palakkad local

മണ്ണാര്‍ക്കാട്ട് ലീഗില്‍ പിളര്‍പ്പ്; വിമത വിഭാഗത്തെ ഔദ്യോഗിക നേതൃത്വം പുറത്താക്കി

ജെസി എം ജോയ്

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട്ടെ ലീഗില്‍ പിളര്‍പ്പിന് വഴിയൊരുങ്ങുന്നു. ഏറെ നാളായി നിലനില്‍ക്കുന്ന വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് വെടിമരുന്നിട്ട് കോട്ടോപ്പാടത്തേതുള്‍പ്പടെ ലീഗ് വിമതരെ സംസ്ഥാന നേതൃത്വം ഇടപെട്ട് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. കോട്ടോപ്പാടം, മണ്ണാര്‍ക്കാട്, അലനല്ലൂര്‍, തെങ്കര പഞ്ചായത്തുകളിലെ വിമതര്‍ക്കെതിരെയാണു നടപടി.
കോട്ടോപ്പാടത്തെ വിമത ലിഗ് നേതാവ് കല്ലടി ബക്കര്‍, എസ് ടി യു ജില്ലാ ഖജാഞ്ചി അഡ്വ.നാസര്‍ കൊമ്പത്ത്, പുളിയക്കോട് ഷുക്കൂര്‍, അക്കര മുഹമ്മദ്, ഐനെല്ലി പോക്കര്‍, പാറോക്കോട് മുഹമ്മദ് എന്നിവരാണ് കോട്ടോപ്പാടം പഞ്ചായത്തില്‍ നടപടിക്ക് വിധേയരായവര്‍. പുറത്താക്കപ്പെട്ട നാസര്‍ കൊമ്പത്ത് ജില്ലാ പഞ്ചായത്ത് അലനൂര്‍ ഡിവിഷനില്‍ ലീഗ് സ്ഥാനാര്‍ഥി അഡ്വ.ടി എ സിദ്ദീഖിനെതിരെയാണ് മല്‍സരിക്കുന്നത്. പാറോക്കോട്ട് മുഹമ്മദ് അരിയൂര്‍ ബ്ലോക്ക് ഡിവിഷനില്‍ ലീഗിലെഔദ്യോഗിക സ്ഥാനാര്‍ഥി പാറശ്ശേരി ഹസനെതിരെയാണ് മല്‍സരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് കോട്ടോപ്പാടം ഡിവിനഷനില്‍ നിന്ന് വിമത ലീഗ് സ്ഥാനാര്‍ഥി പഞ്ചായത്ത് പ്രസിഡന്റ് തെക്കന്‍ അസ്മാബിയെ നേരത്തെ സസ്‌പെന്റ് ചെയ്തിരുന്നു.
പഞ്ചായത്ത് പ്രസിഡന്റിന് എതിരെയുള്ള അവിശ്വാസവുമായി ബന്ധപ്പെട്ടാണ് സസ്‌പെന്‍ഷന്‍. കല്ലടി ബക്കര്‍, ഐനെല്ലിപോക്കര്‍, അക്കര മുഹമ്മദ്, പുളിയക്കോട് ഷുക്കൂര്‍ എന്നിവര്‍ കോട്ടോപ്പാടത്തെ വിവിധ പഞ്ചായത്തുകളില്‍ വിമത ലീഗ് സ്ഥാനാര്‍ഥികളാണ്. അതേസമയം കോട്ടോപ്പാടത്തെ മറ്റ് വാര്‍ഡുകളില്‍ മല്‍സരിക്കുന്ന ലീഗ് വിമതര്‍ക്ക് പാര്‍ട്ടി അംഗത്വം ഇല്ലാത്തതിനാല്‍ നടപടി എടുക്കാനാവില്ല.
മണ്ണാര്‍ക്കാട് നാരങ്ങപ്പറ്റ വാര്‍ഡിലെ ലീഗ് വിമത സ്ഥാനാര്‍ഥി എം ജാഫര്‍, തെങ്കര പഞ്ചായത്തിലെ വിമത സ്ഥാനാര്‍ഥികളായ സി എച്ച് മുഹമ്മദ്, സിദ്ധീഖ് മണലടി, അലനല്ലൂര്‍ പഞ്ചായത്തിലെ ജാഫര്‍ എന്നിവര്‍ക്കെതിരെയും നടപടിയുണ്ട്. വിമതര്‍ക്ക് എതിരെ നടപടി വന്നതോടെ വിഭാഗീയതയുടെ വീറും വാശിയും വര്‍ധിച്ചിട്ടുണ്ട്. കാലങ്ങളായി തുടരുന്ന ലീഗിലെ മണ്ണാര്‍ക്കാട്ടെ വിഭാഗീയതയ്ക്ക് അറുതി വരുത്താനാകാതെ വന്നതോടെയാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മലപ്പുറംകാരനായ അഡ്വ. എന്‍ ഷംസുദീന്‍ ലീഗ് സ്ഥാനാര്‍ഥിയായി എംഎല്‍എ സ്ഥാനത്തെത്തിയത്.
വിഭാഗീയതയ്ക്ക് വെടിമരുന്നിട്ട് നടപടി ശക്തിയായതോടെ തിരഞ്ഞെടുപ്പില്‍ അതിന്റെ പ്രതിഫലനങ്ങള്‍ ഉണ്ടാകുന്നത് യുഡിഎഫിന്റെ തകര്‍ച്ചയ്ക്കും വഴിവെച്ചേക്കും. അതേസമയം ലീഗ് ഔദ്യോഗിക നേതൃത്വത്തിനൊപ്പമെന്ന് കോണ്‍ഗ്രസ് നേതൃത്വവും അറിയിച്ചതോടെ വിമത വിഭാഗം പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്താനാണ് സാധ്യത.
Next Story

RELATED STORIES

Share it