kozhikode local

മതത്തില്‍ നിന്ന് ആത്മീയത ചോര്‍ത്തിക്കളയുന്നവരാണ് വിദ്വേഷം വളര്‍ത്തുന്നത്: കെ സച്ചിദാനന്ദന്‍

കോഴിക്കോട്: എഴുത്തിലെ സ്ത്രീ വിരുദ്ധതയും മീശയുടെ രാഷ്ട്രീയവും എന്ന വിഷയത്തില്‍ കോഴിക്കോട് സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ സംവാദം നടത്തി.
പോലിസ് കാന്റീന്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന സംവാദം എഴുത്തുകാരന്‍ കെ സച്ചിദാനന്ദന്‍ ഉദ്ഘാടനം ചെയ്തു. പെരുമാള്‍ മുരുകള്‍ എഴുത്ത് അവസാനിപ്പിച്ചു എന്ന് പ്രഖ്യാപിച്ച വേളയില്‍ എഴുതിയ മാപ്പ് എന്ന സ്വന്തം കവിത അവതരിപ്പിച്ചുകൊണ്ടാണ് സച്ചിദാനന്ദന്‍ ഉദ്ഘാടന പ്രസംഗം ആരംഭിച്ചത്. മതത്തില്‍ നിന്ന് അതിന്റെ ആത്മീയത ചോര്‍ത്തികളയുന്നവരാണ് മതത്തിന്റെ പേരില്‍ വിദ്വേഷങ്ങളുണ്ടാക്കുന്നതെന്ന്് സച്ചിദാനന്ദന്‍ പറഞ്ഞു. ഇവര്‍ മതവിശ്വാസികളോടും അല്ലാത്തവരോടും ചോദ്യങ്ങളായി തുടങ്ങുകയും അത് ശകാരമായി വളര്‍ത്തി ഭീഷണിയായി പരിണമിപ്പിച്ച് കൊലപാതകത്തില്‍ അവസാനിപ്പിക്കുകയാണ്.
കഥയെ കഥയായി കാണാന്‍ സാധിക്കാത്തതുകൊണ്ടാണ് മീശ എന്ന നോവലിനും എഴുത്തുകാരനും എതിരെ ഭീഷണി ഉയരുന്നത്. സംഘപരിവാരം ഉയര്‍ത്തി കാട്ടുന്ന രാമായണത്തില്‍ പോലും മീശ എന്ന നോവലിലെ കഥാപാത്രത്തേക്കാള്‍ മോശമായ സംഭാഷണങ്ങള്‍ ഉണ്ട്. രാമായണത്തിലെ നായകനായ രാമനെതിരെ പലതരത്തിലുള്ള ആക്ഷേപങ്ങളും രാവണന്‍ ഉന്നയിക്കുന്നുണ്ട്. എന്നിട്ടും വാല്‍മീകിക്കെതിരെ ഭീഷണിയുമായി ആരും എത്തിയിരുന്നില്ല. മുമ്പ് ചാക്യാര്‍ കൂത്തുകളിലും, ഓട്ടംതുള്ളലിലും ആചാരവിശ്വാസങ്ങള്‍ക്കെതിരെ അതിരൂക്ഷമായ വിമര്‍ശനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതു കേട്ട് ആരും കൂത്തുകാരനേയോ, തുള്ളല്‍കാരനേയോ ആക്രമിച്ചിട്ടില്ല. കൊളോണിയല്‍ ശക്തികള്‍ വിഭജിച്ചു രണ്ടാക്കിയ ഇന്ത്യയെ വീണ്ടും വിഭജിക്കാനാണ് സംഘപരിവാരം ഇപ്പോള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇതിനെതിരെ ഒറ്റക്കെട്ടായ പ്രതിരോധം ഉയര്‍ന്നു വരണമെന്നും സച്ചിദാനന്ദന്‍ പറഞ്ഞു. മഹത്തായ സാഹിത്യ കൃതിയായ രാമായണം വിളക്ക് കത്തിച്ചുവെച്ച് വായിക്കുന്ന സംസ്‌കാരമാണ് കേരളം പിന്തുടരുന്നതെന്നും, ഇത് ഒരു സാഹിത്യത്തെ എങ്ങിനെ മാനിക്കണം എന്നതിന്റെ ഉദാഹരണമാണെന്നും സംവാദത്തില്‍ സംസാരിച്ച കെ പി രാമനുണ്ണി പറഞ്ഞു. രാമായണം ഒരു സാഹിത്യ സൃഷ്ടിയായി അംഗീകരിക്കപ്പെട്ടുകഴിഞ്ഞതാണ്. ഇതേ കേരളത്തിലാണ് ഒരു നോവലിലെ കള്ളുകുടിയനായ ഒരു കഥാപാത്രത്തിന്റെ സംഭാഷണ ശകലങ്ങളുടെ പേരില്‍ എഴുത്തുകാരനെതിരേയും നോവലിനെതിരേയും ഭീഷണി ഉയരുന്നത്. ഇത്തരത്തില്‍ ഭീഷണി ഉയര്‍ത്തുന്നവര്‍ വിശ്വാസികളുടെ വിശ്വാസ സംരക്ഷകരല്ല. മറിച്ച്, വര്‍ഗ്ഗീയവും രാഷ്ട്രീയവുമായ അജണ്ടയാണ് ഇത്തരം പ്രവൃത്തികള്‍ക്കു പിന്നിലെന്നും രാമനുണ്ണി പറഞ്ഞു. ചടങ്ങില്‍ എം കെ അബ്ദുള്‍ ഹക്കീം അധ്യക്ഷനായിരുന്നു. പി കെ പാറക്കടവ്, അര്‍ഷാദ് ബത്തേരി, സി എസ് മീനാക്ഷി, ജാനമ്മ കുഞ്ഞുണ്ണി സംസാരിച്ചു.
Next Story

RELATED STORIES

Share it