Kollam Local

മണ്ണയം പാലത്തിനായി കല്ലുവാതുക്കല്‍ പഞ്ചായത്ത് രംഗത്ത്

പാരിപ്പള്ളി: കല്ലുവാതുക്കല്‍ പഞ്ചായത്തില്‍ മണ്ണയം ഭാഗത്ത് ഇത്തിക്കര ആറിന് കുറുകെ പാലം വേണമെന്ന പ്രദേശവാസികളുടെ ദീര്‍ഘകാല ആവശ്യത്തിന് പിന്തുണയുമായി കല്ലുവാതുക്കല്‍ പഞ്ചായത്ത് അധികൃതര്‍ രംഗത്തെത്തി. കഴിഞ്ഞ ദിവസം ജനതാദള്‍ യുണൈറ്റഡ് ചാത്തന്നൂര്‍ മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡന്റ് മണ്ണയം നൗഷാദിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് അധികൃതര്‍ക്ക് നിവേദനം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കല്ലുവാതുക്കല്‍ പഞ്ചായത്ത് കമ്മിറ്റി ഇക്കാര്യം ചര്‍ച്ച ചെയ്ത് പ്രമേയം പാസാക്കി തുടര്‍ നടപടികള്‍ക്ക് അനുമതി നല്‍കി. മണ്ണയം വാസികള്‍ക്ക് ഓയൂരെത്താനും ഓയൂര്‍ ഉള്ളവര്‍ക്ക് കല്ലുവാതുക്കല്‍ എത്താനും നിലവില്‍ കിലോമീറ്ററുകള്‍ താണ്ടണം. എന്നാല്‍ പാലം യാഥാര്‍ഥ്യമാവുന്നതോടെ കാല്‍നടയാത്രയിലൂടെ ഇരുഭാഗങ്ങളിലേക്കും എത്തിച്ചേരാനാവും. ആറിന്റെ കോടക്കയം ഭാഗത്ത് പൊതുമരാമത്ത് വക കടത്ത് വര്‍ഷത്തില്‍ ആറ് മാസം പ്രവര്‍ത്തിക്കുന്നുണ്ട്. കടത്തില്ലാത്തപ്പോള്‍ ആറിന് കുറുകെ നടന്ന് കയറാന്‍ ശ്രമിച്ച നിരവധി പേര്‍ മുങ്ങിമരിച്ചിട്ടുണ്ട്. രണ്ട് വര്‍ഷം മുമ്പ് വിവാഹത്തില്‍ പങ്കെടുക്കാന്‍ കൊല്ലത്ത് നിന്നെത്തിയ യുവാവ് മുങ്ങിമരിച്ചതാണ് ഒടുവിലത്തെ സംഭവം. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 5ന് ഇത് സംബന്ധിച്ച് വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ എഴുകോണ്‍ പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദര്‍ശിച്ച് 44മീറ്റര്‍ നീളം, 11മീറ്റര്‍ പൊക്കം, 12മീറ്റര്‍ വീതി ഉള്ള പാലത്തിന് 15കോടിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയെങ്കിലും തുടര്‍ നടപടി ഉണ്ടായില്ല. ഇതിനിടെ വെളിനല്ലൂര്‍ പഞ്ചായത്ത് അധികൃതരും ഇത് സംബന്ധിച്ച് പ്രമേയം പാസാക്കി പൊതുമരാമത്ത് വകുപ്പിന് കൈമാറിയിരുന്നു. കൂടാതെ മണ്ണയം നൗഷാദിന്റെ നേതൃത്വത്തില്‍ നൂറ്‌പേര്‍ ഒപ്പിട്ട നിവേദനം എന്‍ കെ പ്രേമചന്ദ്രന്‍ എം പി, പൊതുമരാമത്ത് മന്ത്രി എന്നിവര്‍ക്ക് നല്‍കിയിരുന്നു.
Next Story

RELATED STORIES

Share it