മതംമാറ്റം: അംഗീകാരം നല്‍കാനുള്ള അതോറിറ്റി അനിവാര്യമെന്ന് ഹൈക്കോടതി

കൊച്ചി: ഇസ്‌ലാംമതം സ്വീകരിച്ചവര്‍ക്ക് മതംമാറ്റം സംബന്ധിച്ച് ഡിക്ലറേഷന്‍ സമര്‍പ്പിക്കാനും അംഗീകാരം നേടാനുമുള്ള അതോറിറ്റി രൂപീകരിക്കല്‍ അനിവാര്യമെന്ന് ഹൈക്കോടതി. ഇങ്ങനെയൊരു അതോറിറ്റി വരുന്നതോടെ നിലവിലുള്ള ഗൗരവതരമായ ഒരുപാട് പ്രശ്‌നങ്ങള്‍ സ്വയമേ ഇല്ലാതാവുമെന്ന് ഡിവിഷന്‍ ബെഞ്ച് വാക്കാല്‍ പറഞ്ഞു. നിയമവിരുദ്ധ സ്ഥാപനങ്ങളെ ഇല്ലാതാക്കാന്‍ ഇതു സഹായിക്കുമെന്നും നിലവിലെ സാഹചര്യം ഇത് ആവശ്യപ്പെടുന്നതായും കോടതി പറഞ്ഞു.
ക്രിസ്ത്യാനിയായി ജനിച്ച് ഹിന്ദു സ്ത്രീയെ വിവാഹം ചെയ്ത് മൂന്നു വര്‍ഷം മുമ്പ് ഇസ്‌ലാംമതം സ്വീകരിച്ച അബൂ താലിബ് എന്ന തദേവൂസിന്റെ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. മുസ്‌ലിം വ്യക്തിനിയമം (ശരീഅത്ത്) നടപ്പാക്കല്‍ നിയമത്തിലെ മൂന്ന്, നാല് വകുപ്പുകളുമായി ബന്ധപ്പെട്ട ചട്ടനിര്‍മാണം വേണമെന്നാണ് ഹരജിക്കാരന്റെ ആവശ്യം.
ഇത്തരമൊരു സംവിധാനം മുസ്‌ലിംകള്‍ക്കു മാത്രമല്ല, എല്ലാ മതക്കാര്‍ക്കും വേണമെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോര്‍ണി കോടതിയെ അറിയിച്ചു. ഒരാള്‍ മതംമാറുന്നതോടെ ഒരു വ്യക്തിനിയമത്തില്‍ നിന്ന് മറ്റൊരു വ്യക്തിനിയമത്തിലേക്ക് മാറുകയാണ്. അയാളുടെ കുടുംബം, സ്വത്തവകാശം തുടങ്ങി ഒരുപാട് കാര്യങ്ങള്‍ പരിഗണിച്ചു മാത്രമേ ചട്ടങ്ങള്‍ രൂപീകരിക്കാനാവൂ. മതംമാറല്‍ വ്യക്തിനിയമങ്ങളുമായി ബന്ധപ്പെട്ട സങ്കീര്‍ണ പ്രക്രിയയാണെന്നും അതിനാല്‍ ചട്ടരൂപീകരണത്തിന് കൂടുതല്‍ സമയം വേണമെന്നും സ്റ്റേറ്റ് അറ്റോര്‍ണി വാദിച്ചു. തുടര്‍ന്ന് കോടതി സമയം അനുവദിച്ചു.
Next Story

RELATED STORIES

Share it