Flash News

മതം മാറ്റി സിറിയയിലേക്കു കടത്താന്‍ ശ്രമിച്ചെന്ന പരാതി വ്യാജമെന്നു യുവാവ്‌

നിഷാദ്  അമീന്‍

ജിദ്ദ: പത്തനംതിട്ട സ്വദേശിനിയെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തി വിവാഹം ചെയ്തു സിറിയയിലേക്കു കടത്താന്‍ ശ്രമിച്ചുവെന്ന ആരോപണം കെട്ടിച്ചമച്ചതാണെന്നും ഏതന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും മാഹി പരിമടം സ്വദേശി മുഹമ്മദ് റിയാസും പിതാവ് അബ്ദുല്‍ റഷീദും ജിദ്ദയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതുവരെ പോലിസ് തങ്ങളുമായി ബന്ധപ്പെടുകയോ, മൊഴി രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല. യുഎപിഎ ചുമത്തി അന്വേഷണം നടത്തുന്നുണ്ടെന്നും എന്‍ഐഎക്ക് കേസ് കൈമാറിയേക്കുമെന്നും മാധ്യമങ്ങളിലൂടെ അറിഞ്ഞതിന്റെ ഞെട്ടലിലാണു കുടുംബം.
കേസില്‍ രണ്ടു പേരെ എറണാകുളം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കഴിഞ്ഞ ദിവസം റിമാന്‍ഡ് ചെയ്തിരുന്നു. പറവൂര്‍ പെരുവാരം മന്ദിയേടത്ത് ഫയാസ് (23), മാഞ്ഞാലി തലക്കാട്ട് സിയാദ് (48) എന്നിവരെ കേസന്വേഷിക്കുന്ന ആലുവ ഡിവൈഎസ്പി പ്രഫുല്ല ചന്ദ്രന്റെ നേതൃത്വത്തില്‍ വീട് റെയ്ഡ് ചെയ്താണ് അറസ്റ്റ് ചെയ്തത്.
ഹേബിയസ് കോര്‍പസ് ഹരജിയില്‍ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണു മുഹമ്മദ് റിയാസിനെയും റിയാസിന്റെ ഭാര്യ അക്ഷര എന്ന ആയിഷയെയും ജിദ്ദയിലേക്കു കൊണ്ടുവന്നതെന്ന് അബ്ദുല്‍ റഷീദ് പറഞ്ഞു. ഗുജറാത്തില്‍ താമസിക്കുന്ന പത്തനംതിട്ട സ്വദേശി തെരുവംപുറത്തു വാസുദേവന്‍ ബോസിന്റെ മകളാണ് ആയിഷ. വാസുദേവന്‍ ഗുജറാത്തിലെ സ്വകാര്യ കോളജില്‍ പ്രിന്‍സിപ്പലാണ്.
2013ല്‍ ബംഗളൂരുവില്‍ പഠനം നടത്തവെയാണു റിയാസും അക്ഷരയും പ്രണയത്തിലാവുന്നത്. പിന്നീട് അക്ഷര, ഇസ്‌ലാം സ്വീകരിച്ചതായി തന്നെ അറിയിച്ചുവെന്നും എന്നാല്‍ ഇസ്‌ലാം സ്വീകരിക്കാ ന്‍ താന്‍ ഒരിക്കലും ആവശ്യപ്പെട്ടിരുന്നില്ലെന്നും റിയാസ് പറഞ്ഞു.
