thiruvananthapuram local

മണ്ണിടിച്ചില്‍ ജനങ്ങളെ പരിഭ്രാന്തിയിലാക്കി

വെഞ്ഞാറമൂട്:  വെമ്പായം ഒഴുകുപാറ മാറാംകുഴി മലയില്‍ പ്രവര്‍ത്തിക്കുന്ന ക്വാറിയുടെ വശത്തുണ്ടായ വന്‍തോതിലുള്ള  മണ്ണിടിച്ചില്‍ പ്രദേശത്തെ പരിഭ്രാന്തിയിലാക്കി. സമുദ്ര നിരപ്പില്‍ നിന്നും  400 അടിയിലേറെ ഉയരത്തിലുള്ള  മലമുകളില്‍ നിന്നും നീക്കിയ ക്വാറി മാലിന്യം ഉള്‍പ്പടെയുള്ള മണ്ണ് മലയുടെ  വശത്ത് വന്‍തോതില്‍ നിക്ഷേപിച്ചിരിക്കുകയാണ്.
ഇന്നലെ രാവിലെ 11.30ന് മലമുകളില്‍ ഉഗ്രസ്‌ഫോടനം കേട്ടതിനു പിന്നാലെ വശത്തുണ്ടായിരുന്ന മണ്ണ് താഴ്‌വാരത്തേക്ക് നിരങ്ങിയിറങ്ങുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. മലയുടെ അടിവാരത്തുള്ള വിസ്തൃതമായ കുളത്തില്‍ പതിച്ച മണ്ണ് ചെളി രൂപത്തിലായി സമീപത്തെ റബര്‍ പുരയിടത്തിലേക്ക് ശക്തിയായി  ഒഴുകി. മണ്ണൊലിപ്പിന്റെ ശക്തിയില്‍ റബര്‍ മരങ്ങ ള്‍ പിഴുത് ഒഴുകി. മറുകരയില്‍ തിങ്ങിക്കൂടി മലയുടെ അടിവാരത്ത് ഇരുപതോളം കുടുംബങ്ങളുണ്ട്.
പുരയിടങ്ങളില്‍ കുട്ടികള്‍ കളിക്കുന്ന സ്ഥലങ്ങളുണ്ട്. കൂടാതെ ഇവിടെ പുല്ലരിയുന്നവര്‍, ടാപ്പിങ് ജോലിയിലുള്ളവര്‍ എന്നിവരും സജീവമാണ്. ദിവസങ്ങളായി മഴയായിരുന്നതിനാല്‍ പ്രദേശത്ത് ആരുമുണ്ടാവാതിരുന്നത് ദുരന്തം ഒഴിവായെന്ന് നാട്ടുകാര്‍ പറയുന്നു. മാണിക്കല്‍ പഞ്ചായത്ത് പരിധിയിലാണ് സംഭവ സ്ഥലം.
മലയില്‍ പ്രദേശവാസികള്‍ക്ക് അപകടകരമായ നിലയില്‍ പാറ ഖനനം നടക്കുകയാണെന്നും പ്രദേശത്തെ ജനങ്ങളുടെ ജീവനു സുരക്ഷ വേണമെന്നും ആവശ്യപ്പെട്ട് പഞ്ചായത്ത് വില്ലേജ് അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നെങ്കിലും ആരും പ്രതികരിക്കുകപോലും ചെയ്തില്ലെന്ന് നാട്ടുകാര്‍ പറയുന്നു. സംഭവങ്ങള്‍ ഉണ്ടാവുമ്പോള്‍ മാത്രം പ്രദേശത്തെ ജനങ്ങളെ കൂട്ടി സമര പരിപാടികള്‍ അരങ്ങേറുകയും പിന്നീട് സമരത്തിനു നേതൃത്വം നല്‍കിയവര്‍ അപ്രത്യക്ഷരാവുകയും ചെയ്യുന്ന അവസ്ഥയാണ് നിലവിലുള്ളതെന്നും പ്രദേശവാസികള്‍ക്ക് ജീവനില്‍ ഭയമില്ലാതെ കഴിയാന്‍ സാഹചര്യമൊരുക്കാന്‍ അധികൃതര്‍ തയ്യാറാവണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
Next Story

RELATED STORIES

Share it