kannur local

മതതീവ്രവാദം അംഗീകരിക്കാനാവില്ല : കോടിയേരി



കണ്ണൂര്‍: മതത്തെ മറയാക്കിയുള്ള തീവ്രവാദം അംഗീകരിക്കാനാവില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിപിഎം നിയന്ത്രണത്തിലുള്ള ന്യൂനപക്ഷ സാംസ്‌കാരിക സമിതി ജില്ലാ കോ-ഓഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ‘മുഖ്യധാര രാഷ്ട്രീയവും മുസ്്‌ലിം ന്യൂനപക്ഷങ്ങളും’ എന്ന വിഷയത്തില്‍ ജില്ലാ ബാങ്ക് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആര്‍എസ്എസ് തീവ്രവാദം പ്രചരിപ്പിക്കുന്നതും മതത്തിന്റെ പേരില്‍ തന്നെയാണ്. ഇവ രണ്ടും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ്. പള്ളികളെ വരെ തീവ്രവാദത്തിന് ഉപയോഗിക്കുന്നുണ്ട്. ഇന്ത്യയില്‍ ആര്‍എസ്എസ് വീണ്ടും അധികാരത്തിലെത്തിയത് ഹിന്ദുക്ഷേത്രങ്ങള്‍ ഉപയോഗിച്ചാണ്. വിശ്വാസത്തെ എങ്ങനെ തീവ്രവാദവുമായി ബന്ധിപ്പിച്ചു എന്നതിന്റെ ഉദാഹരണമാണ് ബാബരി മസ്ജിദിനു നേരെ നടത്തിയ കടന്നാക്രമണം. ഒരു മത തീവ്രവാദത്തെ നേരിടാന്‍ മറ്റൊരു മതത്തെ ഉപയോഗിക്കുന്നതിലൂടെ മുഖ്യധാരാ രാഷ്ട്രീയത്തില്‍ ന്യൂനപക്ഷങ്ങളെ മാറ്റിനിര്‍ത്തപ്പെടുകയാണു ചെയ്യുക. കേരളത്തിലെ ജനസംഖ്യയേക്കാള്‍ കൂടുതല്‍ മുസ്്‌ലിംകളുള്ള സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. എന്നാല്‍ തിരഞ്ഞെടുപ്പ് നടത്തിയപ്പോള്‍ ഒരു മുസ്്‌ലിം സ്ഥാനാര്‍ഥി പോലും അവിടെയുണ്ടായിരുന്നില്ല. ഭരണകൂടങ്ങളുടെ സമീപനമാണ് ഇതിനു കാരണം. ദലിത് ജനതയും വലിയ അക്രമമാണ് ഉത്തര്‍പ്രദേശില്‍ നേരിടുന്നത്. മുഹമ്മദ് നബിയുടെ ചിന്തകള്‍ക്കെതിരായാണ് ഐഎസ് പോലുള്ള സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഇസ്്‌ലാം മതത്തിന് ഒരിക്കലും തീവ്രവാദം പ്രോല്‍സാഹിപ്പിക്കാനാവില്ല. അതിനായി ചിലര്‍ മതത്തെ ഉപയോഗിക്കുന്നു. അത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. റിട്ട. ജഡ്ജ് എം എ നിസാര്‍ അധ്യക്ഷത വഹിച്ചു. ഡോ. ടി എം സിദ്ദീഖ് വിഷയാവതരണം നടത്തി. സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍, പി കെ ശ്രീമതി എംപി, എം എ സിദ്ദീഖ്, ഒ വി ജാഫര്‍, സഹീദ് റൂമി, എം ഷാജര്‍, കാത്താണ്ടി റസാഖ് സംസാരിച്ചു.
Next Story

RELATED STORIES

Share it