മൂന്നു വര്‍ഷത്തിനു ശേഷം ഇരുവീട്ടുകാരുടെയും അറിവോ സമ്മതമോ ഇല്ലാതെ ബംഗളൂരുവില്‍ സ്‌പെഷ്യല്‍ മാര്യേജ് ആക്റ്റ് പ്രകാരമാണു വിവാഹം നടത്തിയത്. ഗോവിന്ദ്പുരയിലെ മസ്ജിദ് ഫാത്തിമയില്‍ വച്ച് നിയമപരമായി നികാഹ് നടത്തി. തുടര്‍ന്നു ബംഗളൂരുവില്‍ ഒരുമിച്ചു താമസമാരംഭിച്ചു. ഗസറ്റില്‍ പേരു മാറ്റിയ വിവരം പ്രസിദ്ധീകരിച്ച് ആധാര്‍ കാര്‍ഡും ലഭിച്ചു.
ഇതിനിടെ മാതാവ് കുളിമുറിയില്‍ വീണു പരിക്കേറ്റ് ചികില്‍സയിലാണെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ആയിഷ സ്വന്തം വീട്ടിലേക്കു പോയെങ്കിലും തിരിച്ചുവന്നില്ല. പിന്നീട് ആയിഷയും മാതാപിതാക്കളും പത്തനംതിട്ടയില്‍ ഉള്ളതായി വിവരം ലഭിച്ചു. തന്നെ പിതാവ് തടങ്കലിലാക്കിയെന്നും കേസ് ഫയല്‍ ചെയ്ത് എങ്ങനെയെങ്കിലും രക്ഷപ്പെടുത്തണമെന്നും ഒരു സുഹൃത്ത് വഴി തന്നെ അറിയിച്ചുവെന്ന് ണു റിയാസ് പറയുന്നു. തുടര്‍ന്നു ഹേബിയസ് കോര്‍പസ് ഹരജി ഫയല്‍ ചെയ്തു. വിവാഹരേഖകള്‍ സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തിലും ആയിഷയുടെ താല്‍പര്യം പരിഗണിച്ചും ഭര്‍ത്താവിനൊപ്പം അയക്കാന്‍ കോടതി ഉത്തരവിട്ടു. റിയാസിന്റെ ജിദ്ദയിലുള്ള പിതാവ് അബ്ദുല്‍ റഷീദിനെ കോടതി വിളിച്ചുവരുത്തി മൊഴിയെടുത്തു.
ജസ്റ്റിസുമാരായ എ എം ഷഫീഖ്, കെ രാമകൃഷ്ണന്‍ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചിരുന്നത്. റിയാസിനു കാര്യമായ ജോലി ഇല്ലാത്തതിനാല്‍ കുടുംബം പുലര്‍ത്താന്‍ കഴിയുമോ എന്ന ആശങ്ക യുവതിയുടെ പിതാവ് ഉയര്‍ത്തിയതിനെ തുടര്‍ന്ന് 25 വര്‍ഷത്തോളമായി താന്‍ ജിദ്ദയിലാണു ജോലി ചെയ്യുന്നതെന്നും റിയാസിന് അവിടെ ജോലി നല്‍കാമെന്നും അബ്ദുല്‍ റഷീദ് ബോധിപ്പിച്ചു.
ജിദ്ദയിലേക്കു പോവുന്നതിനു മുമ്പുള്ള ഇടവേളയിലാണ്് എറണാകുളത്തെ മാഞ്ഞാലിയില്‍ വാടകവീട്ടില്‍ താമസിച്ചത്. താമസത്തിനു സഹായം ചെയ്ത രണ്ടു പേരാണ് ഇപ്പോള്‍ റിമാന്‍ഡില്‍ ആലുവ സബ് ജയിലില്‍ കഴിയുന്നത്. ഭര്‍ത്താവായ റിയാസിന് മാത്രമേ ആ്രശിത വിസയില്‍ ഭാര്യ ആയിഷയെ സൗദിയിലേക്കു കൊണ്ടുവരാനാവൂ എന്നതിനാല്‍ ആദ്യം റിയാസ് ആണു സൗദിയിലെത്തിയത്. തന്നെ തനിച്ചാക്കി പോവുന്നതില്‍ ആയിഷയ്ക്ക് നീരസമുണ്ടായിരുന്നു. പിന്നാലെ വിസിറ്റ് വിസയില്‍ ആയിഷയും സൗദിയിലെത്തി. ജിദ്ദയിലെത്തി ഒരു മാസത്തിനു ശേഷം ആയിഷയുടെ പിതാവ് ട്യൂമര്‍ ബാധിച്ചു ഗുരുതരാവസ്ഥയിലാണെന്ന് അറിയിക്കുകയും പിതാവിനെ കാണാന്‍ നാട്ടിലേക്കു പോവണമെന്ന് ആയിഷ വാശിപിടിക്കുകയുമായിരുന്നു. തുടര്‍ന്നു ടിക്കറ്റെടുത്ത് നല്‍കി യാത്രയാക്കി. പിതാവിനെ കണ്ട ശേഷം തിരിച്ചെത്താമെന്നു പറഞ്ഞ് 2017 ഒക്ടോബര്‍ നാലിനാണു പോയത്.
വാര്‍ത്താ മാധ്യമങ്ങളിലൂടെ ഐഎസ് ബന്ധം സംബന്ധിച്ച് പരാതി നല്‍കിയെന്ന വിവരം അറിഞ്ഞ് ആയിഷയുമായി മുഹമ്മദ് റിയാസ്് ബന്ധപ്പെട്ടു വിവരങ്ങള്‍ തിരക്കിയിരുന്നു. ഇതിനു ശേഷം ഫോ ണ്‍ നമ്പറുകള്‍ ബ്ലോക്ക് ചെയ്തു ഭാര്യയുമായും ഭാര്യയുടെ കുടുംബവുമായും ബന്ധപ്പെടുന്നതു തടഞ്ഞു. ആയിഷയെ മാതാപിതാക്കള്‍ തടങ്കലിലാക്കിയതായി സംശയിക്കുന്നു.
ആയിഷയെ കോടതിയില്‍ ഹാജരാക്കിയാല്‍ നിരപരാധിത്വം ബോധ്യപ്പെടും. സിറിയയിലേക്കു കടത്താന്‍ ശ്രമിച്ചുവെന്ന പരാതി പച്ചക്കള്ളമാണ്. സൗദിയില്‍ നിന്നു സിറിയയുടെ അതിര്‍ത്തി വരെ കൊണ്ടുപോയെന്നതും മറ്റൊരു സുഹൃത്തിന്റെ സഹായത്തോടെയാണ് ഇന്ത്യയിലേക്കു രക്ഷപ്പെട്ടത് എന്നുമുള്ള കഥകള്‍ കെട്ടിച്ചമച്ചതാണ്. ഒരു മാസത്തെ ജിദ്ദാ വാസത്തിനിടെ നഗരംവിട്ട് എങ്ങോട്ടും പോയിട്ടില്ല. റിയാസിനും മാതാപിതാക്കളായ തങ്ങള്‍ക്കുമൊപ്പമാണ് ആയിഷ കഴിഞ്ഞിരുന്നത്.
നാട്ടിലെത്തിയ ശേഷം കള്ളക്കഥകള്‍ മെനഞ്ഞ്് അതീവ ഗുരുതരമായ കേസില്‍പ്പെടുത്തിയതിന്റെ ഞെട്ടല്‍ മാറിയിട്ടില്ലെന്നും ഭീകരമുദ്രയടിച്ച് മാധ്യമങ്ങളില്‍ വന്ന റിപോ ര്‍ട്ട് വലിയ ആഘാതമാണു കുടുംബത്തില്‍ ഉണ്ടാക്കിയതെന്നും പിതാവ് അബ്ദുല്‍ റഷീദ് പറഞ്ഞു.
ആയിഷയെ സൗദിയിലേക്കു കൊണ്ടുപോവുന്നതിനെ പിതാവ് ശക്തമായി എതിര്‍ത്തിരുന്നു. എന്‍ഐഎയുടെ കേസില്‍ പെടുത്തുമെന്നും നാട്ടില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്നും അദ്ദേഹം തന്നെ ഭീഷണിപ്പെടുത്തിയപ്പോ ള്‍ കാര്യമായി എടുത്തിരുന്നില്ലെന്നും റിയാസിന്റെ പിതാവ് വിശദീകരിച്ചു.
Next Story

RELATED STORIES

Share it