Flash News

മതംമാറ്റി വിദേശത്തേക്ക് കടത്താന്‍ ശ്രമം : പരാതിയില്‍ ഹൈക്കോടതി വിശദീകരണം തേടി



കൊച്ചി: നിര്‍ബന്ധിച്ച് മതംമാറ്റി വിദേശത്തേക്ക് കടത്തി ലൈംഗീക അടിമയാക്കാന്‍ ശ്രമിച്ചെന്നും സംഭവം ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അന്വേഷിക്കണമെന്നും ആവശ്യപ്പെടുന്ന ഹരജിയില്‍ ഹൈക്കോടതി വിശദീകരണം തേടി. സംസ്ഥാനസര്‍ക്കാര്‍, ഡിജിപി, കേന്ദ്രസര്‍ക്കാര്‍,  കോഴിക്കോട് റീജ്യണല്‍ പാസ്‌പോര്‍ട് ഓഫീസര്‍, എന്‍ഐഎ ന്യൂഡല്‍ഹി, എന്‍ഐഎ കൊച്ചി, മാഹി സ്വദേശി മുഹമ്മദ് റിയാസ് എന്നിവര്‍ക്കാണ് ഹൈക്കോടതി നോട്ടീസ് അയച്ചത്. വിദ്യാഭ്യാസ കാലത്ത് പരിചയപ്പെട്ട മാഹി സ്വദേശിയായ മുസ്‌ലീം യുവാവ്— നിര്‍ബന്ധിത മത പരിവര്‍ത്തനത്തിനിരയാക്കിയെന്ന് ആരോപിച്ച് ഗുജറാത്തില്‍ സ്ഥിര താമസക്കാരിയായ യുവതിയാണ് ഹരജി സമര്‍പ്പിച്ചത്. മുഹമ്മദ് റിയാസെന്ന യുവാവുമായി അടുപ്പത്തിലായ ശേഷം തന്നെ അയാളുടെ താമസ സ്ഥലത്തേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്ന് ഹരജി പറയുന്നു.  പിന്നീട് വ്യാജ ആധാറുണ്ടാക്കി കര്‍ണാടക ഹെബ്ബലിലെ മാരേജ് ഓഫീസറുടെ സഹായത്തോടെ വിവാഹം നടത്തി. ഇതിന് ശേഷം മതം പരിശീലിപ്പിച്ചു. സൗദി അറേബ്യയിലേക്ക് കൊണ്ടു പോയി  അവിടെ ലൈംഗീക അടിമയാക്കി മാറ്റാനുള്ള ശ്രമം നടത്തിയെന്നും പരാതിയില്‍ പറയുന്നു.ഒക്‌ടോബര്‍ മൂന്നിന് സിറിയയിലേക്ക് പോകാന്‍ റിയാസ് ഒരുക്കം നടത്തുന്നതിനിടെ അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു. എന്‍ഐഎ അന്വേഷണം വേണമെന്നും തന്റെ യഥാര്‍ഥ പേരുള്ള ആധാര്‍ കാര്‍ഡ് അനുവദിക്കുകയും വിവാഹം റദ്ദാക്കുകയും ചെയ്യണമെന്നും ഹരജിയില്‍ യുവതി ആവശ്യപ്പെടുന്നു. നേരത്തേ റിയാസ് നല്‍കിയ ഹേബിയസ് കോര്‍പസ് ഹരജിയില്‍ പെണ്‍കുട്ടിയെ ബന്ധുക്കള്‍ തടഞ്ഞു വച്ചതായി ആരോപിച്ചിരുന്നു. തുടര്‍ന്ന് ജനുവരിയില്‍ ബന്ധുക്കള്‍ പെണ്‍കുട്ടിയെ ഹൈക്കോടതിയില്‍ ഹാജരാക്കി. താന്‍ റിയാസിനെ വിവാഹം ചെയ്തതായും റിയാസിനോടൊപ്പം പോവാന്‍ ആഗ്രഹിക്കുന്നതായും കോടതിയെ അറിയിച്ചതിനെ തുടര്‍ന്ന് കോടതി യുവതിയെ റിയാസിനൊപ്പം അയക്കുകയായിരുന്നു.
Next Story

RELATED STORIES

Share it