Alappuzha local

മണ്‍മറഞ്ഞത് ഇന്ത്യന്‍ കാമറാലോകം ഭരിച്ചയാള്‍

ആലപ്പുഴ: അര നൂറ്റാണ്ടോളം ഇന്ത്യന്‍ കാമറാലോകം ഭരിച്ചയാളെയാണ് ആലപ്പുഴ സിവില്‍ സ്റ്റേഷന്‍ വാര്‍ഡ് വാഗീശ്വരിയില്‍ കെ കരുണാകരന്‍ എന്ന തങ്കപ്പന്റെ വിയോഗത്തിലൂടെ നഷ്ടമായത്. നിക്കോണ്‍, കാനന്‍ കാമറകളെ പോലെ ഒരു കാലത്ത് ലോകത്ത് തിളങ്ങി നിന്ന വാഗീശ്വരി കാമറ ലോകത്തിന് സംഭാവന ചെയ്തത് ഇയാളായിരുന്നു.
ഒരുകാലത്ത് ആലപ്പുഴയിലെ ചെറിയ ഷെഡ്ഡില്‍ തങ്കപ്പനും അച്ഛനും രൂപം നല്‍കിയ ഫീല്‍ഡ് കാമറകളാണ് ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളും പടമെടുക്കാന്‍ ഉപയോഗിച്ചിരുന്നത്. തേക്കിലും ആഞ്ഞിലിയിലും ഫ്രെയിമിട്ട്, പിച്ചള ചേര്‍ത്ത് രൂപപ്പെടുത്തിയ കാമറകള്‍ പ്രമുഖ ഫോട്ടോഗ്രാഫര്‍മാരെല്ലാം ഉപയോഗിച്ചിരുന്നു. ആലപ്പുഴ ടൗണിനടുത്തുള്ള കൊച്ചുകളപ്പുരയ്ക്കലിലുള്ള ചെറിയ ഷെഡ്ഡിലായിരുന്നു കാമറകള്‍ക്ക് ഇവര്‍ ജന്മം നല്‍കിയത്.
ജപ്പാനിലെ പ്രമുഖ കാമറ നിര്‍മാതാക്കള്‍ വരെ വാഗീശ്വരിയുടെ മാതൃകകള്‍ പകര്‍ത്തിയാണ് ഫീല്‍ഡ് കാമറകള്‍ക്കു രൂപം നല്‍കിയത്. ഓച്ചിറക്കാരനായ കുഞ്ഞ്കുഞ്ഞായിരുന്നു പിതാവ്. വാഗീശ്വരി ഹാര്‍മോണിയം വര്‍ക്‌സ് എന്ന സ്ഥാപനം ഇയാള്‍ നടത്തിയിരുന്നു. ഇവിടെ അവിചാരിതമായി നന്നാക്കാനായി എത്തിച്ച ഫീല്‍ഡ് കാമറയില്‍ നിന്നാണ് കാമറാ നിര്‍മാണം എന്ന ആശയത്തിലേക്കെത്തുന്നത്.
അച്ഛന്റെ സ്ഥാപനത്തില്‍ കാമറ നിര്‍മാണത്തിനു നേതൃത്വം നല്‍കിയത് കരുണാകരനായിരുന്നു. തേക്ക് തടികൊണ്ട് ഫ്രെയിമിട്ട് പിച്ചളയുടെ ക്ലിപ്പുകളും സ്‌ക്രൂവുമിട്ടുള്ള കാമറ നിര്‍മാണത്തിന് അച്ഛന്‍ കുഞ്ഞുകുഞ്ഞും കരുണാകരനെ സഹായിച്ചു. രൂപയായിരുന്നു ഒരു കാമറയ്ക്ക് വിലയിട്ടിരുന്നത്. ആവശ്യക്കാരേറിയതോടെ 24 വിദഗ്ധ തൊഴിലാളികള്‍ വാഗീശ്വരിയില്‍ പണിയെടുത്തിരുന്നു. രാജ്യം ഭരിച്ചിരുന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ ആലപ്പുഴയിലെത്തി വാഗീശ്വരി കാമറകള്‍ വാങ്ങി നാട്ടിലേക്കു കൊണ്ടുപോയതോടെ കാമറയുടെ ഖ്യാതി നാടുകടന്നു. ഇതിനിടെ ജപ്പാനില്‍ നിന്നും ജര്‍മനിയില്‍ നിന്നും ലെന്‍സ് ഇറക്കുമതി ചെയ്യുന്നതിനുള്ള ലൈസന്‍സും നേടിയിരുന്നു.
യാഷിക്കയും മിനോള്‍ട്ടയും കോണിക്കയും കാനനും നിര്‍മിച്ച കൈയിലൊതുങ്ങുന്ന കാമറകള്‍ പ്രചാരത്തിലായ 1980കളുടെ അവസാനം വരെ ആയിരക്കണക്കിനു കാമറകളാണ് വാഗീശ്വരി പുറത്തിറക്കിയത്.
നിര്‍മാണം അവസാനിപ്പിച്ച വാഗീശ്വരി കാമറകള്‍ ഇപ്പോള്‍ പുരാവസ്തു പ്രേമികളുടെ ഇഷ്ടവസ്തുവാണ്. അമേരിക്ക, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ലക്ഷങ്ങളാണ് അവയുടെ വില. പ്രായം തികയാതെ ജനിക്കുന്നവര്‍ക്കു വേണ്ടിയുള്ള ഇന്‍കുബേറ്റര്‍ കരുണാകരന്‍ സ്വന്തമായി നിര്‍മിച്ചിരുന്നു. 1990കളുടെ തുടക്കത്തില്‍ വാഗീശ്വരി കാമറ വര്‍ക്‌സിനു താഴുവീണു. കമ്പനി പ്രവര്‍ത്തിച്ചയിടം ഇപ്പോള്‍ ഓട്ടോവര്‍ക്ക് ഷോപ്പായി മാറിക്കഴിഞ്ഞു. ഭാര്യ: പരേതയായ ശശികലാദേവി. മക്കള്‍: ബേബി ബിജോ, കണ്ണന്‍. മരുമക്കള്‍; കെ വി ശശികുമാര്‍, മീര.
Next Story

RELATED STORIES

Share it