thrissur local

മണ്ണുത്തി-ഇടപ്പള്ളി റോഡ് തുറന്നത് മതിയായ സൗകര്യങ്ങളില്ലാതെയെന്ന്

തൃശൂര്‍: സര്‍വീസ് റോഡുകള്‍ ഉള്‍പ്പെടെയുള്ള മതിയായ സൗകര്യങ്ങളൊരുക്കാതെയാണ് മണ്ണുത്തി-ഇടപ്പിള്ളി ടോള്‍ റോഡ് തുറന്നു പ്രവര്‍ത്തിക്കുന്നതെന്ന് മനുഷ്യാവകാശ കമ്മീഷന്‍ നിയോഗിച്ച അഭിഭാഷക കമ്മീഷന്‍ കണ്ടെത്തി. കമ്മീഷന്റെ കണ്ടെത്തലിന്റെ സാഹചര്യത്തില്‍ ടോള്‍ കമ്പനിക്കെതിരെ സമരക്കാര്‍ നിയമപോരാട്ടത്തിനൊരുങ്ങുകയാണ്.
മണ്ണുത്തി  ഇടപ്പള്ളി ടോള്‍ റോഡില്‍ സര്‍വ്വീസ് റോഡുകള്‍ നിര്‍മിച്ചിട്ടില്ലെന്നും സര്‍വ്വീസ് റോഡുകള്‍ ഇല്ലാത്തത് മനുഷ്യവകാശ ലംഘനമാണെന്നുമാണ് അഡ്വ. കമ്മീഷന്റെ പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്. എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങളും നടത്തിയെന്ന് അവകാശപ്പെടുന്ന ടോള്‍ കമ്പനി ഒരു നിര്‍മാണ പ്രവര്‍ത്തനവും തുടങ്ങിയിട്ടില്ലെന്ന് കമ്മീഷന്‍ കണ്ടെത്തിയതായി പരാതിക്കാരനായ അഡ്വ. ജോബി പുളിക്കന്‍ പറഞ്ഞു.
അഭിഭാഷക കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതിയില്‍ നിലവിലെ 15 റിട്ട് ഹര്‍ജികള്‍ ഉടനെ പരിഗണിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കും.  ടോള്‍ പ്ലാസയിലെ ഫാസ്റ്റ് ട്രാക്ക് സംവിധാനം നടപ്പാക്കാനായി മോട്ടോര്‍ വാഹന ചട്ടം ഭേദഗതി ചെയ്തതിലൂടെ ടോള്‍ കമ്പനി രണ്ടായിരം കോടിയുടെ അഴിമതി നടത്തിയിരിക്കുകയാണെന്നും പരാതിക്കാരന്‍ ആരോപിച്ചു.
കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ ടോള്‍ റോഡില്‍ 360 മരണങ്ങള്‍ സംഭവിച്ചതായും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ടോള്‍ നിശ്ചയിച്ച സമയത്ത് ഉണ്ടായിരുന്ന വാഹനങ്ങളുടെ പത്തിരട്ടിയോളം വാഹനങ്ങള്‍ ഇപ്പോള്‍ ഉള്ളതായി കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ട്.
ഇടപ്പള്ളിയില്‍ നിന്ന് ടോള്‍ റോഡില്‍ കടക്കുന്ന വ്യക്തിക്ക് ആമ്പല്ലൂര്‍ വരെ യാത്ര ചെയ്യാന്‍ ഒരു രൂപ പോലും നല്‍കേണ്ടതില്ലെന്നിരിക്കെ പുതുക്കാട് നിന്ന് ഒല്ലൂരിലേക്ക് പോകുന്ന വ്യക്തി ടോള്‍ നല്‍കണമെന്ന് പറയുന്നത് അശാസ്ത്രീയമാണെന്നും അഡ്വ. കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ട്. ഇരിങ്ങാലക്കുട ബാര്‍ അസോസിയേഷനും ഇരിങ്ങാലക്കുടയിലേയും തൃശൂരിലേയും അഭിഭാഷക സംഘടനകളും ഈ കൊള്ളക്കെതിരെ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അവരുടെ സഹായത്തോടെ സമരവും നിയമപോരാട്ടവുമായി മുന്നോട്ട് പോകുമെന്നും അഡ്വ. ജോബി പുളിക്കന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it