Flash News

മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന ആരുമായും സഹകരിക്കാന്‍ തയ്യാര്‍ : എ കെ ആന്റണി



തിരുവനന്തപുരം: മതതീവ്രവാദത്തെയും വര്‍ഗീയശക്തികളെയും എതിര്‍ക്കാന്‍ മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന ആരുമായും സഹകരിക്കാന്‍ തയ്യാറെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം എ കെ ആന്റണി. ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തോടും സര്‍ദാര്‍ വല്ലഭ്ഭായി പട്ടേലിന്റെ ജന്മദിനത്തോടും അനുബന്ധിച്ച് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബിജെപി അധികാരത്തിലെത്തി മൂന്നുവര്‍ഷമായപ്പോഴേക്കും ദേശീയനേതാക്കളെ തമസ്‌കരിക്കാന്‍ ശ്രമം നടക്കുന്നു. ഭാരതീയ ജനസംഘം അധ്യക്ഷനായിരുന്ന ദീന്‍ദയാല്‍ ഉപാധ്യായയെ രാഷ്ട്രപിതാവാക്കാനും ആര്‍എസ്എസ് നേതാക്കളെ സ്വാതന്ത്ര്യസമര സേനാനികളാക്കാനും ശ്രമിക്കുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ചരിത്രം തിരുത്തിയെഴുതുകയാണ്. സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ പോലും ചരിത്രം വളച്ചൊടിക്കുന്നു. കോര്‍പറേറ്റുകള്‍ക്ക് വേണ്ടിയുള്ള ഭരണമാണ് ഇപ്പോള്‍ നടക്കുന്നത്. നോട്ട്‌നിരോധനം കൊണ്ട് എന്തു നേടിയെന്ന ചോദ്യത്തിന് ഉത്തരം പറയാതെ പ്രധാനമന്ത്രി നരേന്ദ്രമോദി ഒളിച്ചോടുകയാണ്. ജനങ്ങളുടെ കോടതിയില്‍ ഈ ചോദ്യത്തിന് ഉത്തരം പറയാന്‍ മോദി നിര്‍ബന്ധിതനാവും. ഇല്ലെങ്കില്‍ നരേന്ദ്രമോദിയെ കൊണ്ട് കോണ്‍ഗ്രസ് ഉത്തരം പറയിക്കുമെന്നും ആന്റണി പറഞ്ഞു.രാജ്യത്തിന്റെ ഐക്യവും മതനിരപേക്ഷതയും സംരക്ഷിക്കാന്‍ രക്തസാക്ഷിത്വം വരിച്ച ധീരവനിതയാണ് ഇന്ദിരാഗാന്ധി. ഐക്യം ഊട്ടിയുറപ്പിക്കാന്‍ ഏതറ്റംവരെയും പോവാന്‍ തയ്യാറായ വ്യക്തിയാണ് സര്‍ദാര്‍ വല്ലഭ്ഭായി പട്ടേല്‍. ആര്‍എസ്എസിന്റെ പ്രവര്‍ത്തനം രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്കു ഭീഷണിയാണെന്ന് കണ്ടപ്പോള്‍ ആ സംഘടനയെ നിരോധിക്കാന്‍ വല്ലഭ്ഭായി പട്ടേല്‍ ചങ്കൂറ്റം കാട്ടിയെന്നും ആന്റണി അനുസ്മരിച്ചു. മതേതരത്വത്തിന്റെ ആരാച്ചാരാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് കെപിസിസി പ്രസിഡന്റ് എം എം ഹസന്‍ പറഞ്ഞു. കെപിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി അധ്യക്ഷത വഹിച്ചു. മുന്‍ പ്രസിഡന്റുമാരായ തെന്നല ബാലകൃഷ്ണപിള്ള, വി എം സുധീരന്‍, എംഎല്‍എമാരായ വി എസ് ശിവകുമാര്‍, കെ എസ് ശബരീനാഥന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it