malappuram local

മണ്ണിടിച്ചില്‍ ദുരന്തം:വിദ്യാര്‍ഥികളുടെ തുടര്‍പഠനത്തിന് കാലിക്കറ്റ് സര്‍വകലാശാല സഹായം

പുളിക്കല്‍: കാലവര്‍ഷക്കെടുതിയില്‍ മണ്ണിടിഞ്ഞുവീണ് രക്ഷിതാക്കള്‍ മരണപ്പെട്ട കുടുംബങ്ങളിലെ കുട്ടികളുടെ തുടര്‍പഠനത്തിന് കാലിക്കെറ്റ് സര്‍വകലാശാല സഹായം നല്‍കും. ചെറുകാവ് പഞ്ചായത്തിലെ പെരിങ്ങാവ് കൊടപ്പുറത്തെയും പൂച്ചാലിലെയും രണ്ട് വിദ്യാര്‍ഥികളുടെ ബിരുദ-ബിരുദാനന്തര പഠനങ്ങള്‍ക്കാണ് വാഴ്‌സിറ്റി അവസരമൊരുക്കുന്നത്. പെരിങ്ങാവ് കൊടപ്പുറത്തെ ദുരന്തത്തില്‍ മരിച്ച ഇല്ലിപുറത്ത് ചെറാതൊടി മൂസയുടെ മകള്‍ തബ്ഷീറയുടെ ബിരുദാനന്തര പഠനത്തിന് യൂനിവേഴ്‌സിറ്റി ബോട്ടണി വിഭാഗത്തില്‍ എംഎസ്‌സി കോഴ്‌സില്‍ പ്രവേശനം നല്‍കും. ഐക്കരപ്പടി പൂച്ചാലില്‍ വീടിന് മുകളില്‍ മണ്ണിടിഞ്ഞുവീണ് രക്ഷിതാക്കളും സഹോദരനും മരണപ്പെട്ട കണ്ണനാരി അബ്ദുല്‍ അസീസിന്റെ മകന്‍ കെ മുഹമ്മദ് ഉനൈസിന്റ ബിരുദ പഠനത്തിന് വാഴയൂര്‍ സാഫി കോളജില്‍ ബിബിഎ കോഴ്‌സിനും പ്രവേശനം നല്‍കുന്നതിന് സര്‍വകലാശാല നടപടി സ്വീകരിച്ചു. സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ മുഹമ്മദ് ബഷീര്‍, രജിസ്ട്രാര്‍ ഡോ. ടി എ അബ്ദുല്‍ മജീദ് എന്നിവര്‍ കഴിഞ്ഞദിവസം ചെറുകാവിലെ പൂച്ചാലിലെയും കൊടപ്പുറത്തെയും ദുരന്ത സ്ഥലങ്ങളും ദുരന്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെയും സന്ദര്‍ശിച്ചിരുന്നു. സന്ദര്‍ശന വേളയില്‍ പ്രദേശത്തെ ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും മുഖേന തബ്ഷീറയും, മുഹമ്മദ് ഉനൈസും തങ്ങളുടെ തുടര്‍പഠനത്തിന് അവസരമൊരുക്കിത്തരണമെന്ന് വിസിയോട് നേരിട്ട് അഭ്യര്‍ഥിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞദിവസം ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗ തീരുമാനപ്രകാരം ഇരുവരുടെയും പഠനങ്ങള്‍ക്ക് പ്രവേശന നടപടികള്‍ അവസാനിച്ചിട്ടും പ്രത്യേക കേസായി പരിഗണിച്ച് തുടര്‍നടപടികള്‍ സ്വീകരിച്ചത്.

Next Story

RELATED STORIES

Share it