kozhikode local

മണ്ണോളം കുടുംബശ്രീ കൂട്ടായ്മ; ഉദ്ഘാടനം കക്കോടിയില്‍

കോഴിക്കോട്: ലോകത്തെ മികവുറ്റതാക്കാന്‍ നമുക്കണി ചേരാം എന്ന മുദ്രാവാക്യവുമായി ലോക പരിസ്ഥിതിദിനമായ ജൂണ്‍ 5 മുതല്‍ ഒരാഴ്ചക്കാലം കുടുംബശ്രീയുടെ നേതൃത്വത്തില്‍ വനിതകള്‍ ഒത്തുചേരുന്നു. ജില്ലാമിഷന്റെ ആഭിമുഖ്യത്തിലാണ് 'മണ്ണോളം' എന്ന പേരില്‍ പരിസ്ഥിതി വാരമായി ആചരിക്കുന്നത്. ഇതിന്റെ ഭാഗമായി ജില്ലയിലെ മുഴുവന്‍ സിഡി എസ്സുകളിലും കുടുംബശ്രീ പ്രവര്‍ത്തകര്‍ പരിസ്ഥിതി സംരക്ഷണത്തിനായുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.
സാമൂഹിക വനവല്‍ക്കരണത്തിന്റെ ഭാഗമായി ജില്ലയിലെ 82 സിഡിഎസ്സുകളിലും തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ വൃക്ഷത്തൈകള്‍ വച്ച് പിടിപ്പിക്കും. വിവിധ പദ്ധതികളുടെ ഭാഗമായി നട്ട വൃക്ഷങ്ങളുടെ സംരക്ഷണം, പൊതു സ്ഥലങ്ങളില്‍ വൃക്ഷതൈ നട്ടുപിടിപ്പിക്കല്‍, ജൈവവൈവിധ്യ പാര്‍ക്കുകള്‍ നിര്‍മിക്കല്‍, ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍, പ്രകൃതി സന്ദേശയാത്ര, പ്രകൃതി സംരക്ഷണ കൂട്ടായ്മ, പ്രതിജ്ഞ, പഞ്ചായത്തിന്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ ട്രീ ഗാര്‍ഡുകള്‍ സ്ഥാപിക്കല്‍, പുഴ - തോട് സംരക്ഷണം, കുളങ്ങളുടെ പുനരുദ്ധാരണം, ജൈവവേലി നിര്‍മാണം എന്നീ പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കും. ഇതിനു പുറമെ മഴക്കുഴി നിര്‍മാണം, കോണ്ടൂര്‍ ബണ്ട് നിര്‍മാണം, ഊര്‍ജ്ജ സംരക്ഷണോപാധികളുടെ പ്രചാരണവും ബോധവല്‍ക്കരണവും സംഘടിപ്പിക്കും. മാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ നശിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ഇതിനുള്ള പരിശീലന പരിപാടികളും വാരാചരണത്തിന്റെ ഭാഗമായി നടത്തും.
പരിസ്ഥിതിദിന ക്വിസ് മല്‍സരം, ചിത്ര രചന മല്‍സരം, തെരുവ് നാടകം എന്നിവയും സംഘടിപ്പിക്കും. വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം 5ന് രാവിലെ 10 മണിക്ക് കക്കോടിയില്‍ ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ വൃക്ഷതൈ നട്ട് നിര്‍വഹിക്കും. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം രാജേന്ദ്രന്‍ അധ്യക്ഷത വഹിക്കും. തുടര്‍ന്ന് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ജില്ലാതല പരിസ്ഥിതി സെമിനാര്‍ നടക്കും. എളവനി അശോകന്‍, പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ പി ശോഭീന്ദ്രന്‍ എന്നിവര്‍ വിഷയാവതരണം നടത്തും.
Next Story

RELATED STORIES

Share it