മതം മാറ്റി ഐഎസില്‍ ചേര്‍ക്കാന്‍ ശ്രമിച്ചെന്ന കേസ് അന്വേഷിക്കാന്‍ തയ്യാറെന്ന് എന്‍ഐഎ

കൊച്ചി: മതം മാറ്റി വിവാഹം കഴിച്ച് ഐഎസില്‍ ചേര്‍ക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ഹൈക്കോടതി നിര്‍ദേശിച്ചാല്‍ അന്വേഷിക്കാന്‍ തയ്യാറാണെന്ന് എന്‍ഐഎ. ഗുജറാത്തിലെ ജാംനഗറില്‍ താമസിക്കുന്ന റാന്നി സ്വദേശിനി അക്ഷര ബോസ് ഭര്‍ത്താവായ ന്യൂ മാഹി പെരിങ്ങാണ്ടി സ്വദേശി മുഹമ്മദ് റിയാസിനെതിരേ നല്‍കിയ ഹരജിയിലാണ് എന്‍ഐഎ ഹൈക്കോടതിയില്‍ നിലപാട് വ്യക്ത—മാക്കിയത്. അതേസമയം, നിര്‍ബന്ധിത മതംമാറ്റം സംബന്ധിച്ച് അക്ഷര പരാതി നല്‍കിയിട്ടില്ലെന്നും അതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി എടുത്തില്ലെന്ന വാദം ശരിയല്ലെന്നും ചൂണ്ടിക്കാട്ടി പോലിസും വിശദീകരണ പത്രിക നല്‍കി. ബംഗളൂരുവില്‍ പഠിക്കുമ്പോള്‍ പരിചയപ്പെട്ട മുഹമ്മദ് റിയാസുമായി പിന്നീട് പ്രണയത്തിലായെന്ന് അക്ഷര ഹരജിയില്‍ പറയുന്നു. 2015 നവംബറില്‍ റിയാസ് ശാരീരിക ബന്ധം പുലര്‍ത്തുകയും അത് ചിത്രീകരിച്ച് ഭീഷണിപ്പെടുത്തി മതം മാറ്റി വിവാഹം കഴിക്കുകയും ചെയ്തു. മതം മാറി അയിഷ എന്ന പേര് സ്വീകരിച്ചു. റിയാസ് വ്യാജരേഖ ചമച്ച് ആധാര്‍ കാര്‍ഡ് ഉണ്ടാക്കി 2016 മെയ് 21നു വിവാഹം രജിസ്റ്റര്‍ ചെയ്തു. പിന്നീട് റിയാസിനെ ഭയന്ന് 2016 ഒക്ടോബര്‍ 15നു ബംഗളൂരുവില്‍ നിന്ന് അഹ്മദാബാദിലേക്ക് പോയെന്നും പറയുന്നു. എന്നാല്‍, പിതാവ് തടങ്കലിലാക്കിയെന്ന് ആരോപിച്ച് റിയാസ് നല്‍കിയ ഹരജിയില്‍ അക്ഷരയുടെ താല്‍പര്യപ്രകാരം കോടതി റിയാസിനൊപ്പം വിട്ടയച്ചു. റിയാസും മാതാപിതാക്കളും ചേര്‍ന്ന് തന്നെ ജിദ്ദയിലേക്കു കൊണ്ടുപോയി മാനസികമായും ശാരീരികമായും ഉപദ്രവിച്ചു. സിറിയയിലേക്ക് കടത്താന്‍ നീക്കമുണ്ടെന്ന് അറിഞ്ഞതോടെ രക്ഷപ്പെട്ട് അഹ്മദാബാദിലെത്തിയെന്നും തന്നെ കുടുക്കിയ സംഭവത്തെക്കുറിച്ച് എന്‍ഐഎ അന്വേഷിക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം. അക്ഷര ഗുജറാത്തില്‍ സ്ഥിരതാമസക്കാരിയാണെന്ന് ഹെഡ്ക്വാര്‍ട്ടേഴ്‌സ് എഐജി ജി ശ്രീധരന്‍ ഹൈക്കോടതിയില്‍ നല്‍കിയ വിശദീകരണ പത്രികയില്‍ പറയുന്നു. പരാതി ലഭിച്ചിട്ടില്ലെങ്കിലും കണ്ണൂര്‍, പത്തനംതിട്ട, എറണാകുളം റൂറല്‍ ജില്ലാ പോലിസ് മേധാവികളോട് അന്വേഷിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. 10 വര്‍ഷമായി റിയാസ് ബംഗളൂരുവിലും എറണാകുളത്തുമായാണ് താമസം. നേരിട്ട് അന്വേഷണം ഏറ്റെടുക്കാന്‍ കഴിയില്ലെന്നും കോടതി ആവശ്യപ്പെട്ടാല്‍ ഏറ്റെടുക്കാമെന്നുമാണ് എന്‍ഐഎ അറിയിച്ചത്. ജനുവരി 9ന് കേസ് പരിഗണിക്കാനായി മാറ്റി.
Next Story

RELATED STORIES

Share it