇതില്‍ പലരും കുടുങ്ങിയതായി നാം കണ്ടു. കൂടാതെ ഇതിന് തുടക്കം കുറിച്ചവര്‍ നാടിനെ അപകടകരമായ രീതിയിലേക്കെത്തിക്കാനാണ് ശ്രമിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.ചടങ്ങില്‍ ഡോ എം കെ മുനീര്‍ എം എല്‍എ അധ്യക്ഷത വഹിച്ചു.
തൊഴില്‍ എക്‌സൈസ്  മന്ത്രി ടി പി രാമകൃഷ്ണന്‍, എം എല്‍എ മാരായ സി കെ നാണു, എ പ്രദിപ്കുമാര്‍, ഇ കെ വിജയന്‍, പി ടി എ റഹീം,  കെ ദാസന്‍, വി കെ സി മമ്മദ്‌കോയ, പുരുഷന്‍ കടലുണ്ടി, പാറക്കല്‍ അബ്ദുള്ള, കാരാട്ട് റസാഖ്, ജില്ലാ കലക്ടര്‍ യു വി ജോസ്, നിയമസഭ അഡീഷണല്‍ സെക്രട്ടറി സി ജോസ് സംബന്ധിച്ചു.
Next Story

RELATED STORIES

Share it