thrissur local

മണ്ണുത്തി-തിരുവത്ര രാജപാത: കാത്തിരിപ്പിന് കാല്‍ നൂറ്റാണ്ട് പഴക്കം; പ്രതീക്ഷ കൈവിടാതെ തീരദേശവാസികള്‍

ചാവക്കാട്: മണ്ണുത്തി-തിരുവത്ര രാജപാതയെന്ന തീരദേശവാസികളുടെ സ്വപ്‌നത്തിന് കാല്‍ നൂറ്റാണ്ട് പഴക്കം. ദേശീയപാത 47 നെയും 17 നെയും ബന്ധിപ്പിച്ച് മണ്ണുത്തിയില്‍ നിന്നും തൃശൂര്‍, ഗുരുവായൂര്‍, ചാവക്കാട് വഴി തിരുവത്ര വരെ ലിങ്ക് ഹൈവേയാണ് മണ്ണുത്തി-തിരുവത്ര രാജപാത.
1987-88 കാലഘട്ടത്തില്‍ ദേശീയപാത അധികൃതര്‍ പദ്ധതി നടത്തിപ്പിനായി ചില നീക്കങ്ങള്‍ നടത്തിയിരുന്നു. വളവുതിരിവുകള്‍ ഇല്ലാതെ മണ്ണുത്തിയില്‍ നിന്നും പൂങ്കുന്നം മേല്‍പ്പാലം വഴി പുഴയ്ക്കല്‍ എത്തിയ ശേഷം കോള്‍പ്പാടം മുറിച്ച് മുള്ളൂര്‍, അന്നകര, എളവള്ളി, ഗുരുവായൂര്‍ വഴി ദേശീയപാത 17 തിരുവത്രയില്‍ വന്നു ചേരുന്നതായിരുന്നു തീരദേശവാസികളുടെ ചിരകാല സ്വപ്‌നമായ മണ്ണുത്തി-തിരുവത്ര രാജപാത. 30 മീറ്റര്‍ വീതിയില്‍ മീഡിയനുള്ള നാലുവരി ട്രാഫിക്കാണ് രാജപാതയില്‍ വിഭാവനം ചെയ്തിരുന്നത്.
മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗതയില്‍ വാഹനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ സാധ്യമായ പാതയുടെ ആകെ ദൂരം 25ല്‍ കിലോ മീറ്ററില്‍ താഴെ മാത്രമായിരുന്നു. കേന്ദ്രസര്‍ക്കാറിന്റെ പൂര്‍ണ ധനസഹായത്തോടെയുള്ള പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാറില്‍ അനുമതി തേടുകയും ചെയ്തിരുന്നു. 1990ല്‍ കേരളത്തില്‍ നടന്ന ദേശീയപാത കോണ്‍ഫറന്‍സില്‍ ഈ പാതക്കു വേണ്ടി സമ്മര്‍ദ്ദമുണ്ടായെങ്കിലും മലപ്പുറത്തെ മറ്റൊരു റോഡിനു വേണ്ടിയുള്ള വാദം സ്വപ്‌ന പദ്ധതിയെ അട്ടിമറിച്ചു.
എന്നാല്‍ കൃത്യമായ എസ്റ്റിമേറ്റ് സമര്‍പ്പിക്കാത്തതിനാല്‍ മലപ്പുറം ജില്ലയിലെ ഹൈവേയും കേരളത്തിന് നഷ്ടമായി. ദേശീയപാത അധികൃതര്‍ 23 കോടി രൂപയാണ് പദ്ധതിക്ക് അനുവദിച്ചിരുന്നത്.
ലിങ്ക് ഹൈവേക്കുള്ള സ്ഥലമെടുപ്പിന് 15 കോടി, പാലങ്ങള്‍ക്ക് അഞ്ച് കോടി, റെയില്‍വെ മേല്‍പാലത്തിന് രണ്ട് കോടി, ഫ്‌ളൈ ഓവറിന് ഒരു കോടി എന്നിങ്ങനെയായിരുന്നു കണക്ക്. ഈ പദ്ധതിയെ തകിടം മറിക്കാന്‍ മറ്റു കേന്ദ്രങ്ങളും സജീവമായി രംഗത്തു വന്നതോടെ മറ്റൊരു പദ്ധതി അവതരിപ്പിക്കപ്പെട്ടു. ഇതേ തുടര്‍ന്നാണ് മണ്ണുത്തി, കിഴക്കേകോട്ട, ചെമ്പുക്കാവ്, പാട്ടുരായ്ക്കല്‍ പൂങ്കുന്നം, കൂനംമൂച്ചി, ഗുരുവായൂര്‍ കിഴക്കെനട, പഞ്ചാരമുക്ക് മണത്തല വഴി ദേശീയപാതയില്‍ എത്തുന്ന പദ്ധതിയുണ്ടായി.
ഈ പദ്ധതി പ്രകാരം 120 ലക്ഷം രൂപ ചെലവില്‍ നിലവിലുള്ള റോഡ് വീതി കൂട്ടി ടാര്‍ ചെയ്തു. ഗുരുവായൂര്‍ നിന്നും പഞ്ചാരമുക്ക് വഴി ചാവക്കാട്ടേക്കുള്ള റോഡ് പുനര്‍നിര്‍മിച്ച് വീതി കൂട്ടി ടാര്‍ ചെയ്തതും ഈ പദ്ധതി പ്രകാരമായിരുന്നു.
ഗുരുവായൂരിന്റെ പ്രാധാന്യവും ചാവക്കാടിന്റെ വികസന സാധ്യതകളും മുന്‍നിര്‍ത്തി മണ്ണുത്തി-തിരുവത്ര രാജപാത നടപ്പിലാക്കണമെന്ന ആവശ്യം ഇപ്പോഴും ശക്തമാണ്. എന്നാല്‍ കാല്‍ നൂറ്റാണ്ട് മുമ്പ് സര്‍വെയും 23 കോടി രൂപയുടെ എസ്റ്റിമേറ്റും തയ്യാറാക്കിയിരുന്ന പദ്ധതിക്ക് ഇനി പുതിയ സര്‍വെയും എസ്റ്റിമേറ്റും വേണ്ടി വരുമെങ്കിലും അധികൃതരുടെ കടുത്ത അവഗണനയിലും മനസ്സില്‍ താലോലിക്കുന്ന സ്വപ്‌ന പദ്ധതി എന്നെങ്കിലും ഫലം കാണുമെന്ന് തന്നെയാണ് തീരദേശവാസികളുടെ പ്രതീക്ഷ.
Next Story

RELATED STORIES

Share it