thiruvananthapuram local

മണ്ണെണ്ണ പെര്‍മിറ്റുകള്‍ റദ്ദു ചെയ്തു: വിതരണത്തിലും ഉപയോഗത്തിലും ശ്രദ്ധിക്കണമെന്ന് മല്‍സ്യഫെഡ്

തിരുവനന്തപുരം: ദുരുപയോഗം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് സബ്‌സിഡി നിരക്കില്‍ വെള്ള മണ്ണെണ്ണ നല്‍കുന്നതിന് മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കിയിരുന്ന പെര്‍മിറ്റുകള്‍ മത്സ്യഫെഡ് റദ്ദു ചെയ്തു. തിരുവനന്തപുരം ജില്ലയിലെ മര്യനാട് മണ്ണെണ്ണ ബങ്കില്‍ നിന്നും 9 മത്സ്യത്തൊഴിലാളികള്‍ക്ക് വിതരണം ചെയ്തിരുന്ന 15 പെര്‍മിറ്റുകളാണ് റദ്ദു ചെയ്തത്. മത്സ്യബന്ധനാവശ്യങ്ങള്‍ക്ക് സബ്‌സിഡിയോടുകൂടി രണ്ടു ഘട്ടങ്ങളിലായി അനുവദിച്ചിരുന്ന 19000ത്തിലേറെ പെര്‍മിറ്റുകളില്‍ ഏതാനും ചിലത് അടുത്തിടെ ദുരുപയോഗം ചെയ്യപ്പെട്ടതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഈ നടപടി. മത്സ്യഫെഡ് അനുവദിച്ച വെള്ള മണ്ണെണ്ണ മത്സ്യത്തൊഴിലാളികള്‍ യഥാസമയം വാങ്ങേണ്ടതും അത് മത്സ്യബന്ധനത്തിന് മാത്രമായി ഉപയോഗിക്കേണ്ടതുമാണെന്ന് മത്സ്യഫെഡ് അറിയിച്ചു. മണ്ണെണ്ണ വാങ്ങുന്ന അവസരത്തില്‍ ബില്‍ വാങ്ങി കൈവശം സൂക്ഷിക്കേണ്ടതും പോലീസ് ഉള്‍പ്പെടെയുള്ളവരുടെ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുമാണ്. മത്സ്യബന്ധനത്തിന് അനുവദിച്ച മണ്ണെണ്ണ ഇതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ല. മണ്ണെണ്ണ വാങ്ങുന്നതിന് പെര്‍മിറ്റുടമ തന്നെ നേരിട്ട് നിര്‍ദ്ദിഷ്ട ബങ്കില്‍ എത്തേണ്ടതാണ്. അതിനു സാധിക്കാത്ത പക്ഷം മറ്റൊരാളെ ചുമതലപ്പെടുത്തുന്ന സമ്മതപത്രം കൂടി നല്‍കണമെന്നും മത്സ്യഫെഡ് അറിയിച്ചു മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്ക് മാത്രം ഉപയോഗിക്കേണ്ട മണ്ണെണ്ണ അനധികൃതമായി സൂക്ഷിക്കുന്നത് കുറ്റകരമാണ്. സംസ്ഥാനമൊട്ടാകെ വിവിധ ജില്ലകളില്‍ മത്സ്യഫെഡിനു കീഴില്‍ 12 മണ്ണെണ്ണ ബങ്കുകളാണ് പ്രവര്‍ത്തിച്ചു വരുന്നത്. ഇവ വഴി കുറ്റമറ്റരീതിയില്‍ മണ്ണെണ്ണ വിതരണം ചെയ്യുന്നതു സംബന്ധിച്ച മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ബന്ധപ്പെട്ട ഉദ്ദ്യോഗസ്ഥര്‍ക്കും നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it