Flash News

മതംമാറ്റം ഭീഷണി മൂലമെന്ന വാദം തള്ളി : ഇസ്‌ലാമിലേക്ക് മതം മാറിയ യുവതിയെ ഭര്‍ത്താവിനൊപ്പം വിടാന്‍ ഉത്തരവ്



ജോധ്പൂര്‍: ഇസ്‌ലാമിലേക്ക് നിര്‍ബന്ധിച്ച് മതംമാറ്റിയെന്ന സഹോദരന്റെ ആരോപണത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള അഭയകേന്ദ്രത്തിലേക്ക് മാറ്റിയ പെണ്‍കുട്ടിയെ ഭര്‍ത്താവിനൊപ്പം വിടാന്‍ രാജസ്ഥാന്‍ ഹൈക്കോടതി ഉത്തരവ്. 22കാരിയായ  ആരിഫ മോഡി എന്ന പായല്‍ സിങ്‌വിയെയാണ് ഭര്‍ത്താവ് ഫായിസ് മോഡിക്കൊപ്പം വിടാന്‍ കോടതി ഉത്തരവിട്ടത്. ഫായിസ് തന്റെ സഹോദരിയെ നിര്‍ബന്ധിച്ച് മതംമാറ്റിയതായി ആരോപിച്ച് ആരിഫയുടെ സഹോദരന്‍ ഹേബിയസ് കോര്‍പസ് ഹരജി നല്‍കിയിരുന്നു. തുടര്‍ന്നാണ് യുവതിയെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള നാരി നികേതനിലേക്ക് മാറ്റുകയായിരുന്നു. ആരിഫയെ നാരി നികേതനിലേക്ക് മാറ്റരുതെന്നും പ്രായപൂര്‍ത്തായായ തന്റെ കക്ഷിക്ക് സ്വന്തം താല്‍പര്യപ്രകാരം മുന്നോട്ടുപോവാന്‍ അവകാശമുണ്ടെന്നും അവരുടെ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി. തുടര്‍ന്ന് ഇക്കാര്യത്തില്‍ കോടതി അഭിപ്രായം തേടിയപ്പോള്‍ ഭര്‍ത്താവിനൊപ്പം പോവണമെന്ന് ആരിഫ ആവശ്യപ്പെടുകയായിരുന്നു. യുവതിയുടെ സഹോദരന്റെ പരാതിയില്‍ എഫ്‌ഐആര്‍ രജിസ്ട്രര്‍ ചെയ്യാന്‍ കഴിഞ്ഞ ബുധനാഴ്ച കോടതി നിര്‍ദേശം നല്‍കിയിരുന്നു. സംസ്ഥാനത്ത് മതംമാറ്റത്തിനായുള്ള നിയമ നടപടികള്‍ വ്യക്തമാക്കി മറുപടി അറിയിക്കാനും ജസ്റ്റിസുമാരായ ജികെ വ്യാസിന്റെയും എംകെ ഗാര്‍ഗിന്റെയും ബഞ്ച്  സര്‍ക്കാരിനു നിര്‍ദേശം നല്‍കിയിരുന്നു. പായല്‍ സിങ്‌വിയെ ഫായിസ് മോഡി ഭീഷണിപ്പെടുത്തി മതംമാറ്റിയെന്നും കഴിഞ്ഞ മാസം ഒക്ടോബര്‍ 25ന്  അവരെ തട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്നുമാണ് സഹോദരനും കുടുംബാംഗങ്ങളും പറയുന്നത്. വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്നും അവര്‍ ആരോപിച്ചിരുന്നു. സംഭവം ലൗ ജിഹാദ് ആണെന്നും ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ സ്‌കൂള്‍ കാലഘട്ടം മുതല്‍ പായലും ഫായിസും സുഹൃത്തുക്കളാണെന്ന് പായലിന്റെ കുടുംബാംഗങ്ങള്‍ പിന്നീട് സമ്മതിച്ചു. അതെസമയം യുവതിയെ ഭര്‍ത്താവിനൊപ്പം വിടാനുള്ള ഉത്തരവിനെത്തുടര്‍ന്ന് വലതുപക്ഷ പ്രവര്‍ത്തകര്‍ കോടതി പരിസരത്ത് പ്രതിഷേധിച്ചു.
Next Story

RELATED STORIES

Share it