Kottayam Local

മണ്‍സൂണ്‍ ആര്‍ട്ട്‌ഫെസ്റ്റ് നാളെ മുതല്‍ ജൂലൈ രണ്ടു വരെ കോട്ടയത്ത്‌



കോട്ടയം: ബെഞ്ചമിന്‍ ബെയ്‌ലി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ഡിസി ബുക്‌സിന്റെയും കോട്ടയം പബ്ലിക് ലൈബ്രറിയുടെയും സഹകരണത്തോടെ കോട്ടയം പബ്ലിക് ലൈബ്രറി, ലളിതകലാ അക്കാദമി ആര്‍ട്ട് ഗ്യാലറി, ഐതിഹ്യ ആര്‍ട്ട് ഗ്യാലറി എന്നിവിടങ്ങളിലായി നാളെ മുതല്‍ ജൂലൈ രണ്ടു വരെ മണ്‍സൂണ്‍ ആര്‍ട്ട്‌ഫെസ്റ്റ് സംഘടിപ്പിക്കും. മണ്‍സൂണ്‍ ഫെസ്റ്റിന്റെയും ചിത്ര ശില്‍പ്പ പ്രദര്‍ശനത്തിന്റെയും ഉദ്ഘാടനം കേരളാ ലളിതകലാ അക്കാദമി ചെയര്‍മാന്‍ ടി എ സത്യപാല്‍ നിര്‍വഹിക്കും. പബ്ലിക് ലൈബ്രറി വൈസ് പ്രസിഡന്റ് മാടവന ബാലകൃഷ്ണപിള്ള അധ്യക്ഷത വഹിക്കും. ലളിതകലാ അക്കാദമിയുടെ മുന്‍ ചെയര്‍മാനായിരുന്ന കെ എ ഫ്രാന്‍സിസ്, പ്രഫ. കാട്ടൂര്‍ നാരായണപിള്ള, ചിത്രകലാകാരന്‍മാരായ കെ കെ ശശി, ജി ഉണ്ണികൃഷ്ണന്‍, സിദ്ധാര്‍ഥന്‍, ഷിജോ ജേക്കബ്, മണ്‍സൂണ്‍ ഫെസ്റ്റ് ചിത്ര ശില്‍പ്പ പ്രദര്‍ശനം ക്യൂറേറ്റര്‍ ടി ആര്‍ ഉദയകുമാര്‍, ടി ശങ്കര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. ഫെസ്റ്റിന്റെ ഭാഗമായി ചിത്ര ശില്‍പ്പ പ്രദര്‍ശനങ്ങള്‍, സിവി ബാലകൃഷ്ണന്റെ എഴുത്തിന്റെ 50ാം വാര്‍ഷികാഘോഷം. സെമിനാര്‍, ചലച്ചിത്ര പ്രദര്‍ശനം, പുസ്തക പ്രദര്‍ശനം, നാടകം തുടങ്ങിയ പരിപാടികളാണ് അരങ്ങിലെത്തുന്നതെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കോട്ടയം പബ്ലിക് ലൈബ്രറി ആര്‍ട്ട് ഗ്യാലറി, ലളിതകലാ അക്കാദമി ആര്‍ട്ട് ഗ്യാലറി, ഐതിഹ്യ ആര്‍ട്ട് ഗ്യാലറി  എന്നിവിടങ്ങളിലാണ് ചിത്ര ശില്‍പ പ്രദര്‍ശനം നടക്കുക. 26 മുതല്‍ 30 വരെ ലളിതകലാ അക്കാദമിയുടെ ശേഖരത്തിലുള്ള ഡോക്യുമെന്ററി,ഫീച്ചര്‍ ഫിലിമുകള്‍ പ്രദര്‍ശിപ്പിക്കും. 25ന് രാവിലെ 10 ന് കോട്ടയം പബ്ലിക് ലൈബ്രറി മിനി ഓഡിറ്റോറിയത്തില്‍ ചിത്രകലയെ ആധാരമാക്കി സെമിനാറുണ്ടായിരിക്കും. 26 മുതല്‍ 30 വരെ ഇവിടെ ചലച്ചിത്രോല്‍സവവും നടക്കും. 27ന് വൈകീട്ട് 4.30ന് പ്രശസ്ത്ര ചിത്രകാരന്‍ മോഹന്‍ ചാലാട് അനുസ്മരണപ്രഭാഷണമുണ്ടാവും. ജൂലൈ ഒന്നിന് രാവിലെ 10 മുതല്‍ വൈകീട്ട് ഏഴുവരെ പബ്ലിക് ലൈബ്രറി ഹാളില്‍ സി വി ബാലകൃഷ്ണന്‍ രചിച്ച മുഴുവന്‍ പുസ്തകങ്ങളുടെയും പ്രദര്‍ശനം നടക്കും.  ഡോ.ബാബു ചെറിയാന്‍, ടി ആര്‍ ഉദയകുമാര്‍, വി എസ് മധു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it