kannur local

മണ്ണിടിച്ചില്‍: ഇരിട്ടി പാലത്തിന്റെ പൈലിങ് തകര്‍ച്ചാ ഭീഷണിയില്‍

ഇരിട്ടി: ഇരിട്ടി പുതിയ പാലത്തിന്റെ പൈലിങിന് ഭീഷണിയായി വീണ്ടും വന്‍ മണ്ണിടിച്ചില്‍. ശക്തമായ നീരൊഴുക്കി ല്‍ പൈലിങിനായി ഉയര്‍ത്തിയ മണ്ണ് പുഴയെടുത്തു. പൈലിങ് മറിഞ്ഞുവീഴാതിരിക്കാന്‍ പഴയ പാലത്തിന്റെ തൂണിനോട് ഇരുമ്പുദണ്ഡ് ചേര്‍ത്തുനിര്‍ത്തിയിരിക്കുകയാണ്.
പാലത്തിന്റെ പായം പഞ്ചായത്തിന്റെ ഭാഗത്തെ പൈലിങാണ് അപകടഭീഷണിയിലായത്. കഴിഞ്ഞ വര്‍ഷവും ഇതേഭാഗത്തെ പൈലിങ് പുഴയിലെ കുത്തൊഴുക്കില്‍ മറിഞ്ഞുവീണിരുന്നു. ഇവിടെ നിര്‍മിക്കേണ്ട തൂണിനുള്ള ആറു പൈലിങില്‍ ഒന്നു മാത്രമാണ് പൂര്‍ത്തിയായത്. ഇതാണ് തകര്‍ച്ചാഭീഷണിയിലായതും. ഇരിട്ടി ടൗണിനോട് ചേര്‍ന്ന ഭാഗത്തെ ആറു പൈലിങില്‍ നാലെണ്ണം പൂര്‍ത്തിയായെങ്കിലും ഇതും വെള്ളപ്പൊക്ക ഭീഷണിയിലാണ്. ഇവിടെ പൈലിങിനെയും മണ്‍തിട്ടയെയും സംരക്ഷിക്കാന്‍ സ്ഥാപിച്ച ഗാബിയന്‍ വാളിന്റെ ഒരുഭാഗവും കുത്തൊഴുക്കില്‍ ഇടിഞ്ഞുപോയി. ഇവിടെ കൂടുതല്‍ സമ്മര്‍ദം ഉണ്ടാവാതിരിക്കാന്‍ കരിങ്കല്ലുകള്‍ നിരത്തിയിരിക്കുകയാണ്. പൂര്‍ത്തിയായ നാലു പൈലിങും കമ്പി ഉപയോഗിച്ച് പരസ്പരം ബന്ധിപ്പിച്ചിരിക്കുകയാണ്. നേരത്തെ നാലു പൈലിങോടു കൂടി വെള്ളത്തില്‍ സ്ഥാപിക്കേണ്ട രണ്ടു തൂണുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കാനായിരുന്നു തീരുമാനിച്ചിരുന്നത്.
പൈലിങ് ഒഴുകിപ്പോയതിനെ തുടര്‍ന്ന് ലോകബാങ്കിന്റെ വിദഗ്ധസംഘം നിരവധി തവണ സ്ഥലം പരിശോധിച്ചാണ് പൈലിങിന്റെ എണ്ണവും ആഴവും കൂട്ടിയത്. നാലു പൈലിങ് ആറായി ഉയര്‍ത്തിയിട്ടും പുഴയില്‍ പ്രകൃതിദത്തമായ പാറ കണ്ടതിനു ശേഷവും രണ്ടു മീറ്റര്‍ താഴ്ചയാക്കാണ് നിര്‍ദേശിച്ചിരുന്നത്. ഇങ്ങനെ നടത്തിയ പൈലിങാണ് ഇപ്പോള്‍ വെള്ളപൊക്ക ഭീഷണിയിലായത്. മലയോരത്ത് കനത്ത മഴ കാരണം ഇരിട്ടി ഉള്‍പ്പെടെ മിക്ക പുഴകളും നിറഞ്ഞുകവിഞ്ഞിരിക്കുകയാണ്.
Next Story

RELATED STORIES

Share it