Pathanamthitta local

മണ്ണടി മേഖലയിലെ കൃഷിയിടങ്ങള്‍ പലതും ഉപയോഗശൂന്യമായി

അടൂര്‍: ജലസ്രോതസ്സുകള്‍ പലതും കൈയേറി അടച്ചതോടെ മണ്ണടി മേഖലയിലെ കൃഷിയിടങ്ങള്‍ പലതും ഉപയോഗശൂന്യമായി മാറി.  നാടിന്റെ നെല്ലറയായിരുന്ന സ്ഥലങ്ങള്‍ പലതും നിലവില്‍ തരിശുഭൂമിയായി മാറിയിട്ടും അധികൃതര്‍ ഒരുനടപടിയും സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
മുല്ലുവേലി ജങ്ഷന് പടിഞ്ഞാറ് നാട്ടുവാതിക്കല്‍ കൈത്തോട് കൈയേറിയതോടെ തോട് അപ്രത്യക്ഷമാവുകയും കൃഷി ഇറക്കുന്നതിന് ജലം ലഭിക്കാത്തത് തടസ്സമാവുന്നതായും കര്‍ഷകര്‍ പരാതിപ്പെടുന്നു. കടമ്പനാട് പഞ്ചായത്തില്‍ സമാനമായ അവസ്ഥയില്‍ നിരവധി കൃഷിഭൂമിയാണ് ഉപയോഗശൂന്യമായി കിടക്കുന്നത്. കടമ്പനാട് പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ കുടുംബശ്രീ യൂനിറ്റുകള്‍ വഴി കൃഷി ഇറക്കിയെങ്കിലും ജലദൗര്‍ലഭ്യം കാരണം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നിരുന്നു. മണ്ണടി താഴത്ത്, ചിറക്കുളം എന്നിവിടങ്ങളിലെ കൃഷിയാണ് ജലം ലഭ്യമല്ലാത്തതിനെതുടര്‍ന്ന് നിര്‍ത്തേണ്ടിവന്നത്. മണ്ണടി താഴത്ത് പാടത്തേക്കുപോവുന്ന തോടിന്റെ ഒരുഭാഗം പൂര്‍ണമായും കൈയേറിക്കഴിഞ്ഞു. ഇതോടെ തോട്ടില്‍ നിന്നുള്ള വെള്ളം കൃഷിയിടത്തേക്ക് ലഭിക്കാതായി. കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കുകയും ചെയ്തു. വ്യാപകമായ തോട് കൈയേറ്റം നടന്നിട്ടും അധികൃതരുടെ ഇടപെടല്‍ നിഷ്‌കൃതമാണ്. പഞ്ചായത്തിലെ ഒരുഭാഗത്തെക്കുറിച്ചുള്ള വിവരം വില്ലേജ് രേഖകളില്‍ നിന്നുപോലും ഇല്ലാതായെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്.
ചിറക്കുളത്ത് നവീകരണം നടക്കുന്നുണ്ട്. എന്നാല്‍, ഈ കുളത്തിന്റെ ഭാഗവും കൈയേറി നികത്തിയെന്ന് ആരോപണമുണ്ട്. കുളത്തിനോട് ചേര്‍ന്നുള്ള കൃഷിയിടം നികത്താനുള്ള നീക്കം കര്‍ഷകര്‍ തടഞ്ഞിരുന്നു.
ഏഴംകുളം പഞ്ചായത്തിലെ സ്ഥിതിയും വ്യത്യസ്ഥമല്ല. ഏനാത്ത് പടിഞ്ഞാറെക്കര 13ാം വാര്‍ഡില്‍ പഞ്ചായത്ത് കഴിഞ്ഞ വര്‍ഷം നേരിട്ട് കൃഷി ഇറക്കിയിരുന്നു. എന്നാല്‍ ഈ വര്‍ഷം അധികാരികള്‍ അതിനായി ഇതുവരെയും മുന്നോട്ടുവന്നിട്ടില്ല.
Next Story

RELATED STORIES

Share it