Kottayam Local

മണ്‍പാത്ര വ്യവസായത്തിന് ഉണര്‍വേകുന്നു

വൈക്കം: ഒരു കാലത്ത് വീടുകളില്‍ പാചകം ചെയ്യാന്‍ ഒഴിച്ചുകൂടാനാവത്ത ഒന്നായിരുന്നു മണ്‍പാത്രങ്ങള്‍. ഗ്യാസ് അടുപ്പുകള്‍ വ്യാപകമായതോടെ മണ്‍പാത്രങ്ങളും മണ്‍മറഞ്ഞിരുന്നു. എന്നാല്‍ പ്രതാപത്തെ ഓര്‍മിപ്പിക്കുന്ന രീതിയിലേക്ക് മണ്‍പാത്ര വ്യവസായത്തിന് ഉണര്‍വുണ്ടാവുകയാണ്. ആയുര്‍വേദം ഉള്‍പ്പെടെയുള്ള ചികില്‍സാ രീതികളില്‍ മണ്‍പാത്രങ്ങളില്‍ ഉണ്ടാക്കുന്ന ഭക്ഷണങ്ങള്‍ക്ക് ഏറെ ഗുണങ്ങളും രോഗപ്രതിരോധ ശേഷിയും ഉണ്ടെന്ന കണ്ടെത്തലുകള്‍ ഈ മേഖലയ്ക്ക് ഉണര്‍വേകിയിരിക്കുകയാണ്. ജില്ലയില്‍ മണ്‍പാത്രങ്ങള്‍ക്കു പേരുകേട്ട വൈക്ക പ്രയാര്‍ മേഖലയാണ് ഇതിന്റെ സവിശേഷത ഇന്നും നിലനിര്‍ത്തുന്നത്.
അക്കാലത്ത് ഈ മേഖലയില്‍ 40ലധികം കുടുംബങ്ങള്‍ പണിയെടുത്തിരുന്നു. എന്നാല്‍ ഇന്നത് എട്ടു കുടുംബങ്ങളിലേക്ക് ഒതുങ്ങിയിരിക്കുന്നത്. ഇതു കാണിക്കുന്നത് പുതുതലമുറ ഈ മേഖലയിലേക്ക് വരാന്‍ തയ്യാറാവാത്തതാണ്. കാരണം കാലത്തിന്റെതായ കൂലി വര്‍ധനവ് മണ്‍പാത്ര മേഖലയില്‍ ഉണ്ടായിട്ടില്ല.
ഇതിനു പരിഹാരം ഉണ്ടാക്കേണ്ടവര്‍ കാലം മാറിയതറിയാതെയുള്ള കാലഘട്ടത്തിലാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ മേഖലയില്‍ പണിയെടുക്കുന്നവര്‍ക്ക് ഏറെ പ്രചോദനമായി നിലകൊണ്ടിരുന്ന വൈക്കപ്രയാര്‍ മണ്‍പാത്ര വ്യവസായ സഹകരണസംഘം ഇന്ന് കാഴ്ചവസ്തുവായി മാറിയിരിക്കുകയാണ്.
ഏതു നിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിലാണ് ഈ കെട്ടിടം. ഇതിനെ ദയനീയമായി വീക്ഷിക്കാനേ ഇവിടെയുള്ള തൊഴിലാളികള്‍ക്ക് സാധിക്കുന്നുള്ളു. എന്നാല്‍ ഇന്ന് മുന്‍കാലങ്ങളെ അനുസ്മരിക്കുന്ന രീതിയില്‍ മണ്‍പാത്ര മേഖലയില്‍ ചില ചലനങ്ങള്‍ ഉണ്ടായി തുടങ്ങിയിട്ടുണ്ട്. കാരണം ക്ഷേത്രങ്ങളില്‍ പൊങ്കാല അര്‍പ്പണം സജീവമായതാണ് ഏറ്റവും പ്രധാനം.
പൊങ്കാല അടുപ്പുകളില്‍ ഉപയോഗിക്കുന്ന കലങ്ങള്‍ മണ്‍പാത്രങ്ങള്‍ ആണ്. കൂടാതെ നക്ഷത്ര ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിനോദസഞ്ചാര മേഖലകളിലും ഭക്ഷണ പദാര്‍ഥങ്ങള്‍ വിളമ്പുന്നതും മണ്‍പാത്രങ്ങളിലാണ്. കൂജ, കലശക്കുടം, കറിച്ചട്ടികള്‍, ചെടിച്ചട്ടികള്‍, മണ്‍കുറ്റി എന്നിവക്കെല്ലാം ഇന്ന് ആവശ്യക്കാര്‍ ഏറെയാണ്. മണ്‍കുറ്റികളാണ് കൂടുതല്‍ വിറ്റഴിക്കപ്പെടുന്നത്.
ഇതിന് ആയുര്‍വേദമാണ് സഹായകരമാവുന്നത്. കൂടാതെ മണ്‍പാത്ര മേഖലയെ സജീവമാക്കുവാന്‍ പിന്നാക്ക സമുദായ കോര്‍പറേഷന്‍ ഒരു കോടിയിലധികം രൂപയുടെ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. ഇതെല്ലാം ഈ മേഖലയെ സജീവമാക്കുമെന്ന പ്രതീക്ഷയാണ് ഉണ്ടാക്കിയിരിക്കുന്നത്.
Next Story

RELATED STORIES

Share it