palakkad local

മണ്ണാര്‍ക്കാട് കോങ്ങാട് റോഡിന് ശാപമോക്ഷമായില്ല



മണ്ണാര്‍ക്കാട്: ബജറ്റില്‍ പത്തു കോടി രൂപ വകയിരുത്തിയിട്ടും ശാപമോക്ഷം ലഭിക്കാതെ മണ്ണാര്‍ക്കാട് കോങ്ങാട് ടിപ്പു സുല്‍ത്താന്‍ റോഡ്. മണ്ണാര്‍ക്കാട് മുതല്‍ ഉമ്മനഴി വരെയുള്ള ഒട്ടേറെ ഗ്രാമീണ റോഡുകളെ ബന്ധിപ്പിക്കുന്ന പ്രധാന പാത റോഡ് തകര്‍ന്നിട്ട് കാലം ഏറെയായി. പള്ളിക്കുറുപ്പ് ഹൈസ്‌കുള്‍, കാരാകുര്‍ശ്ശി ജിവിഎച്ച്എസ്എസ്, പുലാപ്പറ്റ എച്ച്എസ് തുടങ്ങിയ വിദ്യാലയങ്ങളിലേക്കുള്ള വിദ്യാര്‍ഥികള്‍ അടക്കം പ്രതിദിനം ആയിരക്കണക്കിനു പേര്‍ യാത്ര ചെയ്യുന്നതും ഈ റോഡിലൂടെയാണ്. റോഡിന്റെ തകര്‍ച്ച വന്‍ അപകടത്തിനു വഴിയൊരുക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ജീവന്‍ പണയം വച്ചാണു ഇരുചക്ര വാഹനങ്ങളുമായി ഇതുവഴി യാത്ര ചെയ്യുന്നത്. കഴിഞ്ഞതിന്റെ മുമ്പത്തെ ബജറ്റില്‍ റോഡു വികസനത്തിനു പത്തു കോടി രൂപ നീക്കി വച്ചിരുന്നെങ്കിലും പണി ആരംഭിക്കാനായില്ല. മണ്ണാര്‍ക്കാട് മുതല്‍ ഉമ്മനഴി വരെ വന്‍ ഗര്‍ത്തങ്ങളാണ് പാതയിലുള്ളത്. ടാര്‍ ചെയ്ത ഭാഗം വീതികുറവായതിനാല്‍ എതിരേ വരുന്ന വാഹനങ്ങള്‍ക്ക് വഴി മാറിക്കൊടുക്കാന്‍ കഴിയാത്ത സ്ഥിതിയും ഇവിടെയുണ്ട്. റോഡിന്റെ അരികുവശം ഉയരത്തിലായതാണ് കാരണം. വന്‍ അപകട സാധ്യത നിലനില്‍ക്കുന്ന റോഡില്‍ വലിയൊരുദുരന്തത്തിനു കാത്തു നില്‍ക്കാതെ സമയ ബന്ധിതമായി റോഡു നന്നാക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. റോഡ് വികസനത്തിനു തുക നീക്കിവച്ചിട്ടും സമയബന്ധിതമായി പണി നടത്താത്തത് ജന പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും അവഗണനയാണെന്നും ആരോപണമുണ്ട്.
Next Story

RELATED STORIES

Share it